ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ ഫെറി നീറ്റിലിറക്കി
text_fieldsഇന്ത്യ തദ്ദേശീയമായി കൊച്ചി കപ്പൽശാലയിൽ നിര്‍മിച്ച ആദ്യ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ഫെറി
കൊച്ചി: ഇന്ത്യ തദ്ദേശീയമായി കൊച്ചി കപ്പൽശാലയിൽ നിര്‍മിച്ച ആദ്യ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ കറ്റമരൻ ഫെറി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ്ഓഫ് ചെയ്തു. തമിഴ്നാട് തൂത്തുക്കുടിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടത്തിയ ചടങ്ങിൽനിന്ന് വെര്‍ച്വലായാണ് പ്രധാനമന്ത്രി പങ്കെടുത്തത്. ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ് ഇത് സര്‍വിസ് നടത്തുക. ഹരിതനൗക പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ബോട്ടാണിത്. കപ്പൽശാലയിൽ നടന്ന ചടങ്ങില്‍ ഹൈബി ഈഡൻ എം.പി, കൊച്ചിന് ഷിപ്യാഡ് സി.എം.ഡി മധു എസ്. നായര്‍, ഡയറക്ടര്‍-ഓപറേഷന്‍സ് ശ്രീജിത് നാരായണന്, ഡയറക്ടര്‍-ഫിനാന്‍സ് വി.ജെ. ജോസ്, ഡയറക്ടര്‍-ടെക്നിക്കല്‍ ബിജോയ് ഭാസ്കര്‍ എന്നിവര്‍ പങ്കെടുത്തു.
ഒരുമാസത്തിനുശേഷം ഫെറി വാരാണസിയിലേക്ക് കൊണ്ടുപോകുമെന്ന് മധു എസ്. നായർ മാധ്യമങ്ങളോട് പറഞ്ഞു. അതുവരെ കൊച്ചിയില്‍ പരീക്ഷണ ഓട്ടം നടക്കും. 2070ഓടെ ഇന്ത്യയില്‍ ഹരിതഗൃഹ വാതകങ്ങള്‍ മൂലമുള്ള മലിനീകരണം ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തിന്റെ ഭാഗമായി പൈലറ്റ് പദ്ധതിയായാണ് ഹൈഡ്രജന്‍ ഫെറി നിര്‍മിച്ചത്. മാരിടൈം ഇന്ധനമായി ഹൈഡ്രജനെ സ്വീകരിക്കാനുള്ള ശ്രമങ്ങളുടെകൂടി ഭാഗമാണിത്.
കൊച്ചി, കൊല്ലം, അസം, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഹൈഡ്രജന്‍ യാനം ഫെറി സര്‍വിസിനായി ഉപയോഗപ്പെടുത്താന്‍ ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റി ശ്രമം ആരംഭിച്ചിട്ടുണ്ട്. ശബ്ദമില്ലാതെ ഓടുന്ന ഈ ബോട്ട് മലിന വാതകങ്ങളൊന്നും പുറന്തള്ളുന്നില്ല. യാനങ്ങളുടെ നിര്‍മാണം സംബന്ധിച്ച് സ്വദേശത്തുനിന്നും വിദേശത്തുനിന്നും അന്വേഷണങ്ങള്‍ വന്നിട്ടുണ്ടെന്നും പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ഫെറി
കാഴ്ചയിൽ കൊച്ചി വാട്ടർ മെട്രോയുടെ മാതൃകയിലുള്ള ബോട്ടാണിത്. അതേ സുരക്ഷ സംവിധാനങ്ങളെല്ലാം ഇതിലുമുണ്ട്. ഹൈഡ്രജൻ ഫ്യൂവൽ സെൽ വൈദ്യുതിയിലാണ് പ്രവർത്തനം. 24 മീ. നീളമുള്ള, 50 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ട് പൂര്‍ണമായും ശീതീകരിച്ചതാണ്. 6.5 നോട്ട്സ് ആണ് സർവിസ് സ്പീഡ്. ബോട്ടിലെ അഞ്ച് സിലിണ്ടറുകളിലായി 350 ബാർ മർദത്തിൽ സൂക്ഷിച്ചിരിക്കുന്ന ഹൈഡ്രജൻ വാതകം ഫ്യൂവൽ സെല്ലിലേക്ക് കടത്തിവിട്ട് വൈദ്യുതി ഉൽപാദിപ്പിച്ചാണ് പ്രവർത്തനം. എട്ട് മണിക്കൂറോളം പ്രവര്‍ത്തിക്കാന്‍ ഇത് സഹായിക്കും. മൂന്ന് കിലോവാട്ടിന്റെ സോളാര്‍ പാനലും ഘടിപ്പിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.