കസ്റ്റമർ മാത്രം; ജോളിയുമായി ബന്ധമില്ലെന്ന് ബ്യൂട്ടിപാർലർ ഉടമ
text_fieldsകോഴിക്കോട്: എൻ.ഐ.ടി പരിസരത്തെ ബ്യൂട്ടിപാർലറിലെ കസ്റ്റമർ മാത്രമാണ് ജോളിയെന്നും ഇവരുമായി കൂടുതൽ ബന്ധമില്ലെന്നും ബ്യൂട്ടിപാർലർ ഉടമ സുലേഖ. എന്‍.ഐ.ടിക്കടുത്ത് മണ്ണിലേതില്‍ വീട്ടില്‍ രാമകൃഷ്ണന്‍റെ മരണത്തിൽ ജോളിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മകൻ രോഹിത് രംഗത്തെത്തിയിരുന്നു. ജോളിയും ബ്യൂട്ടിപാർലർ ഉടമയും രാമകൃഷ്ണനും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടെന്നും ഇത് അന്വേഷിക്കണമെന്നുമായിരുന്നു ആവശ്യം.
ജോളി ബ്യൂട്ടിപാർലർ ഉടമയല്ലെന്നും കസ്റ്റമർ മാത്രമാണെന്നും ഉടമ സുലേഖ പറഞ്ഞു. എൻ.ഐ.ടിയിലെ അധ്യാപികയാണെന്നാണ് ജോളി പറഞ്ഞിരുന്നത്. വ്യക്തിപരമായ അടുപ്പം ഇല്ല. അധ്യാപിക എന്ന പരിഗണന നൽകിയിരുന്നു. ഭർത്താവ് റോയി മരിച്ച സമയത്ത് ജോളിയുടെ വീട്ടിൽ പോയിരുന്നുവെന്നും സുലേഖ പറഞ്ഞു.
2016ലാണ് മണ്ണിലേതില്‍ വീട്ടില്‍ രാമകൃഷ്ണൻ മരിക്കുന്നത്. ഹൃദയസ്തംഭനം മൂലം മരിച്ചെന്നാണ് കരുതുന്നത്. എന്നാൽ, പിതാവിന്‍റെ മരണം കൂടത്തായിയിലെ മരണങ്ങൾക്ക് സമാനമാണെന്ന് മകൻ രോഹിത് പറയുന്നു.
ഭക്ഷണം കഴിച്ച് കിടന്ന പിതാവ് വെള്ളം കുടിക്കാൻ എഴുന്നേൽക്കുകയും വെള്ളം കുടിച്ചയുടൻ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നെന്നും രോഹിത് പറഞ്ഞു. സാമ്പത്തിക ഇടപാടുകളിൽ 55 ലക്ഷം രൂപയുടെ നഷ്ടം രാമകൃഷ്ണന് സംഭവിച്ചതായും ഇതിനെ കുറിച്ച് അന്വേഷിക്കണമെന്നുമാണ് രോഹിതിന്‍റെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.