ബി.ജെ.പി വിരുദ്ധതയിൽ മുന്നിലാര്; കൊമ്പുകോർത്ത് ഇരുപക്ഷവും
text_fieldsതിരുവനന്തപുരം: ബി.ജെ.പി വിരുദ്ധതയിൽ മുന്നിലാരെന്നതിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ കൊമ്പുകോർത്ത് നിയമസഭയിൽ ഉപധനാഭ്യർഥന ചർച്ച. ഇന്ത്യയിലെ ബി.ജെ.പി വിരുദ്ധ മുന്നണിയെ ദുർബലപ്പെടുത്തുന്നത് കേരളത്തിലെ കോൺഗ്രസ് നേതൃത്വമെന്ന് ചർച്ചക്ക് മറുപടി പറഞ്ഞ മന്ത്രി പി. രാജീവ് ആരോപിച്ചു. ഡൽഹിയിൽ നടന്ന കേരളത്തിന്റെ സമരത്തിൽ നിന്ന് പ്രതിപക്ഷം വിട്ടുനിന്നതിലും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പങ്കെടുക്കുന്നത് തടഞ്ഞതിന് പിന്നിലും കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ സമ്മർദമാണ്.
കർണാടക സർക്കാർ ഡൽഹിയിൽ നടത്തിയ സമരത്തിൽ മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ക്ഷണിക്കാത്തതിന് പിന്നിലും കേരളത്തിലെ കോൺഗ്രസിന്റെ സമ്മർദമാണ്. അധികാര കസേരയുടെ അംശം മാത്രമാണ് കേരളത്തിലെ കോൺഗ്രസ് കാണുന്നത്. കേരളം നടത്തിയ സമരത്തിൽ പങ്കെടുത്ത് ബി.ജെ.പിക്കെതിരെ പുതിയ ദേശീയ സാഹചര്യം സൃഷ്ടിക്കാനുള്ള അവസരമാണ് ഇല്ലാതാക്കിയത്. മുസ്ലിം ലീഗിന് കോൺഗ്രസ് ബന്ധം ബാധ്യതയായി മാറി. ബാബരി മസ്ജിദ് തകർത്ത് ക്ഷേത്രത്തിന് തറയൊരുക്കാൻ സഹായിച്ചതിനാണ് കോൺഗ്രസിന്റെ പ്രധാനമന്ത്രി നരസിംഹറാവുവിന് ബി.ജെ.പി സർക്കാർ ഭാരത രത്ന നൽകിയതെന്നും രാജീവ് ആരോപിച്ചു. പൂജക്ക് അനുവാദം നൽകുന്നത് വരെ ഗ്യാൻവ്യാപി മസ്ജിദ് എന്ന് പ്രയോഗിച്ചിരുന്ന പ്രമുഖ മലയാള പത്രം ഇപ്പോൾ ഗ്യാൻവ്യാപി സമുച്ചയം എന്ന് മാറ്റിയതായും ഇത് തന്നെയാണ് മുമ്പ് ബാബരി മസ്ജിദ് മാറ്റി തർക്കമന്ദിരം എന്നതിലേക്ക് എത്തിച്ചതെന്നും രാജീവ് ചൂണ്ടിക്കാട്ടി.
വർഗീയ, മതവികാരങ്ങൾ ഇളക്കിവിട്ട് കേന്ദ്രത്തിൽ അധികാരം ഉറപ്പിക്കാൻ ബി.ജെ.പി നടത്തുന്ന അതേ തന്ത്രമാണ് കേരളത്തിൽ സി.പി.എം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരിച്ചടിച്ചു. കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കിടയിൽ ധ്രുവീകരണ രാഷ്ട്രീയമാണ് സി.പി.എം പയറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു. വർഗീയതക്കെതിരെ നിലപാട് പറയേണ്ടിടത്തെല്ലാം മുസ്ലിം ലീഗ് അത് പറഞ്ഞിട്ടുണ്ടെന്നും എന്നാൽ വർഗീയത വളർത്തുന്നതിന് സഹായകമായ നിലപാട് പാർട്ടി സ്വീകരിക്കാറില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. തീപിടിപ്പിക്കുന്ന സമീപനം പാർട്ടി സ്വീകരിക്കാറില്ലെന്നും പ്രാണപ്രതിഷ്ഠ വിഷയത്തിൽ കോൺഗ്രസിന് ആലോചിച്ച് തീരുമാനമെടുക്കാൻ സമയം ആവശ്യമായിരുന്നെന്നും അതാണ് പിന്നീട് ആലോചിച്ച് പറഞ്ഞതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേന്ദ്രവിരുദ്ധതക്ക് കോൺഗ്രസിന് സി.പി.എമ്മിന്റെ ക്ലാസ് ആവശ്യമില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. നിറം മാറുന്നതിൽ നിധീഷ് കുമാറിനും ഓന്തിനും ഇടയിലാണ് സി.പി.എമ്മിന്റെ സ്ഥാനമെന്നും ഷാഫി പറഞ്ഞു. സഭയിലിരിക്കുന്ന കോൺഗ്രസുകാരിൽ പലരും ബി.ജെ.പിയിലേക്കുള്ള ഊഴം കാത്തിരിക്കുകയാണെന്നും അതുകൊണ്ടാണ് ഡൽഹി സമരത്തിൽ നിന്ന് വിട്ടുനിന്നതെന്നും എം.എം. മണി പരിഹസിച്ചു. ലീഗുകാർ സ്വന്തം നിലക്ക് മത്സരിച്ചാൽ തന്നെ ജയിക്കാവുന്ന സീറ്റുണ്ട്. സ്വന്തം നിലക്ക് മത്സരിച്ച് കോൺഗ്രസ് എന്ന വിഴുപ്പ് താഴെയിറക്കാൻ ലീഗ് തയാറാകണമെന്നും എം.എം. മണി പറഞ്ഞു. വിവിധ വകുപ്പുകൾക്കുള്ള ഉപധനാഭ്യർഥന സഭ ശബ്ദ വോട്ടോടെ പാസാക്കി

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.