
ജയിലിലെ ഫോൺവിളി ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന്: സഭയിൽ മുഖ്യമന്ത്രിയുടെ ഒളിച്ചുകളി
text_fieldsതിരുവനന്തപുരം: വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരുടെ ഫോൺവിളിയുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിൽ നിയമസഭയിൽ ഒളിച്ചുകളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫോൺവിളിയുമായി ബന്ധപ്പെട്ട് എൽദോസ് പി. കുന്നപ്പള്ളി, കെ.കെ. രമ, സി.ആർ. മഹേഷ്, ഐ.സി. ബാലകൃഷ്ണൻ എന്നിവർ ഉന്നയിച്ച ചോദ്യത്തിൽ ഭരണപക്ഷ രാഷ്ട്രീയ പാർട്ടികളുമായി ആഭിമുഖ്യം പുലർത്തുന്ന തടവുകാർക്ക് മൊബൈൽഫോൺ അടക്കമുള്ള സൗകര്യം ലഭിക്കുന്നതായുള്ള ആക്ഷേപം ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്.
എന്നാൽ തടവുകാരിൽ ചിലർ 'ജയിലിനുള്ളിൽ പാലിക്കേണ്ട ചട്ടങ്ങൾ' ലംഘിച്ചതിെന തുടർന്ന് ജയിൽ സൂപ്രണ്ടിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തെന്നും ഡെപ്യൂട്ടി പ്രിസൺ ഓഫിസർ, ജോയൻറ് സൂപ്രണ്ട് എന്നിവരെ സ്ഥലം മാറ്റിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
ടി.പി കൊലക്കേസ് പ്രതി കൊടി സുനിയും ഫ്ലാറ്റ് കൊലക്കേസ് പ്രതി റഷീദും വിയ്യൂർ സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ആയിരത്തിലധികം തവണ പുറത്തേക്ക് വിളിച്ചതായി ഉത്തരമേഖല ഡി.ജി.പി കണ്ടെത്തിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് സൂപ്രണ്ട് അടക്കമുള്ളവർക്കെതിരെ നടപടിയെടുത്തത്. പക്ഷേ ഇത് 'അംഗീകരിക്കാൻ' മുഖ്യമന്ത്രി തയാറായില്ല.
ചോദ്യത്തിൽ പലതവണ ഫോൺവിളിയുമായി ബന്ധപ്പെട്ട പരാമർശമുണ്ടായിരുന്നെങ്കിലും ഉത്തരത്തിൽ ഒരുതവണപോലും ഫോൺവിളിയുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് പറയാൻ മുഖ്യമന്ത്രി തയാറായില്ല. ഫോൺവിളിയുമായി ബന്ധപ്പെട്ട് ഉത്തരമേഖല ജയിൽ ഡി.ഐ.ജി വകുപ്പുതല അന്വേഷണം നടത്തിയിരുന്നോ എന്ന ചോദ്യത്തിന് ജയിലിലെ അച്ചടക്കലംഘനവും അതിൽ ഉദ്യോഗസ്ഥരുടെ പങ്കും സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നുവെന്ന മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.