രൂപേഷിനെതിരായ പുതിയ കേസ് ഗൂഢാലോചനയെന്ന് ജസ്റ്റിസ് ഫോർ പ്രിസണേഴ്സ്
text_fieldsകൊച്ചി: ജയിൽ മോചിതനാകാനിരിക്കെ മാവോവാദി പ്രവർത്തകൻ രൂപേഷിനെ മറ്റൊരു കേസിൽ പ്രതിചേർക്കുന്നതിന് പിന്നിൽ ഗൂഢാലോചനയെന്ന് ജസ്റ്റിസ് ഫോർ പ്രിസണേഴ്സ്. 2026 മാർച്ച് 31നുള്ളിൽ രാജ്യത്തെ മാവോവാദി മുക്തമാക്കുമെന്ന് പ്രഖ്യാപിച്ച് ജനകീയ പ്രതിരോധങ്ങൾക്കുമേൽ സംഘ്പരിവാർ സർക്കാർ നടത്തുന്ന അടിച്ചമർത്തലിന്റെ ഭാഗമാണിതെന്ന് കൺവീനറും രൂപേഷിന്റെ ഭാര്യയുമായ അഡ്വ. പി.എ. ഷൈന വാർത്തസമ്മേളനത്തിൽ പറഞ്ഞു. 2015 മേയ് അഞ്ചിനാണ് രൂപേഷ് അടക്കം അഞ്ച് രാഷ്ട്രീയപ്രവർത്തകർ കോയമ്പത്തൂരിൽ അറസ്റ്റിലായത്. തമിഴ്നാട്ടിൽ 16 കേസും കേരളത്തിൽ 26 കേസും കർണാടകയിൽ ഒരുകേസും രൂപേഷിനുമേൽ ചുമത്തി.
തമിഴ്നാട്ടിലെ ഒരുകേസിൽ പോലും വിചാരണ പൂർത്തീകരിച്ച് വിധി പറഞ്ഞിട്ടില്ല. കേരളത്തിൽ മൂന്ന് കേസുകളിലാണ് വിചാരണ പൂർത്തീകരിച്ചത്. ഇതിനിടയിൽ 13 കേസുകളിൽനിന്ന് പൂർണമായും ഒരു കേസിൽനിന്ന് ഭാഗികമായും രൂപേഷിനെ മുക്തമാക്കി. കർണാടകയിലെ മടിക്കേരിയിൽ ഫയൽ ചെയ്തിരിക്കുന്ന കേസിൽ രൂപേഷിനെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടു. കേരളത്തിൽ വിചാരണ പൂർത്തിയായ മൂന്ന് കേസുകളിൽ രണ്ടെണ്ണത്തിൽ പൂർണമായി കുറ്റവിമുക്തനാക്കുകയും മറ്റൊന്നിൽ പത്തുവർഷത്തേക്ക് ശിക്ഷിക്കുകയും ചെയ്തു.
ആ കേസിൽ ഒമ്പതുവർഷം തടവിൽ കഴിഞ്ഞ ശേഷമാണ് 10 വർഷം തടവിന് ശിക്ഷിക്കുന്നത്. ഇതിൽ ശിക്ഷ പൂർത്തീകരിക്കപ്പെട്ടു. ജയിൽമോചനത്തിനുള്ള സാഹചര്യങ്ങൾ രൂപപ്പെട്ടപ്പോഴാണ് കർണാടകയിലെ ബെൽത്തങ്ങാടി പൊലീസ് ഫയൽ ചെയ്ത 13 വർഷം മുമ്പുള്ള കേസ് ചുമത്തുന്നത്. ഇപ്പോൾ കേസെടുത്തിരിക്കുന്ന നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് അവർ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ പി.യു.സി.എൽ സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. പി.എ. പൗരൻ, അഡ്വ. തുഷാർ നിർമൽ സാരഥി, രൂപേഷിന്റെ മകൾ ആമി, ജസ്റ്റിസ് ഫോർ പ്രിസണേഴ്സ് പ്രവർത്തക എസ്. സഫീറ എന്നിവരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.