ഇത് യാദൃച്ഛികമല്ല, ആസൂത്രിത പ്രവൃത്തി, ഗാന്ധി വധത്തിൽ സവർക്കർ ഒരു പ്രതിയായിരുന്നു -ബ്രിട്ടാസ്
text_fieldsതിരുവനന്തപുരം: മഹാത്മാ ഗാന്ധിക്കു മുകളിൽ വി.ഡി. സവർക്കറെ പ്രതിഷ്ഠിച്ചുള്ള വിവാദ പോസ്റ്ററിനെക്കുറിച്ച് പ്രതികരണവുമായി ജോൺ ബ്രിട്ടാസ് എം.പി. ഇത് യാദൃച്ഛികമല്ലെന്നും ആസൂത്രിതമായ പ്രവൃത്തിയാണെന്ന് മനസ്സിലാക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലെന്ന് ബ്രിട്ടാസ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
പഴയ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഗാന്ധിജിയുടെ ചിത്രത്തിന് നേർ എതിർവശം സവർക്കറെ പ്രതിഷ്ഠിച്ചവരാണ് ഇവരെന്നും ഗവൺമെന്റിന്റെ നടപടികൾ രാഷ്ട്രത്തിന്റെ മതനിരപേക്ഷ ഭരണഘടനയോടുള്ള പ്രതിബദ്ധതയെയാണ് അട്ടിമറിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ്
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ബ്രിട്ടീഷ് വിധേയത്വത്തിന്റെയും പ്രതീകമായ വി.ഡി. സവർക്കർ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിക്ക് മുകളിൽ ! കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഔദ്യോഗിക പോസ്റ്ററിലാണ് ഈ സവർക്കർ വീരാരാധന . ഇത് യാദൃശ്ചികമല്ല, മറിച്ച് ആസൂത്രിതമായ ഒരു പ്രവൃത്തിയാണെന്ന് മനസ്സിലാക്കാൻ രണ്ടാമതൊന്നു ആലോചിക്കേണ്ടതില്ല . പഴയ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഗാന്ധിജിയുടെ ചിത്രത്തിന് നേർ എതിർവശം സവർക്കറേ പ്രതിഷ്ഠിച്ചവരാണ് ഇവർ .
ഗവൺമെന്റിന്റെ നടപടികൾ രാഷ്ട്രത്തിന്റെ മതനിരപേക്ഷ ഭരണഘടനയോടുള്ള പ്രതിബദ്ധതയെയാണ് അട്ടിമറിക്കുന്നത് . ഗാന്ധിജിയുടെ വധത്തിൽ സവർക്കർ ഒരു പ്രതിയായിരുന്നുവെന്നും, തെളിവുകളുടെ അഭാവത്തിൽ അദ്ദേഹം കുറ്റവിമുക്തനായെങ്കിലും, പിന്നീട് കപൂർ കമ്മീഷൻ സവർക്കറിനെതിരെ സാഹചര്യ തെളിവുകൾ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ശ്രദ്ധേയമാണ്. ഭരണഘടനയെ ഉയർത്തിപ്പിടിക്കുന്നവർ ഈ നീതിനിന്ദയിലും മതനിരപേക്ഷ മൂല്യങ്ങളുടെ അട്ടിമറിയിലും ശക്തമായി പ്രതികരിക്കണം.
പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ സ്വാതന്ത്ര്യ ദിന പോസ്റ്ററാണ് വിവാദത്തിലായത്. ഗാന്ധിയേക്കാൾ മുകളിൽ സവർക്കർ വരുന്ന രീതിയിലാണ് പോസ്റ്റർ ഡിസൈൻ ചെയ്തത്. സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ് എന്നിവരും പോസ്റ്ററിൽ സവർക്കറിന് താഴെയുണ്ട്. പെട്രോളിയം മന്ത്രാലയത്തിന്‍റെ ട്വിറ്റര്‍ പേജിൽ പങ്കുവെച്ച പോസ്റ്ററിനെതിരെ കടുത്ത വിമർശനമാണ് വിവധകോണുകളിൽനിന്ന് ഉയരുന്നത്. മുഴുവൻ സ്വാതന്ത്ര്യ സമര സേനാനികളെയും അപമാനിക്കുന്ന നടപടിയാണ് പെട്രോളിയം മന്ത്രാലയത്തിന്‍റേത് എന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.