ഐ.എഫ്.എഫ്.കെ തിരുവനന്തപുരത്ത് തന്നെ തുടരും; കൊച്ചിയിൽ വരുന്നത് അന്താരാഷ്ട്ര ഫിലിം സിറ്റിയെന്നും മന്ത്രി പി.സി. വിഷ്ണുനാഥ്
text_fieldsതിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (ഐ.എഫ്.എഫ്.കെ) വേദി മാറ്റുമെന്ന അഭ്യൂഹങ്ങൾക്ക് അറുതിവരുത്തി സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്. മേള തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും, ഈ വർഷം ഡിസംബറിൽ നിശ്ചയിച്ചതുപോലെ മേള തലസ്ഥാനത്ത് തന്നെ നടക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ കൊച്ചിയിൽ ജെ.സി. ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്നും ചലച്ചിത്രമേളകൾക്കായി സ്ഥിരം വേദികൾ ഒരുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തെ ചിലർ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചതാണ് ഐ.എഫ്.എഫ്.കെ വേദി മാറ്റുന്നുവെന്ന പ്രചാരണത്തിന് വഴിയൊരുക്കിയത്. സിനിമയെ ഒരു വ്യവസായമായി വികസിപ്പിക്കണമെന്ന ചലച്ചിത്ര സംഘടനകളുടെ നീണ്ടകാലത്തെ ആവശ്യമാണ് സർക്കാർ ഇതിലൂടെ നടപ്പിലാക്കുന്നത്.
കൊച്ചിയിൽ യാഥാർത്ഥ്യമാകുന്ന ജെ.സി. ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി മലയാള സിനിമകൾക്കും ഇതര ഭാഷാ ചിത്രങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ ഷൂട്ടിങ് അടക്കമുള്ള അത്യാധുനിക സൗകര്യങ്ങൾ സജ്ജീകരിക്കുന്ന ഒരു കേന്ദ്രമായിരിക്കും. തിരുവനന്തപുരം ചലച്ചിത്രോത്സവത്തിന്റെ ആസ്ഥാനമായി തന്നെ തുടരുമെന്നും ഐ.എഫ്.എഫ്.കെ തിരുവനന്തപുരത്തും പുതിയ ഫിലിം സിറ്റി കൊച്ചിയിലുമായിട്ടായിരിക്കും പ്രവർത്തിക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു. സിനിമയെ വ്യവസായമായി വളർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതിന്റെ ഭാഗമായി ചലച്ചിത്ര മേഖലയ്ക്കായി കൂടുതൽ പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

