ബസുകളിലെ അനധികൃത ലൈറ്റും ഫിറ്റിങ്സും നിസ്സാരമായി കാണാനാവില്ല -ഹൈകോടതി
text_fieldsകൊച്ചി: കോൺട്രാക്ട് കാര്യേജ് ബസുകളിൽ നിയമം ലംഘിച്ച് ലൈറ്റുകളും അധിക സാമഗ്രികളും ഘടിപ്പിക്കുന്നത് നിസ്സാരമായി കാണാനാവില്ലെന്ന് ഹൈകോടതി. അതേ ബസിലുള്ളവർക്കും എതിരെ വരുന്നവർക്കം മറ്റ് വാഹനങ്ങളിലുള്ളവർക്കും ഇത് സുരക്ഷാഭീഷണിയുണ്ടാക്കുന്നുണ്ട്. ഇത്തരം ബസുകൾക്ക് എങ്ങനെയാണ് രജിസ്ട്രേഷൻ അനുവദിക്കുന്നതെന്നത് സംബന്ധിച്ച് സർക്കാർ റിപ്പോർട്ട് നൽകണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു.
ഒട്ടേറെ ഉത്തരവുകളുണ്ടായിട്ടും അത് ലംഘിച്ച് വാഹന രൂപമാറ്റം നടത്തുന്നവർ പ്രത്യാഘാതങ്ങളും നേരിടണം. രജിസ്ട്രേഷനും ഫിറ്റ്നസും റദ്ദാക്കുന്ന നടപടിയിലേക്ക് കടക്കേണ്ടിവരും. ഉടമക്കും ഡ്രൈവർക്കുമെതിരെ പ്രോസിക്യൂഷൻ നടപടികളും ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
കണ്ണഞ്ചിപ്പിക്കുന്ന അനധികൃത ലൈറ്റുകൾ സ്ഥാപിച്ച് സർവിസ് നടത്തിയിരുന്ന കൊട്ടാരക്കരയിലെ രണ്ട് കോൺട്രാക്ട് കാര്യേജുകളിൽ കോടതി നിർദേശപ്രകാരം പരിശോധന നടത്തിയതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ആകെ 67,000 രൂപ പിഴ ഈടാക്കിയെന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കിയെന്നും ബോധിപ്പിച്ചു. വാഹന ബോഡി ബിൽഡിങ്ങുമായി ബന്ധപ്പെട്ട ചട്ടങ്ങളും നടപടികളും വ്യക്തമാക്കി കേന്ദ്ര സർക്കാർ കോടതിയിൽ പത്രിക സമർപ്പിച്ചിട്ടുണ്ട്. ഹരജികൾ അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.