കോൺഗ്രസ് തയാറാണോ, ഇ.ഡിക്കെതിരായ യോജിച്ച പ്രക്ഷോഭത്തിന് -സി.പി.എം
text_fieldsതിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് തയാറാണെങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) എതിരെ സമരം ചെയ്യാൻ സി.പി.എം തയാറെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
കഴിഞ്ഞദിവസം മാധ്യമങ്ങളോട് സംസാരിക്കവേ കിഫ്ബിക്കെതിരായ ഇ.ഡി അന്വേഷണത്തിൽ കോൺഗ്രസിന് വിയോജിപ്പാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്രതികരിച്ചിരുന്നു. ഇതിലാണ് ഇപ്പോൾ സി.പി.എം സംസ്ഥാന നേതൃയോഗ ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ കോടിയരി യോജിച്ച പ്രക്ഷോഭത്തിന്റെ സാധ്യതകൾ തേടുന്നത്. ഇപ്പോൾ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രതിപക്ഷനേതാക്കളെയെല്ലാം ഇ.ഡിയെ ഉപയോഗിച്ച് വേട്ടയാടുകയാണ്.
കേരളത്തിന്റെ വികസന പ്രവർത്തനത്തിൽ വലിയപങ്ക് വഹിച്ച കിഫ്ബിയെ തകർക്കാർ ഇ.ഡിയെ കേന്ദ്ര ബി.ജെ.പി സർക്കാർ ഉപയോഗിക്കുകയാണ്.
ഇതിന്റെ ഭാഗമായാണ് തോമസ് ഐസക്കിന് ഇ.ഡി നോട്ടീസ് അയച്ചതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതിനെ ഐസക് രാഷ്ട്രീയമായും നിയമപരമായും നേരിടുന്നുണ്ട്. ഐസക് നൽകിയ ഹരജിയിൽ ഹൈകോടതി സ്വീകരിച്ചത് ശരിയായ നിലപാടാണ്. ഇക്കാര്യത്തിൽ കോടതി നിരീക്ഷണം ഇ.ഡിക്കേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ അർഹമായ അവകാശങ്ങൾ നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കും. വിലകയറ്റത്തിനെതിരായി കേന്ദ്ര കമ്മിറ്റി സെപ്റ്റംബറിൽ നടത്താൻ ആഹ്വാനം ചെയ്തിട്ടുള്ള പ്രചാരണ പരിപാടി സംഘടിപ്പിക്കും.
സി.പി.എമ്മിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം സമുചിതമായി ആചരിക്കും. സംസ്ഥാന കമ്മിറ്റി ഓഫിസ് മുതൽ ബ്രാഞ്ച് തലം വരെയുള്ള ഓഫിസുകളിൽ ആഗസ്റ്റ് 15ന് പതാക ഉയർത്തി പ്രതിജ്ഞ എടുക്കും.
ഇ.ഡി സമൻസിനെതിരെ കിഫ്ബി കോടതിയിൽ
കൊച്ചി: മസാല ബോണ്ടിന്റെ പേരിൽ ഉദ്യോഗസ്ഥർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് അയച്ചതിനെതിരെ കിഫ്ബിയും ഹൈകോടതിയിൽ.
വിദേശനാണ്യ വിനിമയച്ചട്ടത്തിലെ (ഫെമ) വകുപ്പുകൾ പ്രകാരം സി.ഇ.ഒ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് സമൻസ് അയച്ചത് ഉദ്യോഗസ്ഥരെ മനഃപ്പൂർവം ബുദ്ധിമുട്ടിക്കാനാണെന്ന് ആരോപിച്ചാണ് ഹരജി. മസാല ബോണ്ട് പുറപ്പെടുവിച്ചതിൽ ഫെമ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണെന്ന് പറഞ്ഞ് ഒന്നര വർഷമായി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ അടക്കമുള്ളവർക്ക് പിന്നാലെയാണ് ഇ.ഡിയെന്ന് സി.ഇ.ഒ. കെ.എം. എബ്രഹാം, ജോയന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവരടക്കം നൽകിയ ഹരജിയിൽ ആരോപിക്കുന്നു.
സമൻസ് റദ്ദാക്കണമെന്നാണ് ആവശ്യം. വികസന ആവശ്യങ്ങൾക്കായി റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് മസാല ബോണ്ട് പുറപ്പെടുവിച്ചതെന്ന് ഹരജിയിൽ പറയുന്നു.
ഫെമ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനുള്ള അധികാരം റിസർവ് ബാങ്കിനാണ്, ഇ.ഡിക്കല്ല. നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് പിന്നാലെ 2021 മാർച്ച് മുതൽ സമൻസ് അയച്ച് ബുദ്ധിമുട്ടിക്കുകയാണെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇ.ഡിയുടെ നടപടിയെന്നു ഹരജിയിൽ ആരോപിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.