'പൂൾ നിർമിക്കാൻ ശേഷിയില്ലാത്തതുകൊണ്ട് അമ്പലക്കുളത്തിൽ നിന്ന്'; റിസോർട്ട് ആരോപണത്തെ പരിഹസിച്ച് പി. ജയരാജന്റെ മകൻ ജെയിൻ രാജ്
text_fieldsകണ്ണൂർ: റിസോർട്ട് ആരോപണത്തെ പരിഹസിച്ച് പി. ജയരാജന്റെ മകൻ ജെയിൻ രാജ്. സ്വന്തമായി 'പൂൾ' നിർമിക്കാനുള്ള ശേഷിയില്ലാത്തത് കൊണ്ട് നാട്ടിലെ അമ്പലകുളത്തിൽ നിന്ന് എടുത്ത പിക്ക് എന്ന അടിക്കുറിപ്പോടെ സ്വന്തം ചിത്രം പങ്കുവെച്ചാണ് ജെയിൻ രാജിന്റെ പരിഹാസം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജന്റെ റിസോർട്ട് ബന്ധം ആരോപിച്ച് കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ പാർട്ടിക്ക് പരാതി നൽകിയ വാർത്തക്ക് പിന്നാലെയാണ് പോസ്റ്റ്. ഇടുക്കിയിലെ മാങ്കുളത്ത് സ്വർണക്കടത്തുകാരനുമായി ചേർന്ന് പി. ജയരാജൻ റിസോർട്ട് നടത്തുന്നുവെന്നാണ് ഇ.പി. ജയരാജൻ പാർട്ടിക്ക് പരാതി നൽകിയത്.
റിസോർട്ടിന്റെ ഡയറക്ടർ ബോർഡ് യോഗത്തിൽ പി. ജയരാജൻ പങ്കെടുക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഉണ്ടെന്നും പി. ജയരാജൻ പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യം ഇടുക്കി ജില്ല കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഇ.പി. ജയരാജൻ പരാതിയിൽ പറയുന്നു. പി. ശശിക്കെതിരായ ആക്ഷേപത്തിന് പിന്നിൽ പ്രവർത്തിച്ചത് പി. ജയരാജന്റെ ബുദ്ധിയാണെന്നും ഇ.പി. ജയരാജൻ ആരോപിക്കുന്നുണ്ട്. സ്വർണം പൊട്ടിക്കൽ, ക്വട്ടേഷൻ സംഘങ്ങളുമായുള്ള പി. ജയരാജന്റെ ബന്ധം ഉൾപ്പെടെ ഗുരുതര ആക്ഷേപങ്ങളാണ് സംസ്ഥാന സെക്രട്ടേറിയറ്റിൽ നൽകിയ കത്തിൽ ഇ.പി. ജയരാജൻ ആരോപിക്കുന്നത്.
മുമ്പ് വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് പി. ജയരാജൻ ഇ.പി. ജയരാജനെതിരെ പരാതിപ്പെടുകയും പാർട്ടി അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അതേസമയം, ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട വൈദേഹം റിസോർട് വിവാദവും പി. ജയരാജനെതിരെ ഉയർന്ന ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധവും അന്വേഷിക്കാൻ പാർട്ടി കമീഷനെ നിയമിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എൻ. ബാലഗോപാലും ടി.പി. രാമകൃഷ്‌ണനുമാണ് അന്വേഷണ കമീഷൻ അംഗങ്ങൾ. പി. ജയരാജനെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ പരാതിയാണ് ഇ.പി. ജയരാജൻ എഴുതി നൽകിയത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇ.പി. ജയരാജന്റെ നീക്കം.
പി. ജയരാജന് സംസ്ഥാനത്തെ പല ജില്ലകളിലും ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പരാതിയിൽ ഇ.പി ആരോപിക്കുന്നു. സ്വർണം പൊട്ടിക്കൽ സംഘവുമായി പി. ജയരാജന് ബന്ധമുണ്ടെന്ന ആരോപണത്തിലും കഴമ്പുണ്ടെന്നും സി.പി.എം നേതാക്കളെ സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്താൻ നവമാധ്യമ സംഘം പി. ജയരാജന് കീഴിൽ പ്രവർത്തിക്കുന്നുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. വൈദേഹം റിസോർട്ടുമായി ഇ.പി. ജയരാജനുള്ള പങ്കും സാമ്പത്തിക ക്രമക്കേടും ആസ്തി സംബന്ധിച്ച പി. ജയരാജന്റെ ആരോപണങ്ങളും ഈ അന്വേഷണ കമീഷൻ പരിശോധിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

