സപ്ലൈകോയിൽ ജോലി തട്ടിപ്പ്: ജീവനക്കാരിക്കെതിരെ കേസ്; തട്ടിപ്പിനിരയായത് നൂറിലധികം യുവാക്കൾ
text_fieldsപാലക്കാട്: സപ്ലൈകോയിൽ അസിസ്റ്റന്റ് സെയിൽസ്മാൻ ജോലി വാഗ്ദാനംചെയ്ത് വൻ തട്ടിപ്പ്. സപ്ലൈകോ റീജനൽ ഓഫിസിൽ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിൽ ജോലിചെയ്യുന്ന കെ.ടി. മിനിക്കെതിരെ വിജിലൻസ് കേസെടുത്തു. ഇവർ സസ്പെൻഷനിലാണ്.
കാസർകോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽനിന്നായി നൂറിലധികം യുവാക്കൾ തട്ടിപ്പിനിരയായെന്നാണ് വിവരം. ശരാശരി രണ്ടു ലക്ഷം രൂപ വീതം വാങ്ങിയെന്നാണ് സൂചന. ചില സംഘടനകളുടെ പ്രവർത്തകർ മുഖേനയും പണം വാങ്ങിയതായി വിജിലൻസിന് വിവരം ലഭിച്ചു.
കാസർകോട്ട് 20 പേരിൽനിന്ന് പണം വാങ്ങിയതായി നേരത്തേ വിവരം ലഭിച്ചിരുന്നു. ഏകദേശം 20 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി വിജിലൻസ് അറിയിച്ചു. എലവഞ്ചേരിയിൽ രണ്ട് പെൺമക്കൾക്ക് ജോലി വാഗ്ദാനം ചെയ്ത്, കൂലിപ്പണിക്കാരായ രക്ഷിതാക്കളിൽനിന്ന് പണം വാങ്ങി.
സസ്പെൻഷൻ സമയത്തും ജീവനക്കാരുടെ ടാഗ് ധരിച്ച് പലരെയും സമീപിച്ചതായി വിജിലൻസിന് വിവരം ലഭിച്ചു. തുടർപരാതികളുണ്ടോയെന്നും പരിശോധിച്ചുവരുകയാണ്. തട്ടിപ്പിനിരയായ യുവതികളെ ഏജന്റുമാരാക്കിയും പണം വാങ്ങിയെന്ന് പരാതികൾ ലഭിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.