'പൊലീസുകാരെ പുറത്താക്കുംവരെ എം.എൽ.എമാരുടെ അനിശ്ചിതകാല സത്യാഗ്രഹം'; മുഖ്യമന്ത്രി സ്റ്റാലിൻ ചമഞ്ഞാൽ ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശൻ
text_fieldsവി.ഡി. സതീശൻ
തിരുവനന്തപുരം: പൊലീസ് അതിക്രമങ്ങളെ കുറിച്ച് പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയത്തിലുള്ള ചർച്ചയിൽ ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ രൂക്ഷവിമർശനം. മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി പദം ഒഴിയണമെന്ന് സതീശൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്റ്റാലിൻ ചമഞ്ഞാൽ ചോദ്യം ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
മർദിച്ച പൊലീസുകാരെ പുറത്താക്കുമോ എന്നാണ് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത്. കുറ്റക്കാരെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. പൊലീസുകാർ ഒരു കുറ്റവും ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് അവരെ സസ്പെൻഡ് ചെയ്തത്. പൊലീസ് മർദനത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ കേരള സമൂഹം ശക്തമായി പ്രതിഷേധിക്കുകയാണ്. ജനങ്ങളുടെ സഹായിയായി കൂടെ നിൽക്കേണ്ടവരാണ് പൊലീസ്. പരാതി കൊടുത്തയാളുടെ കൈ പൊലീസുകാർ ഒടിച്ച സംഭവം വരെയുണ്ട്.
അക്രമികാരികളായ പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കും വരെ യു.ഡി.എഫിന്‍റെ രണ്ട് എം.എൽ.എമാരായ സനീഷ് കുമാറും എ.കെ. അഷ്റഫും നിയമസഭക്ക് മുമ്പിൽ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹം ഇന്ന് ആരംഭിക്കും. മുഖ്യമന്ത്രിയുടെ നീണ്ടുനിൽക്കുന്ന പ്രഭാഷണത്തിനല്ല പ്രതിപക്ഷം കാത്തിരിക്കുന്നത്. പൊലീസ് മർദനത്തിൽ 12 ദിവസമായി മിണ്ടാതിരിക്കുന്ന മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സുജിത്തിനെതിരെ എടുത്തതെല്ലാം നിസാരകേസുകളാണ്. മദ്യപിച്ചെന്ന് വരെ കള്ളക്കേസുണ്ടാക്കി. ക്രൂരമർദനത്തെ നാണമില്ലാതെ ന്യായീകരിക്കുന്നു. നിരപരാധിയായ സ്ത്രീയോട് കക്കൂസിൽ പോയി വെള്ളം കുടിക്കാൻ പറഞ്ഞു. കേരളത്തിലേത് നാണംകെട്ട പൊലീസ് ആണിതെന്നും സതീശൻ കുറ്റപ്പെടുത്തി.
പൊലീസിന് ഏരിയ സെക്രട്ടറിയെയും ജില്ലാ സെക്രട്ടറിയെയും പേടിയാണ്. പൊലീസിൽ രാഷ്ട്രീയം കുത്തിക്കയറ്റി പഴയകാല സെൽ ഭരണത്തിന്‍റെ ഓർമകളിലേക്ക് കേരളത്തെ കൊണ്ടുപോകുകയാണ്. പൊലീസ് മർദനവുമായി ബന്ധപ്പെട്ട കേസുകളിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സർവീസിൽ വെക്കരുത്. സർവീസിൽ നിന്ന് പുറത്താക്കും വരെ പ്രതിപക്ഷ സമരം തുടരുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
പൊലീസ് മർദനത്തെ കുറിച്ച് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിലാണ് നിയമസഭയിൽ രണ്ട് മണിക്കൂർ ചർച്ചക്ക് സംസ്ഥാന സർക്കാർ സമ്മതിച്ചത്. പ്രതിപക്ഷത്ത് നിന്ന് എം.എൽ.എയായ റോജി എം. ജോൺ ആണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്.
സമൂഹം വലിയ തോതിൽ ചർച്ച ചെയ്ത വിഷയമായതിനാൽ നിയമസഭയും ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ വ്യക്തമാക്കി. പൊലീസ് അതിക്രമങ്ങൾ ആഭ്യന്തര വകുപ്പിനെയും ഇടത് സർക്കാറിനെയും വെട്ടിലാക്കുന്ന സാഹചര്യത്തിലാണ് പിണാറായി സർക്കാർ വിഷയം നിയമസഭയിൽ ചർച്ച ചെയ്യാൻ സമ്മതിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.