ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയുടെ നിക്ഷേപകർ വീണ്ടും സമരത്തിന്; സർക്കാർ 10 കോടി രൂപ വകയിരുത്തിയിട്ടും ഫാക്ടറി തുറക്കാനായില്ല; പിടിവിട്ട് സി.പി.എം
text_fieldsകൽപറ്റ: 100 കോടിയോളം രൂപയുടെ ബാധ്യതയുമായി പ്രവർത്തനം നിലച്ച സി.പി.എം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയുടെ നിക്ഷേപകർ വീണ്ടും സമരത്തിന്. ജീവനക്കാരെയും 600ഓളം നിക്ഷേപകരെയും പ്രതിസന്ധിയിലാക്കി രണ്ടു വർഷം മുമ്പ് പ്രവർത്തനം നിലച്ച മാംസ സംസ്കരണശാല വീണ്ടും തുറക്കുന്നതിന് പാർട്ടി സംസ്ഥാന കമ്മിറ്റി ഉൾപ്പെടെ ഇടപെട്ടിരുന്നെങ്കിലും പരിഹാരമായില്ല.
സംസ്ഥാന സർക്കാർ ഇത്തവണത്തെ ബജറ്റിൽ ഫാക്ടറി പ്രവർത്തനത്തിന് 10 കോടി രൂപ വകയിരുത്തിയിരുന്നു. ബ്രഹ്മഗിരിയിൽ നിക്ഷേപമിറക്കാൻ സ്വകാര്യ കമ്പനി തയാറാവുകയും ചെയ്തു. എന്നാൽ, ഫാക്ടറി വീണ്ടും തുറക്കാനോ നിക്ഷേപകരുടെ പണം തിരികെ നൽകാനോ യാതൊരു നടപടികളും മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്നാണ് ജീവനക്കാരും നിക്ഷേപകരും ആരോപിക്കുന്നത്. ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിക്ഷേപകർ കഴിഞ്ഞ ദിവസം മഞ്ഞാടിയിലെ ഫാക്ടറി ഓഫിസിലെത്തി പ്രതിഷേധിച്ചു.
നടത്തിപ്പിലെ പിഴവുകൾ കാരണം നഷ്ടത്തിലായി പൂട്ടിപ്പോയ സ്ഥാപനത്തിൽ 220 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. അതിൽ 130 പേരും സ്ഥിരം ജീവനക്കാരായിരുന്നു. തൊഴിലില്ലാതായ ഇവർ രണ്ടര വർഷമായി പ്രതിസന്ധിയിലാണ്. സൊസൈറ്റിക്കുവേണ്ടി വിവിധ ബാങ്കുകളിൽ നിന്നെടുത്ത കോടികളുടെ വായ്പയിൽ ജപ്തി ഭീഷണിയും നേരിടുകയാണ്.
ബജറ്റിൽ തുക വകയിരുത്തുകയും 50 ശതമാനം ലാഭവിഹിതത്തിൽ കമ്പനിയിൽ നിക്ഷേപമിറക്കാൻ സ്വകാര്യ കമ്പനി തയാറാവുകയും ചെയ്തതോടെ വീണ്ടും ഫാക്ടറി തുറക്കാൻ നീക്കം നടന്നിരുന്നു. എന്നാൽ, 100 കോടിയോളം രൂപയുടെ ബാധ്യത പരിഹരിക്കാൻ കഴിയാതായതോടെ ചർച്ചകൾ വഴിമുട്ടി. പണം തിരികെ കിട്ടുന്നതിന് നാല് നിക്ഷേപകർ കോടതിയെ സമീപിച്ചതിനെ തുടർന്ന് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം വിൽപന നടത്തുന്നത് തടഞ്ഞിരുന്നു. നിക്ഷേപകരും ജീവനക്കാരും ഭൂരിഭാഗവും പാർട്ടി പ്രവർത്തകരോ അനുഭാവികളോ ആയതിനാൽ, ഉപതെരഞ്ഞെടുപ്പ് കാലത്തെ സമരം സംസ്ഥാനതലത്തിൽ തന്നെ പാർട്ടിക്ക് വലിയ ദോഷമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
വയനാട് ഡി.സി.സി ട്രഷറർ ആയിരുന്ന എൻ.എം. വിജയൻ ആത്മഹത്യചെയ്ത സംഭവത്തിൽ കോൺഗ്രസിനെയും എം.എൽ.എയെയും പ്രതിക്കൂട്ടിലാക്കി സി.പി.എം നേതൃത്വം രംഗത്തുവന്നിരുന്നു. കോൺഗ്രസ് നേതാക്കൾ വരുത്തിയ കോടികളുടെ ബാധ്യത പാർട്ടി ഏറ്റെടുക്കാതെ എൻ.എം. വിജയന്റെ തലയിൽ കെട്ടിവെച്ചതിനാലാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് മക്കളടക്കമുള്ളവർ ആരോപിച്ചിരുന്നു. ഇത് സി.പി.എം രാഷ്ടീയ ആയുധമാക്കിയപ്പോൾ, പാർട്ടി നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി സൊസൈറ്റിയിൽ സ്വന്തം പ്രവർത്തകർ നിക്ഷേപിച്ച കോടികളുടെ കാര്യത്തിൽ ആരാണ് മറുപടി പറയുകയെന്നാണ് നിക്ഷേപകർ ചോദിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.