‘ക്ഷണിച്ചു, പിൻവലിച്ചു; ഇതാണ് ഇന്ത്യൻ ജനാധിപത്യത്തിന്‍റെ അവസ്ഥ’
text_fieldsവിനോദ്
കെ. ജോസ്
കോട്ടയം: പാലാ സെന്‍റ് തോമസ് കോളജിലെ പ്രഭാഷണത്തിനുള്ള ക്ഷണം കോളജ് അധികൃതർ പിൻവലിച്ചെന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന നും ‘ദ കാരവൻ’ മുൻ എഡിറ്ററുമായ വിനോദ് കെ. ജോസ്. താനൊരു വിവാദ വ്യക്തിത്വമായതിനാൽ മാനേജ്മെന്‍റും പ്രിൻസിപ്പലും തന്‍റെ സാന്നിധ്യം ആഗ്രഹിക്കുന്നില്ലെന്നും അറിയിച്ചതായി വിനോദ് ജോസ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.
ഈ മാസം അഞ്ചിന് രാവിലെ 10 മണിക്ക് പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലെ മുൻ അധ്യാപകനായ ടി.എസ്. തോമസ് സ്മാരക പ്രഭാഷണത്തിനായി ‘ഇന്ത്യൻ ജനാധിപത്യത്തിന്‍റെ അവസ്ഥ’ എന്ന വിഷയത്തിൽ സംസാരിക്കാനാണ് വിനോദ് കെ. ജോസിനെ ക്ഷണിച്ചിരുന്നത്. എന്നാൽ, ക്ഷണം പിൻവലിച്ചുകൊണ്ടുള്ള കത്ത് മൂന്നിന് രാവിലെ കിട്ടിയെന്നും ജീവിതത്തിൽ ആദ്യ അനുഭവമാണിതെന്നും അദ്ദേഹം പറയുന്നു. ഇത്തരം അവസ്ഥ പലർക്കും മുമ്പുണ്ടായതായി അറിയാമെങ്കിലും തനിക്ക് ആദ്യാനുഭവമാണെന്നും അതിനാൽ മധുരം കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
‘ഞാൻ ഒരു വാക്കുപോലും പറയാതെതന്നെ ഇവിടെ ഇന്ത്യൻ ജനാധിപത്യത്തിന്‍റെ അവസ്ഥ വിശദീകരിക്കപ്പെട്ടിരിക്കുകയാണ്. കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിലെ ഒരു വിഭാഗമെങ്കിലും പ്രസക്തവും സുതാര്യവുമായ സംഭാഷണങ്ങൾ തടയുക എന്ന ആർ.എസ്.എസ്-ബിജെപി നിലപാടിനെ പിന്തുണയ്ക്കുന്നു. ഇത് ഹിന്ദുത്വ വലതുപക്ഷത്തിന് കേരളത്തിൽ കാലുറപ്പിക്കാൻ സഹായിക്കുന്നതാണ്. വിദ്യാർഥികളുടെ നിലവാരം തകരുന്നതായി ക്രിസ്ത്യൻ മാനേജ്മെന്‍റുകളിൽ നിന്ന് അടുത്തിടെ നിരവധി പരാതികൾ ഉയരുന്നുണ്ട്. സാമൂഹിക വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി തുറന്നുകാട്ടപ്പെടേണ്ട ആശയങ്ങളെ മാനേജ്മെന്‍റുകൾ തന്നെ സെൻസർ ചെയ്യുമ്പോൾ വിദ്യാർഥികളുടെ ഗുണനിലവാരത്തെക്കുറിച്ച് പരിതപിക്കുന്നതിന് എന്ത് അർഥമാണ്’ എന്ന ചോദ്യത്തോടെയാണ് വിനോദ് ജോസ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
അതേസമയം, കോളജിൽ രാഷ്ട്രീയ നിക്ഷ്പക്ഷത പുലർത്തുന്നതിനും അനാവശ്യ രാഷ്ട്രീയ ചർച്ചകൾ ഒഴിവാക്കുന്നതിനുമാണ് വിനോദ് ജോസിനുള്ള ക്ഷണം പിൻവലിച്ചതെന്ന് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

