അനധികൃത ബോർഡുകൾ ഒരാഴ്ചക്കകം നീക്കണം -ഹൈകോടതിയുടെ അന്ത്യശാസനം
text_fieldsകൊച്ചി: സംസ്ഥാനത്തെ അനധികൃത ബോർഡുകൾ ഒരാഴ്ചക്കകം നീക്കണമെന്ന് ഹൈകോടതി. തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ അന്ത്യശാസനം. ഇതുസംബന്ധിച്ച കോടതി ഉത്തരവ് ഉൾപ്പെടുത്തിയ സർക്കുലർ 48 മണിക്കൂറിനകം എല്ലാ സെക്രട്ടറിമാർക്കും ലഭ്യമാക്കാൻ തദ്ദേശഭരണ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി. ഒരാഴ്ചക്ക് ശേഷമുണ്ടാകുന്ന പരാതികളിൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാരിൽനിന്ന് പിഴ ഈടാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
ഹൈകോടതിയുടെ നിരന്തര ഇടപെടലുകളെത്തുടർന്ന് തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ ഫ്ലക്സുകൾ കുറഞ്ഞിട്ടുണ്ട്. എന്നാൽ, കൊല്ലം അടക്കം മറ്റ് മേഖലകളിൽ രാഷ്ട്രീയക്കാരുടെയും സിനിമക്കാരുടെയും ബോർഡുകൾ നിരവധിയുണ്ടെന്ന് കോടതി വിലയിരുത്തി. തുടർന്നാണ് അനധികൃത ബോർഡുകൾ നീക്കാൻ അവസാന അവസരം നൽകിയത്. ഇതുസംബന്ധിച്ച പരാതികൾ സമർപ്പിക്കുന്നതിന് പ്രത്യേക പോർട്ടൽ സജ്ജമാക്കുന്നതിന് സർക്കാർ നടപടികൾ ഫലപ്രദമായിട്ടില്ലെന്ന് അമിക്കസ് ക്യൂറി ഹരീഷ് വാസുദേവൻ ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച വിശദീകരണത്തിന് അടുത്തയാഴ്ച ഹരജി വീണ്ടും പരിഗണിക്കുമ്പോൾ തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി ഓൺലൈനിൽ ഹാജരാകാനും കോടതി ആവശ്യപ്പെട്ടു.
സെക്രട്ടേറിയറ്റിന് മുന്നിലെ കൂറ്റൻ ഫ്ലക്സ് ബോർഡ്: ‘കുറ്റക്കാരെ വെള്ളപൂശാൻ സർക്കാർ ശ്രമം’
കൊച്ചി: സെക്രട്ടേറിയറ്റിന് മുന്നിൽ കൂറ്റൻ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിന് ഉത്തരവാദികളായ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയെടുക്കില്ലെന്ന അഡീ. ചീഫ് സെക്രട്ടറിയുടെ രണ്ടാമത്തെ സത്യവാങ്മൂലവും ഹൈകോടതി തള്ളി. നടപ്പാതയിൽ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സ്ഥാപിച്ച ബോർഡുമായി ബന്ധപ്പെട്ട് അഡീ. ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ സമർപ്പിച്ച സത്യവാങ്മൂലമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വീണ്ടും തള്ളിയത്. സംഘടനയുടെ നേതാക്കളായ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ പ്രഥമദൃഷ്ട്യാ വസ്തുതയില്ലെന്നും ഫ്ലക്സ് െവച്ചത് പ്രചാരണ ഏജൻസിയാണെന്നും വിശദീകരിച്ചായിരുന്നു സത്യവാങ്മൂലം.
കുറ്റക്കാരെ വെള്ളപൂശാനും കുറ്റകൃത്യത്തിനുനേരെ കണ്ണടക്കാനുമാണ് ശ്രമമെന്ന് വിമർശിച്ച കോടതി, പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാറിന് ഒരു അവസരം കൂടി നൽകി.അച്ചടക്ക നടപടിയെപ്പറ്റി മൗനം പാലിച്ചതിന്റെ പേരിൽ അഡീ. ചീഫ് സെക്രട്ടറിയുടെ ആദ്യ സത്യവാങ്മൂലം നേരത്തേ കോടതി നിരാകരിച്ചിരുന്നു. രണ്ടാമത്തെ സത്യവാങ്മൂലം തയാറാക്കിയത് പൊലീസ് റിപ്പോർട്ടുപോലും വായിക്കാതെ അതീവ ലാഘവത്തോടെയാണെന്ന് കോടതി വിമർശിച്ചു. ബോർഡ് വെക്കാൻ പറഞ്ഞത് എംപ്ലോയീസ് അസോസിയേഷന്റെ പ്രസിഡന്റും പണം കൈമാറിയത് സെക്രട്ടറിയുമാണെന്ന് പൊലീസ് റിപ്പോർട്ടിലുണ്ട്.
ഉന്നത ഉദ്യോഗസ്ഥരായ ഇരുവർക്കുമെതിരെ കേസുമുണ്ട്. ഇത് കണക്കിലെടുക്കാതെയാണ് സത്യവാങ്മൂലം. സംഘടനാ നേതാക്കൾക്ക് നേരിട്ട് പങ്കില്ലെന്നാണ് ഇതിൽ പറയുന്നത്. കുറ്റക്കാരെ ഒരിടത്ത് സംരക്ഷിച്ചാൽ അത് മുതലെടുത്ത് മറ്റിടങ്ങളിൽ നിയമലംഘനങ്ങൾ തലപൊക്കുമെന്ന് സർക്കാർ ഓർക്കണം. ഒരാളെ സംരക്ഷിക്കാൻ നാടിനെ കുരുതികൊടുക്കുന്ന രീതിയാണിത്. കൂറ് തിരുവനന്തപുരം നഗരത്തോടാണോ അതോ മറ്റാരോടെങ്കിലുമാണോയെന്നും കോടതി ചോദിച്ചു. നിയമത്തെ ബഹുമാനിക്കുന്നിടത്താണ് തിളങ്ങുന്ന ജനാധിപത്യമുള്ളത്. എന്നാൽ, നിയമത്തെയും ജുഡീഷ്യറിയെയും വെല്ലുവിളിക്കുന്നതാണ് ഇപ്പോൾ രാഷ്ട്രീയക്കാരുടെ ഹീറോയിസം. വ്യവസായ നിക്ഷേപങ്ങളെക്കുറിച്ച് ഏറെ ചർച്ചകളുണ്ട്. പരിഷ്കൃതമായ സമൂഹത്തിലേക്ക് മാത്രമേ നിക്ഷേപങ്ങൾ വരൂ. കേരളത്തെ മുൻനിരയിലെത്തിക്കാൻ കോടതി എല്ലാ ശ്രമവും നടത്തുമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. തുടർന്ന് വിഷയം അടുത്തയാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.