കന്യാസ്ത്രീകളുടെ ജാമ്യഹരജി; അമിത് ഷായുടെ വാക്കുപോലും കാറ്റിൽ പറത്തിയെന്ന് ജോസഫ് പാംപ്ലാനി
text_fieldsജോസഫ് പാംപ്ലാനി
കണ്ണൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകള്‍ പോലും കാറ്റില്‍ പറത്തി ഛത്തിസ്ഗഢ് സംസ്ഥാന സര്‍ക്കാര്‍ നിഗൂഢമായ നീക്കത്തിലൂടെയാണ് കന്യാസ്ത്രീകളുടെ ജാമ്യഹരജിയെ എതിര്‍ത്തതെന്ന് തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. തലശ്ശേരി, കണ്ണൂർ, കോട്ടയം രൂപതകളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമിത് ഷാ വിഷയത്തില്‍ ഇടപെട്ടതും സര്‍ക്കാര്‍ ജാമ്യത്തെ എതിര്‍ക്കില്ല എന്നുപറഞ്ഞതും വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്.
സംസ്ഥാന സര്‍ക്കാര്‍ ജാമ്യഹരജി എതിര്‍ത്തത് അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമാണ്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ സമയോചിത ഇടപെടല്‍ ഉണ്ടാകേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന് വരുത്തിത്തീര്‍ക്കാന്‍ ചില തീവ്രവാദ സംഘടനകള്‍ ശ്രമിക്കുകയാണ്.
അത്തരം സംഘടനകളെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാറിന് കഴിയുന്നില്ല. രാജ്യത്ത് നീതി നിഷേധിക്കപ്പെടുമ്പോള്‍ ജനാധിപത്യ സംവിധാനത്തില്‍ ഭരണകൂടങ്ങളെയല്ലാതെ തങ്ങളാരെയാണ് സമീപിക്കേണ്ടതെന്നും ജോസഫ് പാംപ്ലാനി ചോദിച്ചു. ഇത്തരത്തില്‍ നീതി നിഷേധിക്കുമ്പോള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയല്ലാതെ എന്താണ് ചെയ്യേണ്ടത്? നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന് നാഴികക്ക് നാല്പതുവട്ടം വിളിച്ചുകൂവിയാല്‍ അത് നിര്‍ബന്ധിത മതപരിവര്ത്തനമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.