പ്രവർത്തക സമിതിയംഗംകൊണ്ട് എന്ത് കാര്യം -കെ. സുധാകരൻ
text_fieldsകെ. സുധാകരൻ
?സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായപ്പോൾ സന്തോഷത്തോടെയാണ് താങ്കളെ കണ്ടത്. ആ മാറ്റം അനാവശ്യമായെന്ന് ഇപ്പോൾ തോന്നിയോ
സണ്ണി ജോസഫ് മികച്ച സംഘാടകനാണ്. വിശ്വസ്തനാണ്. അതിലൊന്നും ഒരു സംശയവുമില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കിയ വേളയിലാണ് എന്നെ മാറ്റുന്നത്. ബൂത്തുതല കർമപദ്ധതികൾ എല്ലാം പൂർത്തിയാക്കി. കുടുംബസംഗമങ്ങൾ പൂർത്തിയാക്കി. പ്രതീക്ഷിക്കാതെയാണ് ആ മാറ്റം. എന്തിനാണ് മാറ്റിയതെന്ന് ഇപ്പോഴും അറിയില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് മാറ്റിയാൽ പോരേ. മാറ്റിയതിൽ വിഷമിച്ചിട്ട് കാര്യവുമില്ല. ദേശീയ നേതൃത്വത്തിന് എന്റെ സേവനം മതിയെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ.
?കോൺഗ്രസ് പ്രവർത്തക സമിതിയംഗമാക്കിയാണ് താങ്കളുടെ മാറ്റം. കെ.പി.സി.സിയുടെ മുൻ അധ്യക്ഷന്മാരെ പലരെയും ഇങ്ങനെ പരിഗണിച്ചിട്ടില്ല
ഒമ്പത് വയസ്സു മുതൽ കോൺഗ്രസിനായി കൊടിപിടിച്ചു നടന്നവനാണ് ഞാൻ. രാപ്പകൽ പാർട്ടിക്കുവേണ്ടി അധ്വാനിച്ച ആളാണ്. അങ്ങനെയുള്ള ഒരാളെയാണ് പെട്ടെന്ന് മാറ്റുന്നത്. എന്റെ അത്ര രാഷ്ട്രീയപാരമ്പര്യമുള്ള വേറെ ഒരാൾ കോൺഗ്രസിലുണ്ടോ. പ്രവർത്തക സമിതിയംഗംകൊണ്ട് എന്താണ് ഗുണം. ഒരു കാര്യവുമുണ്ടെന്ന് തോന്നുന്നില്ല. പദവികൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും കോൺഗ്രസിനായി പ്രവർത്തിക്കും. പ്രവർത്തക സമിതിയംഗമാക്കിയത് എന്നെ ആശ്വസിപ്പിക്കാൻ വേണ്ടിയാണ്.
?ആ പദവി ഏറ്റെടുക്കുന്നില്ലേ
പദവി ഏറ്റെടുക്കും. പാർട്ടി പറയുന്ന ഏത് കാര്യവും ചെയ്യും. പാർട്ടിക്ക് വിധേയനായ വ്യക്തിയാണ് ഞാൻ. നേതൃത്വത്തിന്റെ തീരുമാനത്തിൽ അതൃപ്തിയുണ്ട്. നേരത്തേ പറഞ്ഞിരുന്നെങ്കിൽ ഇത്ര പ്രയാസം ഉണ്ടാകില്ലായിരുന്നു. ക്രൗഡ് പുള്ളർ ആയിരുന്ന എന്നെ അധ്യക്ഷ പദവിയിൽനിന്ന് മാറ്റിയത് എന്തിനായിരുന്നു എന്ന് ദേശീയ നേതൃത്വത്തോടുതന്നെ ചോദിക്കണം
?കെ.സി. വേണുഗോപാലാണ് ദേശീയ നേതൃത്വത്തിൽ പ്രധാനി. അദ്ദേഹമാണോ താങ്കളെ മാറ്റിയതിനു പിന്നിൽ
വ്യക്തിപരമായി ഒരാളെയും ഞാൻ പറയുന്നില്ല. അങ്ങനെ പറയേണ്ട ആവശ്യവും എനിക്കില്ല. അദ്ദേഹവുമായി ഒന്നും ചർച്ച ചെയ്യാറില്ല. ദേശീയ നേതൃത്വത്തോട് എനിക്ക് എതിർപ്പില്ല. ഒരു സ്ഥാനത്തുനിന്ന് ഒരാളെ മാറ്റുമ്പോൾ സ്വാഭാവികമായും ചില അഭിപ്രായങ്ങൾ ചിലർക്കുണ്ടാവും. അതാണ് ഞാൻ പ്രകടിപ്പിക്കുന്നത്. അതിനപ്പുറം ഒന്നുമില്ല. നേതൃമാറ്റ ചർച്ചവേളയിൽ ആരുടെയും പിന്തുണ ഞാൻ തേടിയിട്ടില്ല.
