കേരള ജംഇയ്യതുൽ ഉലമ നൂറാം വാർഷിക സമ്മേളനം 16ന് കോഴിക്കോട്ട്
text_fieldsകോഴിക്കോട്: കേരള ജംഇയ്യതുൽ ഉലമ അഹ്ലുസ്സുന്ന വൽ ജമാഅയുടെ (കെ.ജെ.യു) നൂറാം വാർഷികത്തിന്റെ ഭാഗമായി നവംബർ 16ന് കോഴിക്കോട് കടപ്പുറത്ത് ബഹുജന സമ്മേളനം നടക്കുമെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലകോയ മദനി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് നാലിന് കോഴിക്കോട് കടപ്പുറത്താണ് സമ്മേളനം. രണ്ടുവർഷം നീണ്ട വിവിധ പരിപാടികളുടെ സമാപനമായാണ് ബഹുജന സമ്മേളനം സംഘടിപ്പിക്കുന്നത്.
അഹ്ലെ ഹദീസ് അഖിലേന്ത്യ പ്രസിഡന്റ് അസ്ഗർ അലി ഇമാം മഹ്ദി സലഫി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. രാഘവൻ എം.പി, ഷാഫി പറമ്പിൽ എം.പി, അഹ്മദ് ദേവർകോവിൽ എം.എൽ.എ, ഡോ. ഫസൽ ഗഫൂർ, എം. മഹ്ബൂബ് എന്നിവർ അതിഥികളായി പങ്കെടുക്കും. മത, സാമൂഹിക, വിദ്യാഭ്യാസ രംഗത്തെ സമകാലിക സംഭവങ്ങൾ വിശകലനം ചെയ്യുന്ന 100 പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കും.
ജംഇയ്യതുൽ ഉലമയുടെ നൂറു വർഷത്തെ ചരിത്രം ഉൾക്കൊള്ളുന്ന സുവനീർ പ്രകാശനം ചെയ്യും. നൂറാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി നവംബർ 15ന് രാവിലെ 10 മുതൽ വൈകീട്ട് നാലു വരെ കോഴിക്കോട് ഹോട്ടൽ ‘വുഡിസി’ൽ തെരഞ്ഞെടുക്കപ്പെട്ട പണ്ഡിതർക്കായി ദേശീയ പണ്ഡിത സമ്മേളനവും നടക്കും. വാർത്തസമ്മേളനത്തിൽ കെ.ജെ.യു പ്രസിഡന്റ് പി.പി. മുഹമ്മദ് മദനി, സെക്രട്ടറി ഹനീഫ് കായക്കൊടി, ട്രഷറർ എ.കെ. ഈസ മദനി, പ്രോഗ്രാം ചെയർമാൻ ഡോ. പി.പി. അബ്ദുൽ ഹഖ്, കെ.എൻ.എം സെക്രട്ടറി ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, മീഡിയ കൺവീനർ നിസാർ ഒളവണ്ണ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

