‘കത്തിയുമായി വന്നാൽ പുഷ്പചക്രം ഞങ്ങൾ ഒരുക്കും’; ഭീഷണിയുമായി കെ.കെ. രാഗേഷ്
text_fieldsശ്രീകണ്ഠപുരം: ധീരജിനെ കൊന്ന കത്തി അറബിക്കടലിൽ എറിഞ്ഞിട്ടില്ലെന്ന പ്രകോപന മുദ്രാവാക്യം മുഴക്കിയാണ് യൂത്ത് കോൺഗ്രസ് പ്രകടനം നടത്തിയതെന്നും ആ കത്തിയുമായി മലപ്പട്ടത്ത് വന്നാൽ നിങ്ങൾക്കൊരു പുഷ്പചക്രം ഞങ്ങൾ ഒരുക്കിവെക്കുമെന്നും സി.പി.എം ജില്ല സെക്രട്ടറി കെ.കെ. രാഗേഷ്.
കോൺഗ്രസ് മലപ്പട്ടത്ത് ആക്രമണം നടത്തിയെന്നാരോപിച്ച് സി.പി.എം നടത്തിയ പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടി ഓഫിസ് ആക്രമിച്ച് ഇവിടെനിന്ന് നിങ്ങൾക്ക് പോകാൻ കഴിഞ്ഞത് സി.പി.എമ്മിന്റെ ഔദാര്യം കൊണ്ടുമാത്രമാണ്.
അഡുവാപ്പുറത്തെ സ്തൂപം തകർത്തതിൽനിന്നാണ് മലപ്പട്ടത്തെ പ്രശ്നങ്ങൾ തുടങ്ങിയതെന്നാണ് മാധ്യമങ്ങൾ പറയുന്നത്. അതിനു മുമ്പ് കോൺഗ്രസ് മാർച്ചിൽ അഡുവാപ്പുറത്തെ കോൺഗ്രസ് നേതാവ് കാണിച്ച അക്രമം മറന്നുപോകരുത്. മുഖ്യമന്ത്രിയുടെ ഫ്ലക്സ് തകർത്താൽ സ്വന്തം നാട്ടിൽ ജീവിക്കാൻ അൽപം ചിന്തിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി എം.സി. രാഘവൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.കെ. ഗോവിന്ദൻ, പി.വി. ഗോപിനാഥ്, മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രമണി, ജില്ല കമ്മിറ്റി അംഗം കെ. ജനാർദനൻ, മയ്യിൽ ഏരിയ സെക്രട്ടറി എൻ. അനിൽകുമാർ, ലോക്കൽ സെക്രട്ടറി എ. പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു. ആക്രമണത്തിൽ ജനൽ ചില്ല് തകർന്ന മലപ്പട്ടത്തെ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസും കെ.കെ. രാഗേഷ് സന്ദർശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.