പന്നിയിറച്ചി വിൽപനക്കെതിരെ ജമാഅത്തെ ഇസ്ലാമിയെന്ന് വ്യാജ പ്രചാരണം: പൊലീസിൽ പരാതി നൽകി
text_fieldsമൂവാറ്റുപുഴ: പന്നിയിറച്ചി വിൽപനക്കെതിരെ ജമാഅത്തെ ഇസ്ലാമി എന്ന പേരിൽ വ്യാജ പോസ്റ്റുണ്ടാക്കി സമൂഹമാധ്യമം വഴി പ്രചരിപ്പിച്ച് സംഘടനയെ അപകീർത്തിപ്പെടുത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മൂവാറ്റുപുഴ പൊലീസിൽ പരാതി. മതവിഭാഗങ്ങൾ തമ്മിൽ കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തെറ്റായ പ്രചാരണമെന്ന് പരാതിയിൽ പറയുന്നു.
മൂവാറ്റുപുഴയിൽ പന്നിയിറച്ചി വിൽപനക്കും ഉപയോഗത്തിനും ജമാഅത്തെ ഇസ്ലാമി എതിരാണെന്ന തരത്തിൽ തെറ്റായി പോസ്റ്ററുണ്ടാക്കി ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഏരിയ പ്രസിഡന്‍റ് പി.എ. മുഹമ്മദ് കാസിമാണ് പരാതി നൽകിയത്. ജലജ ശ്രീനിവാസ് ആചാര്യ എന്ന എഫ്.ബി അക്കൗണ്ട് വഴിയാണ് വ്യാജ പ്രചാരണം നടത്തിയത്.
‘കേരളം ഇസ്ലാമിസ്റ്റ് ഭീകരവാദികളുടെ കൈയിൽ, നാളെ മൂവാറ്റുപുഴയിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും മതനികുതിയും കൊടുക്കേണ്ടിവരുമോ’ എന്നും പോസ്റ്റിലുണ്ട്. പോസ്റ്റിൽ പരാമർശിക്കുന്ന വിഷയവുമായി ജമാഅത്തെ ഇസ്ലാമിക്ക് ഒരു ബന്ധവുമില്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സംഘടനയെ അപകീർത്തിപ്പെടുത്താനും പ്രദേശത്ത് വർഗീയ സംഘർഷം സൃഷ്ടിക്കാനുമുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്നും പരാതിയിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.