പറഞ്ഞത് സംഘടന ജാഗ്രതക്ക് വേണ്ടി, ഗൂഢാലോചന സംശയിക്കുന്നില്ല -പാലോട് രവി
text_fieldsതിരുവനന്തപുരം: താൻ നല്ല ഉദ്ദേശത്തോടെയാണ് ഫോണിൽ സംസാരിച്ചതെന്നും സംഭാഷണം ഇങ്ങനെ പുറത്തുനൽകാൻ പാടില്ലായിരുന്നുവെന്നും ഡി.സി.സി പ്രസിഡന്റ് പാലോട് രവി. ഒരു പ്രവർത്തകൻ തന്നെ ഇങ്ങോട്ട് വിളിച്ചതാണ്.
സംഭാഷണം പുറത്തുവന്നതിന് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നില്ല. ഏതെങ്കിലും നേതാവിനോ വ്യക്തികൾക്കോ വ്യക്തിപരമായി തന്നോട് പ്രശ്നമല്ല. ജില്ലയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകനാണ് താൻ.
ചെയ്യാനുള്ളത് ചെയ്തില്ലെങ്കിൽ ഈ പാർട്ടിയെ ബാധിക്കുമെന്ന സന്ദേശമാണ് സംസാരത്തിലുണ്ടായിരുന്നത്. നല്ല ഉദ്ദേശത്തോടെയും സംഘടന ജാഗ്രതക്കുവേണ്ടിയും പറഞ്ഞ കാര്യങ്ങളാണ്. ‘നിങ്ങൾ എന്തുചെയ്തില്ലെങ്കിൽ പാർട്ടിയുടെ തിരിച്ചുവരവിനെ ബാധിക്കും. നിലമ്പൂർ തെരഞ്ഞെടുപ്പ് ഉണ്ടാക്കിയ പോസീറ്റിവ് അന്തരീക്ഷം ഇല്ലാതാകും’ -അതാണ് താൻ ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചത്. പാർട്ടി യോഗങ്ങൾ കൂടുമ്പോഴും ഞങ്ങൾ ഇതാണ് പറയുന്നതെന്നും പാലോട് രവി പറഞ്ഞു.
പാലോട് രവിയുടെ വിവാദ ഫോൺ സംഭാഷണം ഇങ്ങനെ...
‘പഞ്ചായത്ത് ഇലക്ഷനിൽ കോൺഗ്രസ് മൂന്നാമത് പോകും. നിയമസഭയിൽ ഉച്ചികുത്തി താഴെ വീഴും. നീ നോക്കിക്കോ, 60 അസംബ്ലി മണ്ഡലങ്ങളിൽ ബി.ജെ.പി എന്താണ് ചെയ്യാൻ പോകുന്നതെന്ന്. പാർലമെൻറ് തെരഞ്ഞെടുപ്പിൽ വോട്ട് പിടിച്ചത് പോലെ അവർ കാശുകൊടുത്ത് വോട്ട് പിടിക്കും. 40000- 50000 വോട്ട് ഇങ്ങനെ അവർ പിടിക്കും. കോൺഗ്രസ് പാർട്ടി മൂന്നാം സ്ഥാനത്തേക്ക് ഉച്ചികുത്തി വീഴും. മാർക്സിസ്റ്റ് പാർട്ടി ഭരണം തുടരുകയും ചെയ്യും. അതോടെ ഈ പാർട്ടിയുടെ അധോഗതി ആയിരിക്കും.
മുസ്ലിം കമ്മ്യൂണിറ്റിയിലുള്ളവർ വേറെ ചില പാർട്ടിയിലും മാർക്സിസ്റ്റ് പാർട്ടിയിലുമായി പോകും. കോൺഗ്രസിൽ ഉണ്ടെന്ന് പറയുന്ന ആളുകൾ ബി.ജെ.പിയിലും മറ്റു പാർട്ടികളിലുമായി പോകും. പഞ്ചായത്ത്-അസംബ്ലി തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കോൺഗ്രസ് എടുക്കാചരക്കായി മാറും. വാർഡിൽ ഇറങ്ങി നടക്കാൻ ആളില്ലാത്ത സ്ഥിതിയാണ്. നാട്ടിലിറങ്ങി ജനങ്ങളുമായി സംസാരിക്കാൻ 10 ശതമാനം സ്ഥലത്തേ നമുക്ക് ആളുകളുള്ളൂ. പരസ്പരം ബന്ധമില്ല, സ്നേഹമില്ല. എങ്ങനെ കാലുവാരാമോ എന്നതാണ് പലരും നോക്കുന്നത്’’.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.