?കെ.പി.സി.സി പ്രസിഡന്റിനൊപ്പം പ്രതിപക്ഷ നേതാവിനെയും മാറ്റണമായിരുന്നോ
പ്രതിപക്ഷ നേതാവിനെ മാറ്റിയിട്ടില്ല. മാറ്റേണ്ട എന്ന് അവർക്ക് തോന്നിയിട്ടുണ്ടാവും. മാറ്റണോ വേണ്ടയോ എന്നൊന്നും പറയാൻ ഞാൻ ആളല്ല. അങ്ങനെ ഒരാളുമായി താരതമ്യം ചെയ്യാനും ഞാനില്ല. പക്ഷേ, മുമ്പ് കെ.പി.സി.സി പ്രസിഡന്റിനെ മാറ്റിയപ്പോൾ പ്രതിപക്ഷ നേതാവിനെയും മാറ്റിയിട്ടുണ്ട്. മാറ്റുമ്പോൾ എല്ലാം മാറ്റുന്നതാണല്ലോ ഇവിടെയുള്ള രീതി.
?പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതുകൊണ്ടാണോ ന്യൂഡൽഹിയിൽ ദേശീയ നേതാക്കളെ കാണാൻ പോകാതിരുന്നത്
അല്ല. അന്ന് പോകാൻ സമയം കിട്ടിയില്ല. പോയതുകൊണ്ട് വലിയ കാര്യമുണ്ട് എന്ന് എനിക്ക് തോന്നുന്നുമില്ല. പോയി വന്നവർ എന്നോട് പറഞ്ഞതും അതാണ്. ഇനി പോവില്ല എന്നൊന്നും പറയുന്നില്ല. സമയവും സാഹചര്യവും ഒത്തുവരുമ്പോൾ ആവശ്യമുണ്ടെങ്കിൽ ഡൽഹിയിൽ പോവും, അല്ലെങ്കിൽ പോവില്ല.
?ദീപ ദാസ് മുൻഷിയോട് ആണോ താങ്കൾക്ക് വിയോജിപ്പ്
ദീപ ദാസ് മുൻഷിയുമായി എനിക്ക് ഒരു തർക്കവുമില്ല. പക്ഷേ, അവർ എന്നെക്കുറിച്ച് ഹൈകമാൻഡിന് നൽകിയ റിപ്പോർട്ടിനോട് വിയോജിപ്പുണ്ട്. എന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എന്തിനാണ് അത്തരമൊരു റിപ്പോർട്ട് നൽകിയത്. കുറച്ചുപേർ അവരെ തെറ്റിദ്ധരിപ്പിച്ചുകാണും. അതാരാണ് എന്ന് അറിയില്ല. സംശയമുള്ളവരെക്കുറിച്ച് പറയാൻ താൽപര്യമില്ല.
?പിണറായിയോട് ഏറ്റുമുട്ടാൻ കെ. സുധാകരനേ കഴിയൂ എന്നാണ് താങ്കളെ അനുകൂലിക്കുന്നവർ പറയുന്നത്
പിണറായി അത്ര വലിയ സംഭവമൊന്നുമല്ല. പക്ഷേ, അദ്ദേഹത്തോട് ഏറ്റുമുട്ടാൻ കഴിവുള്ളയാൾ എന്ന ആത്മവിശ്വാസം എനിക്കുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പിണറായി വിജയന്റ ധർമടം മണ്ഡലത്തിൽനിന്ന് എനിക്ക് വലിയ വോട്ടാണ് ലഭിച്ചത്. സി.പി.എം സെക്രട്ടറി എം.വി. ഗോവിന്ദന്റെ തളിപ്പറമ്പ് മണ്ഡലത്തിൽനിന്ന് എണ്ണായിരം വോട്ടിന്റെ ഭൂരിപക്ഷം കിട്ടി. സ്വന്തം മണ്ണിൽ അവർക്ക് സ്ഥാനമില്ല എന്നാണ് ഇതിനർഥം.
?കെ.പി.സി.സി ഭാരവാഹികൾ മാറി, ഇനി ഡി.സി.സിയിലും മാറ്റം വേണ്ടേ
അങ്ങനെ നിർബന്ധമൊന്നുമില്ല. നിലവിൽ മികച്ച ഡി.സി.സി പ്രസിഡന്റുമാരാണുള്ളത്. ഉദാഹരണത്തിന്, കണ്ണൂർ ജില്ല പ്രസിഡന്റ് മാർട്ടിൻ ജോർജ്. ഏറ്റവും മികച്ച പ്രസിഡന്റാണ് അദ്ദേഹം. അദ്ദേഹം മതിയെന്നാണ് എന്റെ അഭിപ്രായം. എല്ലാവരെയും മാറ്റാനാണ് തീരുമാനമെങ്കിൽ അങ്ങനെയാവാം.
?നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ, എങ്ങനെയാണ് ഇനി പ്രവർത്തനം
പാർട്ടി പറഞ്ഞാൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കും. കണ്ണൂരിൽതന്നെ മത്സരിക്കും. മണ്ഡലം പിടിച്ചെടുക്കും. നേതൃസ്ഥാനമില്ലെങ്കിലും ഞാൻ എന്റെ ഉത്തരവാദിത്തം നിർവഹിക്കും. അതിന് ഔദ്യോഗിക പദവി വേണ്ട. എനിക്ക് എന്റെ പ്രവർത്തകരെ മതി. അത് ഇഷ്ടംപോലെയുണ്ട്. പാർട്ടിയുടെ അംഗീകാരവും അഭിനന്ദനവുമൊന്നും എനിക്ക് വേണ്ട.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.