കരിപ്പൂർ വിമാനത്താവളത്തിൽ എമിഗ്രേഷൻ നടപടികള്‍ ഇനി 20 നിമിഷംകൊണ്ട് പൂർത്തിയാകും
text_fieldsകൊണ്ടോട്ടി: കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ പരിശോധന പൂര്‍ത്തിയാക്കാൻ യാത്രക്കാര്‍ക്ക് ഇനി അധിക സമയം കാത്തിരിക്കേണ്ട. അന്താരാഷ്ട്ര യാത്രികര്‍ക്ക് ആധുനിക സംവിധാനം പ്രയോജനപ്പെടുത്തി വെറും 20 നിമിഷങ്ങൾക്കകം പ്രത്യേകം സജ്ജമാക്കിയ ഇ-ഗേറ്റിലൂടെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. ഇതിനായി സജ്ജമാക്കിയ ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷന്‍ ട്രസ്റ്റഡ് ട്രാവലര്‍ പദ്ധതി വ്യാഴാഴ്ച മുതല്‍ നിലവില്‍ വന്നു.
കരിപ്പൂരിനു പുറമെ തിരുവനന്തപുരത്താണ് ഈ സംവിധാനം സംസ്ഥാനത്ത് നിലവില്‍ വന്നത്. കേരളത്തിലെ രണ്ടു വിമാനത്താവളങ്ങള്‍ക്കു പുറമെ അമൃത്സര്‍, ലക്നോ, തിരുച്ചിറപ്പിള്ളി വിമാനത്താവളങ്ങളിലാണ് എമിഗ്രേഷന്‍ ഫാസ്റ്റ് ട്രാക്ക് സംവിധാനം നിലവില്‍ വന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.
നിരന്തരം വിമാനയാത്ര നടത്തുന്നവര്‍ക്കാണ് പദ്ധതി പ്രയോജനപ്പെടുക. ഫാസ്റ്റ് ട്രാക്ക് സംവിധാനം ഉപയോഗപ്പെടുത്താന്‍ യാത്രക്കാര്‍ www.ftittp.mha.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും അപേക്ഷ സമര്‍പ്പിക്കുകയും വേണം. തുടര്‍ന്ന് അടുത്തുള്ള ഫോറിന്‍ റീജനല്‍ രജിസ്‌ട്രേഷന്‍ ഓഫിസുകളിലോ ഏതെങ്കിലും അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ പ്രത്യേക എമിഗ്രേഷന്‍ കൗണ്ടറുകളിലോ ബയോമെട്രിക് എൻറോൾമെന്റ് പൂര്‍ത്തിയാക്കിയാല്‍മതി.
ഓണ്‍ലൈനായി അപേക്ഷ നല്‍കിയ യാത്രക്കാര്‍ക്ക് ഈ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലും പ്രത്യേക സൗകര്യങ്ങളുണ്ട്. തുടര്‍ന്ന് വിമാനത്താവളത്തിലെ നാല് ഇ-ഗേറ്റുകളിലൂടെ വേഗത്തില്‍ പുറത്തുകടക്കാം. ഇതിനു പുറമെ നേരത്തേ വിമാനത്താവളത്തിലുണ്ടായിരുന്ന 26 എമിഗ്രേഷന്‍ കൗണ്ടറുകള്‍ 54 ആക്കി ഉയര്‍ത്തിയിട്ടുമുണ്ട്. ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷന്‍ സംവിധാനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് www.bio.gov.in, india.ftittp-bio@mha.gov.in എന്നീ വിലാസങ്ങളില്‍ ബന്ധപ്പെടാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.