പിന്നോക്ക വിദ്യാർഥികളുടെ ആത്മാഭിമാന സംരക്ഷണത്തിന് വേണ്ടി രോഹിത് ആക്ട് നടപ്പിലാക്കണം -റസാഖ് പാലേരി
text_fieldsതിരുവനന്തപുരം: കാമ്പസുകളിൽ പിന്നോക്ക വിഭാഗം വിദ്യാർഥികളുടെ ആത്മാഭിമാനം തകർക്കപ്പെടുമ്പോൾ അതിന് തടയിടാനായി രോഹിത് ആക്ട് നടപ്പിലാക്കൽ അനിവാര്യമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി പറഞ്ഞു. രോഹിത് ആക്ട് എന്ന ആവശ്യം കേരളത്തിലെ കാമ്പസുകളിലുള്ള വിവേചനങ്ങളുടെ ആഴങ്ങളിലേക്ക് സാമൂഹിക ശ്രദ്ധ ക്ഷണിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടക്കാട്ടി. കാമ്പസുകളിലെ ജാതീയ-വംശീയ വിവേചനങ്ങൾ അവസാനിപ്പിക്കുക, കേരളത്തിൽ രോഹിത് ആക്‌ട് നടപ്പിലാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് നഈം ഗഫൂർ നയിച്ച സമര ജാഥയുടെ സമാപന സമ്മേളനം പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്‍റ് നഈം ഗഫൂർ അധ്യക്ഷത വഹിച്ചു.
എച്ച്.സി.യുവിൽ രോഹിത് വെമുലയുടെ കോ സ്കോളർ ആയിരുന്ന ദൊന്ത പ്രശാന്ത്, ഫ്രറ്റേണിറ്റി ദേശീയ പ്രസിഡന്‍റ് റമീസ് ഇ.കെ, ദലിത് ആക്ടിവിസ്റ്റുകളായ കെ.കെ.ബാബുരാജ്, കെ.അംബുജാക്ഷൻ, കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്‍റ് പി. രാമഭദ്രൻ, രോഹിത് മൂവ്മെന്‍റ് അംഗം ആശ ശശിധരൻ, തീരഭൂസംരക്ഷണ സമിതി ചെയർപേഴ്സൺ മാഗ്ലിൻ പീറ്റർ, എ.കെ.സി.എച്ച്.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ.സജീവ്, അണ്ണാ ഡി.എച്ച്.ആർ.എം നേതാവ് ബൈജു പത്തനാപുരം, സാമൂഹിക പ്രവർത്തകൻ അജിമോൻ ചാലേക്കേരി, കേരള സാംബവ സഭ ജനറൽ സെക്രട്ടറി മഞ്ചയിൽ വിക്രമൻ, വിമൻ ജസ്റ്റിസ് മൂവ്മെന്‍റ് സംസ്ഥാന വൈസ് പ്രസിഡന്‍റ് മുബീന വാവാട്, എം.ബി.സി.വൈ.എഫ് ജനറൽ സെക്രട്ടറി നിഷാന്ത് .എസ്, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അബ്ദുല്ല നേമം എന്നിവർ സംസാരിച്ചു. ഗോപു തോന്നക്കൽ സ്വാഗതവും ഷാഹിൻ തൻസീർ നന്ദിയും പറഞ്ഞു. നിതിൻ രാജിന്‍റെ മുഴുവൻ കുറ്റവാളികളെയും ഉടൻ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള ബാനർ സമ്മേളന വേദിയിൽ ഉയർത്തി. നേരത്തെ സമ്മേളനത്തിന് മുന്നോടിയായി പ്രസ്‌ക്ലബ്ബിൽ നിന്നും പാളയത്തേക്ക് വിദ്യാർത്ഥി-യുവജന റാലി സംഘടിപ്പിച്ചിരുന്നു. രോഹിത് വെമുല, നജീബ് അഹമ്മദ്, നിതിൻ രാജ് അടക്കം കാമ്പസുകളിൽ ജാതി-വംശീയ വിവേചനങ്ങൾക്കിരയായവരുടെ കട്ടൗട്ടുകൾ റാലിയിൽ ഉയർത്തി.
മെയ് 16ന് കാസർകോട് നിന്നാണ് സമര ജാഥ ആരംഭിച്ചിരുന്നത്. 14 ജില്ലകളിലും പര്യടനം നടത്തിയ ജാഥക്ക് ജില്ല ആസ്ഥാനങ്ങൾ, മണ്ഡലം കേന്ദ്രങ്ങൾ, കേരള സെൻട്രൽ യൂനിവേഴ്‌സിറ്റി, മെഡിക്കൽ കോളജുകൾ, പ്രാദേശിക യൂനിറ്റുകൾ എന്നിവിടങ്ങളിലെല്ലാം സ്വീകരണം ലഭിച്ചു. കാമ്പസുകളിൽ സാമൂഹിക വിവേചനം നേരിട്ട നിതിൻ രാജിന്‍റെ കുടുംബം, ഹിജാബിന്‍റെ പേരിൽ മാറ്റിനിർത്തപ്പെട്ട എറണാകുളം സെന്‍റ്. റീത്താസ് സ്കൂളിലെ വിദ്യാർഥിനിയുടെ കുടുംബം തുടങ്ങിയവരെയും ജാഥ സംഘം സന്ദർശിച്ചു. അട്ടപ്പാടി മധുവിന്‍റെ അമ്മ മല്ലിയമ്മയടക്കമുള്ളവർ വിവിധ കേന്ദ്രങ്ങളിലായി ജാഥയെ വരവേൽക്കാനായി എത്തിയിരുന്നു. രോഹിത് ആക്ട് എത്രയും വേഗം നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെങ്കിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്‍റ് പ്രക്ഷോഭം ശക്തമാക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് നഈം ഗഫൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

