വഖഫ് നിയമഭേദഗതി; സുപ്രീംകോടതി വിധി ആശ്വാസകരം -സാദിഖലി തങ്ങൾ
text_fieldsകോഴിക്കോട്: വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല സ്റ്റേ ഉത്തരവ് ആശ്വാസകരമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. മുസ്ലിംലീഗും പ്രതിപക്ഷ കക്ഷികളും പ്രകടിപ്പിച്ച ആശങ്കകളിൽ കഴമ്പുണ്ടെന്ന് സുപ്രീംകോടതിക്ക് ബോധ്യമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ചെയ്യുന്ന വ്യക്തി അഞ്ച് വർഷം ഇസ്ലാം മതം ആചരിക്കുന്നതായി തെളിഞ്ഞില്ലെങ്കിൽ വഖഫ് അസാധുവാകുമെന്ന നിയമം അധികാര ദുർവിനിയോഗത്തിന് കാരണമാകുമെന്നാണ് അർത്ഥശങ്കക്കിടയില്ലാത്ത വിധം സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. നിയമ ഭേദഗതിയിലെ വിചിത്രമായ ഈ വ്യവസ്ഥ തന്നെ സുപ്രീംകോടതി സ്‌റ്റേ ചെയ്തു.
വഖഫ് സ്വത്തുക്കളുടെ റവന്യൂ രേഖകളിൽ അവകാശങ്ങൾ നിർണ്ണയിക്കാൻ കലക്ടറെ അനുവദിക്കുന്നത് സ്റ്റേ ചെയ്തതും വലിയൊരു നേട്ടമാണ്. ഭരണഘടനയെ നോക്കുകുത്തിയാക്കിയാണ് സർക്കാർ ഈ വിഷയത്തിൽ നിയമം പാസാക്കിയത്. മുസ്ലിംലീഗ് പ്രതിപക്ഷ കക്ഷികളോടൊപ്പം നിയമ പോരാട്ടവും രാഷ്ട്രീയ പോരാട്ടവും തുടരുമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.