ഡി.സി.സി പ്രസിഡന്റിനെ കൈയേറ്റം ചെയ്ത സംഭവം; നേതാക്കൾക്കെതിരെ പോസ്റ്റർ
text_fieldsസുൽത്താൻ ബത്തേരി: പുൽപള്ളി മുള്ളൻകൊല്ലിയിൽ ഡി.സി.സി പ്രസിഡന്റിനെ കഴിഞ്ഞദിവസം കൈയേറ്റം ചെയ്ത സംഭവത്തെതുടർന്ന് നീറിപ്പുകഞ്ഞ് കോൺഗ്രസ്. സംഭവത്തെതുടർന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അടക്കമുള്ള നേതാക്കൾക്കെതിരെ ബീനാച്ചിയിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ബിനാച്ചിയിൽ മധ്യപ്രദേശ് സർക്കാറിന്റെ കാപ്പിത്തോട്ടത്തിനു സമീപമുള്ള വൈദ്യുതി പോസ്റ്റിലാണ് പോസ്റ്ററുകൾ പതിച്ചത്. ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച വെളുപ്പിനോ ആണ് സംഭവം.
ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, കെ.പി.സി.സി അംഗം കെ.എൽ. പൗലോസ്, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ എന്നിവരുടെ ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്. ഡി.സി.സി പ്രസിഡന്റിനെ മർദിക്കാൻ കൂട്ടുനിന്ന ഇവരെ പാർട്ടിയിൽനിന്ന് പുറത്താക്കുക, ക്രിമിനൽസ് എന്നിങ്ങനെയാണ് പോസ്റ്ററിൽ എഴുതിയിട്ടുള്ളത്.
സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി ഏരിയയിൽ ഉൾപ്പെട്ട സ്ഥലത്താണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞദിവസം ബത്തേരിയിൽ കോൺഗ്രസിന്റെ വികസന സെമിനാർ നടന്നു. ഇതിൽ ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ പങ്കെടുത്തിരുന്നു. മുള്ളൻകൊല്ലിയിലെ കൈയാങ്കളി സംഭവത്തിനുശേഷമായിരുന്നു ബത്തേരിയിലെ വികസന സെമിനാറിന് പ്രസിഡന്റ് എത്തിയത്. ഐ.സി. ബാലകൃഷ്ണൻ, കെ.എൽ. പൗലോസ് എന്നിവരെല്ലാം സെമിനാറിൽ പങ്കെടുത്തു. അപ്പോഴൊന്നും യാതൊരു അപസ്വരങ്ങളും ഉണ്ടായിരുന്നില്ല.
മുമ്പ് സുൽത്താൻ ബത്തേരി അർബൻ ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തിൽ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് അപ്പച്ചനെ ഫോണിൽ അസഭ്യം പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. പിന്നീട് പ്രശ്നങ്ങളൊക്കെ പരിഹരിക്കപ്പെട്ടു എന്നാണ് കോൺഗ്രസ് നേതൃത്വം അറിയിച്ചത്. ഇരു നേതാക്കളും പല വേദികളിലും ഒരുമിച്ച് പങ്കെടുക്കുകയും ചെയ്തു.
അതുകൊണ്ടുതന്നെ ഇപ്പോഴുള്ള പോസ്റ്റർ കോൺഗ്രസ് പ്രവർത്തകരെ ആശയക്കുഴപ്പത്തിലാക്കുന്നവയാണ്. മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിനോ കടുപ്പിലിനെ തൽസ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ രംഗത്തുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് മുള്ളൻകൊല്ലിയിൽ കഴിഞ്ഞ ദിവസം സംഘർഷത്തിൽ കലാശിച്ചത്.
പാർട്ടിക്കുള്ളിലെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കെ.പി.സി.സി പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കൾ ചൊവ്വാഴ്ച വയനാട്ടിലെത്തും. ഇവർ കൽപറ്റയിൽവെച്ച് മുള്ളൻകൊല്ലിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്നാണ് സൂചന. കൽപറ്റ ചന്ദ്രഗിരിയിൽ നടക്കുന്ന പാർട്ടി പരിപാടിയിലും നേതാക്കൾ പങ്കെടുക്കും.
"ബത്തേരിയിലെ കോൺഗ്രസ് പ്രവർത്തകർക്ക് ബന്ധമില്ല'
സുൽത്താൻ ബത്തേരി: ബീനാച്ചിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ ബത്തേരിയിലെ കോൺഗ്രസ് പ്രവർത്തകർക്ക് ബന്ധമില്ലെന്ന് മണ്ഡലം പ്രസിഡന്റ് അഡ്വ. സതീഷ് പൂതിക്കാട് പറഞ്ഞു.
ബീനാച്ചിയിൽ തന്റെ വീട്ടിലേക്കു പോകുന്ന റോഡിന് അൽപം അകലെയായാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ദൂരെനിന്നു വന്നവർ പോസ്റ്റർ ഒട്ടിച്ചു പോകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.