ബൈപാസ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അന്തർസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
text_fieldsആലപ്പുഴ: ദേശീയപാത വികസന ഭാഗമായി ആലപ്പുഴ ബീച്ചിൽ സമാന്തര ബൈപാസ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അന്തർസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ഝാർഖണ്ഡ് സോൻപോർക്ക് ഹെരിഗവാൻ പൊലീസ് സ്റ്റേഷനു സമീപം ശിവനാഥ് ശർമയുടെ മകൻ രാജ്കുമാർ ശർമയാണ് (22) മരിച്ചത്.
ശനിയാഴ്ച ഉച്ചക്ക് 1.45ന് ആലപ്പുഴ വനിത-ശിശു ആശുപത്രിക്ക് സമീപം റെയിൽവേ സ്റ്റേഷൻ വാർഡിലാണ് സംഭവം. പില്ലറിന്‍റെ കോൺക്രീറ്റ് നടത്തുന്നതിന് എടുത്ത വലിയ കുഴിയിൽ കുഴൽകിണറുകൾ നിർമിച്ച് വെള്ളം വറ്റിക്കുന്നതിനൊപ്പം യന്ത്രം ഉപയോഗിച്ച് മണ്ണെടുക്കുന്ന ജോലിക്കിടെയാണ് അപകടം. എക്സ്കവേറ്ററിൽനിന്ന് മണ്ണെടുക്കുന്നതിനിടെ റോഡിന്‍റെ ഒരുവശം ഇടിയുകയായിരുന്നു. ആഴത്തിലുള്ള കുഴിയിൽനിന്ന് തൂണുകളിൽ കോൺക്രീറ്റ് ചെയ്യുന്ന ജോലിയിൽ ഏർപെട്ട രാജ്കുമാറിന്‍റെ ദേഹത്തേക്കാണ് മണ്ണ് വീണത്. നെഞ്ചുഭാഗംവരെ മണ്ണ് മൂടിയ നിലയിലായിരുന്നു. വലിയ ശബ്ദം കേട്ടെത്തിയ സമീപവാസികൾ ആളെക്കൂട്ടിയാണ് പുറത്തെടുത്തത്. ഇതിന് അരമണിക്കൂറോളം വേണ്ടിവന്നു.
അപകടസമയത്തും പിന്നാലെയും ഡ്രൈവർ മണ്ണെടുപ്പ് തുടർന്നതും രക്ഷാപ്രവർത്തനത്തിന് തടസ്സമായതായി നാട്ടുകാർ പറഞ്ഞു. ഈസമയം ഇതുവഴിയെത്തിയ ഓട്ടോയിൽനിന്ന് യാത്രക്കാരെ ഇറക്കിയശേഷമാണ് രാജ്കുമാറിനെ ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് രോഷാകുലരായ നാട്ടുകാർ ഇടപെട്ടാണ് അപകടമുണ്ടായ കുഴിയിൽനിന്ന് മണ്ണെടുപ്പ് നിർത്തിവെപ്പിച്ചത്. മുൻകരുതലും സുരക്ഷയുമില്ലാതെ മണ്ണെടുത്തതാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിച്ചു. നിർമാണത്തിന്‍റെ മറവിൽ രാപ്പകൽ വ്യത്യാസമില്ലാതെ ലോഡുകണക്കിന് മണ്ണാണ് കടത്തുന്നത്. ഇതോടെ റോഡിന് വീതികുറഞ്ഞ് വിള്ളൽ വീണു. ഇതൊന്നും കാര്യമാക്കാതെയാണ് ജോലി തുടർന്നത്. ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.