ആരോഗ്യകേരളത്തിന് പുറത്തോ അന്തർസംസ്ഥാന തൊഴിലാളികൾ?
text_fieldsമലപ്പുറം: കുടിയേറ്റസൗഹൃദ സംസ്ഥാനമെന്ന ഖ്യാതിയുള്ളപ്പോഴും കേരളത്തിന്റെ വളർച്ചയുടെ നട്ടെല്ലായ, 35 ലക്ഷം വരുന്ന അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളികൾ ആരോഗ്യകാര്യത്തിൽ കടുത്ത പ്രതിസന്ധി നേരിടുന്നതായി പഠനറിപ്പോർട്ട്. മഹാത്മാ ഗാന്ധി സർവകലാശാലയിലെ വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. സർക്കാർ തലത്തിൽ ഗ്രാമീണതലം മുതൽ ആരോഗ്യ സംവിധാനങ്ങളുണ്ടായിട്ടും കേവലം 3.9 ശതമാനം തൊഴിലാളികൾ മാത്രമാണ് അത് പ്രയോജനപ്പെടുത്തുന്നതെന്ന് പഠനം പറയുന്നു. ഭാഷാപരമായ തടസ്സങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ജോലിസമയത്തിനുശേഷം ക്ലിനിക്കുകൾ അടക്കുന്നത്, ആരോഗ്യസുരക്ഷയെക്കുറിച്ച അജ്ഞത, കഠിനമായ തൊഴിൽ, താമസ സ്ഥലങ്ങളിലെ കുടുസ്സ്, സമയത്തിന് ചികിത്സ തേടാത്തത് അടക്കമുള്ള കാരണങ്ങളാൽ ആരോഗ്യസംരക്ഷണത്തിൽ ഇവർ ഏറെ പിറകിലാണ്.
വിവിധ ജില്ലകളിൽ ജോലിചെയ്യുന്ന 1554 പേരിലാണ് സർവേ നടത്തിയത്. പശ്ചിമ ബംഗാൾ, അസം, ബിഹാർ തുടങ്ങിയ കിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള ചെറുപ്പക്കാരായ പുരുഷന്മാരാണ് കേരളത്തിലെ കുടിയേറ്റ തൊഴിലാളികളിൽ ഭൂരിഭാഗവും. ഇതിൽ 11 ശതമാനത്തിലധികം പേർ സ്കൂളിൽ പോയിട്ടില്ല. വെറും 9.8 ശതമാനം തൊഴിലാളികൾക്കു മാത്രമാണ് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളത്. 87.7 ശതമാനം കുടിയേറ്റ തൊഴിലാളികളും ആരോഗ്യ ഇൻഷുറൻസിനെക്കുറിച്ച് കേട്ടിട്ടുപോലുമില്ല. 1.5 ശതമാനം പേർക്കു മാത്രമാണ് ആനുകൂല്യങ്ങൾ ലഭിച്ചത്.
പകുതിയിലധികം തൊഴിലാളികളും മൂന്നു മുതൽ ആറു വരെ സഹതൊഴിലാളികൾക്കൊപ്പം മുറി പങ്കിടുന്നു. കാൽഭാഗത്തോളം പേർ ഇതിലും മോശം സാഹചര്യങ്ങളിലാണ്. 28.8 ശതമാനം പേരും മതിയായ ശുദ്ധവായു ലഭിക്കാത്ത മുറികളിലാണ് വസിക്കുന്നത്. അസുഖം വന്നാൽ പോലും 92.5 ശതമാനം പേർക്കും പ്രത്യേക മുറി ലഭിക്കുന്നില്ല. പ്രതിദിനം 9-12 മണിക്കൂറാണ് ഇവർ ജോലി ചെയ്യുന്നത്. ചിലർ 12 മണിക്കൂറിലധികവും ജോലിചെയ്യുന്നു. കുടിയേറ്റ തൊഴിലാളികളായ സ്ത്രീകൾക്കിടയിൽ രോഗങ്ങൾ കൂടുതലാണ്. ഇവരുടെ മാനസികാരോഗ്യം ദുർബലമാണെന്നും പഠനം പറയുന്നു. അതേസമയം, കേരളത്തിലെ ആരോഗ്യ സംവിധാനത്തെക്കുറിച്ച് ഇവർക്ക് പൊതുവെ നല്ല അഭിപ്രായമാണുള്ളത്. 83 ശതമാനം പേരും സ്വന്തം സംസ്ഥാനത്തേക്കാൾ മികച്ചതാണ് കേരളത്തിലെ ആരോഗ്യസംവിധാനമെന്ന് അഭിപ്രായപ്പെട്ടു.
‘കേരളത്തിലെ അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ ആരോഗ്യസംരക്ഷണ ലഭ്യതയിൽ സാമൂഹിക-സ്ഥാപനപരവും സാങ്കേതികവുമായ ഇടപെടലുകളുടെ സ്വാധീനം’ എന്ന തലക്കെട്ടിൽ അനുസന്ദൻ നാഷനൽ റിസർച് ഫൗണ്ടേഷന്റെ സാമ്പത്തിക പിന്തുണയോടെ നടത്തിയ പഠനമാണ് പുറത്തുവന്നത്. ഡോ. എം.വി. ബിജുലാൽ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും ഡോ. സി.ടി. അരവിന്ദകുമാർ, ഡോ. പി.പി. നൗഷാദ്, ഡോ. അബ്ദുൽ ജബ്ബാർ, ഡോ. രാജേഷ് മാണി എന്നിവർ കോ ഇൻവെസ്റ്റിഗേറ്റർമാരുമായിരുന്നു. നവാസ് എം. ഖാദർ ആയിരുന്നു പ്രോജക്ട് കോഓഡിനേറ്റർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.