അനധികൃത സ്വത്ത് സമ്പാദനം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെ സി.ബി.ഐ കേസ്
text_fieldsതിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെ സി.ബി.ഐ കേസെടുത്തു. ഹൈകോടതി ഉത്തരവിന് പിന്നാലെയാണ് കേന്ദ്ര അന്വേഷണ ഏജൻസിയുടെ നടപടി. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരമെന്നാണ് കേസെടുത്തത് എന്നാണ് വിവരം. എഫ്.ഐ.ആർ വെള്ളിയാഴ്ച തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ സമർപ്പിക്കുമെന്നും വിവരമുണ്ട്.
മുംബൈയിലെ മൂന്ന് കോടിരൂപ വിലയുള്ള അപ്പാർട്ട്മെന്റ്, തിരുവനന്തപുരത്തെ ഒരു കോടിയുടെ അപ്പാർട്ട്മെന്റ്, കൊല്ലം കടപ്പാക്കടയിലെ എട്ട് കോടി വിലയുളള ഷോപ്പിംഗ് കോംപ്ലക്സ് അടക്കം കെ.എം. എബ്രഹാം സമ്പാദിച്ച ആസ്തികൾ വരവിൽ കവിഞ്ഞ സ്വത്താണ് എന്നാണ് ആരോപണം. പരാതി ആദ്യം അന്വേഷിച്ചത് സംസ്ഥാന വിജിലൻസായിരുന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെ ഉദ്യോഗസ്ഥർ കെ.എം. എബ്രഹാമിന്റെ വീട്ടിൽ കയറി പരിശോധന നടത്തിയത് വലിയ വിവാദമായി. പെൻ ഡൗൺ സമരം നടത്തിയാണ് ഐ.എ.എസ് ഉദ്യോഗസ്ഥർ പ്രതിഷേധം അറിയിച്ചത്.
ജേക്കബ് തോമസ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറിയതോടെ കെ.എം.എബ്രഹാമിന് കേസിൽ ക്ലീൻ ചീറ്റ് കിട്ടി. തുടരന്വേഷണം നടത്തണമെന്ന ആവശ്യം തിരുവനന്തപുരം വിജിലൻസ് കോടതി 2017ല്‍ തള്ളി. കേസ് സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ജോമോൻ പുത്തൻ പുരക്കല്‍ 2018ല്‍ ഹൈകോടതിയെ സമീപിച്ചു. ഈ മാസം 11നാണ് കേസ് സി.ബി.ഐ അന്വേഷിക്കാൻ ഹൈകോടതി ഉത്തരവിട്ടത്. എബ്രഹാമിനെ രക്ഷിക്കാൻ ആസൂത്രിത ശ്രമം നടന്നതായി കോടതി വിലയിരുത്തി. വരവിൽ കവിഞ്ഞ സ്വത്തിന് പ്രഥമ ദൃഷ്ട്യാ തെളിവ് ഉണ്ടെന്നും കാണിച്ചാണ് കോടതി കേസ് സി.ബി.ഐക്ക് വിട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.