‘വണ്ടിയിടിച്ചുകൊല്ലുക, ശവമടക്കിനു മുമ്പ് ജാമ്യം കിട്ടുക... ഇതംഗീകരിക്കാനാവില്ല, പാവപ്പെട്ടവനും ജഡ്ജിക്കും നീതി ഒരുപോലെ’; ചേരാനല്ലൂർ പൊലീസിനെതിരെ ആഭ്യന്തരമന്ത്രി
text_fieldsആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: ചേരാനല്ലൂരിലെ അപകടത്തിൽ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായും കടുത്ത നടപടിയുണ്ടാകുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ലൈസൻസില്ലാത്ത വ്യക്തി വാഹനമോടിച്ച് ഒരാളെ ഇടിച്ചുകൊല്ലുകയും, മൃതദേഹം അടക്കുന്നതിന് മുൻപ് തന്നെ പ്രതിക്ക് ജാമ്യം ലഭിക്കുകയും ചെയ്ത സംഭവം അംഗീകരിക്കാനാകില്ലെന്നും വിഷയത്തിൽ ഡി.ജി.പിയെ വിവരം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമവും നീതിയും പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ജഡ്ജിയെന്നോ വാദിയെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരുപോലെയാണെന്ന് ചെന്നിത്തല പറഞ്ഞു. സാധാരണക്കാരായ മനുഷ്യരുടെ ജീവൻ നഷ്ടപ്പെടുത്താൻ ആർക്കും അധികാരമില്ല. ഇത്തരം സംഭവങ്ങൾ കേരളത്തിൽ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘എഡിജിപി പി വിജയനെ അന്വേഷിക്കാൻ ഏൽപിച്ചിട്ടുണ്ട്. അദ്ദേഹം അന്വേഷിച്ച് റിപ്പോർട്ട് തരട്ടെ. അതിനുശേഷം നടപടി ഉണ്ടാകും. മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും വണ്ടി ഓടിക്കുന്ന ഒരാളെയും നമ്മൾ വെറുതെ വിടില്ല. മറ്റൊരു രാജ്യത്തും സംസ്ഥാനത്തും ഇല്ലാത്ത നിലയിലാണ് കേരളത്തിൽ മദ്യപിച്ച് വണ്ടി ഓടിക്കുന്നത്. അതിൽ കടുത്ത നടപടി ഉണ്ടാകും.
ഈ അപകടം ഉണ്ടായത് തന്നെ കേരളത്തെ ഞെട്ടിപ്പിച്ച സംഭവമാണ്. ആ സംഭവത്തിൽ പൊലീസ് സ്വീകരിക്കേണ്ട നടപടി സ്വീകരിച്ചില്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഞാൻ അത് ഡിജിപിയെ അറിയിച്ചിരുന്നു. ലൈസൻസ് ഇല്ലാത്ത ഒരു വ്യക്തി വണ്ടി ഓടിക്കുക, ഒരാളെ ഇടിച്ചുകൊല്ലുക, അയാളുടെ ശവശരീരം അടക്കുന്നതിനു മുമ്പ് ആ വ്യക്തിക്ക് ജാമ്യം കിട്ടുക, അവിടെ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ട്. അത് അംഗീകരിക്കാൻ നിവൃത്തിയില്ല. വീഴ്ച എന്താണെന്ന് അന്വേഷിച്ച് നടപടി ഉണ്ടാകും. അതോടൊപ്പം തന്നെ ഈ ആരുടെ പേരിലാണോ ഈ വാഹനം അവരുടെ പേരിലും നടപടി ഉണ്ടാകും. കാരണം മനുഷ്യരുടെ വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുത്താനുള്ള ഒരു അധികാരവും ആർക്കുമില്ല. നിയമവും നീതിയും എല്ലാവർക്കും ഒരുപോലെയാണ്. പണക്കാരനോ പാവപ്പെട്ടവനോ ജഡ്ജിയോ വാദിയോ ആണെങ്കിലും എല്ലാവർക്കും ഒരുപോലെ തന്നെയാണ് നീതി’ -മന്ത്രി പറഞ്ഞു.
മദ്യപിച്ച് ഡ്രൈവിങ്: നിയമനിർമ്മാണം പരിഗണനയിൽ
മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും വാഹനമോടിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ മൂന്നുനാല് ദിവസങ്ങൾക്കുള്ളിൽ മാത്രം ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങ്ങിന് 14,700 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യപിച്ചുള്ള ഡ്രൈവിങ് പൂർണ്ണമായും തടയാൻ ആവശ്യമെങ്കിൽ നിയമം നിർമ്മിക്കുന്നതിനെ കുറിച്ച് ഗതാഗത മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റോഡിലിറങ്ങുന്ന സാധാരണക്കാരായ മനുഷ്യരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷ മുൻനിർത്തി കടുത്ത നടപടികളുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി.
‘റോഡിൽ പാവപ്പെട്ട മനുഷ്യൻ നടന്നു പോകുമ്പോൾ അവരെ ഇടിച്ചു തെറിപ്പിക്കുന്ന നടപടി ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ഈ കാര്യങ്ങളിലൊക്കെ കടുത്ത നടപടികൾ ഉണ്ടാകും. പൊലീസിന് വീഴ്ചയുണ്ടെങ്കിൽ അവരുടെ പേരിലും നടപടി ഉണ്ടാകും. മദ്യപിച്ച് വാഹനം ഓടിക്കുന്നത് ഈ കേരളത്തിലല്ലാതെ പിന്നെ എവിടെയാ നടക്കുന്നത്. 14,700 പേരെയാണ് മൂന്നുനാല് ദിവസം കൊണ്ട് അറസ്റ്റ് ചെയ്തത്.
മയക്കുമരുന്ന് കഴിച്ചും മദ്യം കുടിച്ചും വണ്ടി ഓടിക്കുന്നത് എവിടെയെങ്കിലും നടക്കുമോ. ഇത് തടയാൻ നിയമനിർമ്മാണത്തെ കുറിച്ച് ഗതാഗത മന്ത്രിയുമായി സംസാരിച്ചു. നിയമനിർമ്മാണം വേണമെങ്കിൽ അത് ചെയ്യും. സാധുക്കളായ ആളുകൾ നടന്നു പോകുമ്പോഴും സ്കൂട്ടറിൽ പോകുമ്പോഴും വണ്ടി ഇടിക്കുക, എന്നിട്ട് അവരെ കൊലപ്പെടുത്തുക, ഇത് അനുവദിച്ചു കൊടുക്കാൻ നിവൃത്തിയില്ല. ഇതൊക്കെ ഏത് സംസ്ഥാനത്താണ് നടക്കുക?
റോഡ് അപകടങ്ങളിൽ നല്ലൊരുശതമാനത്തിനും കാരണം മദ്യപിച്ചു വണ്ടി ഓടിക്കുന്നതാണ്. ഇത് അനുവദിക്കുന്ന പ്രശ്നമേ ഇല്ല. അതുകൊണ്ട് ശക്തമായ നടപടി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും വണ്ടി ഓടിക്കാൻ ആരും മുന്നോട്ടു വരരുതെന്നാണ് കേരളത്തിൽ ഉള്ള എല്ലാവരോടും പറയാനുള്ളത്. അങ്ങനെയുള്ള ആളുകളെ നിരുസാഹപ്പെടുത്തണം.
വിലപ്പെട്ട മനുഷ്യജീവനുകൾ കുരുതി കൊടുക്കുന്ന നടപടിയോട് യോജിക്കാൻ കഴിയില്ല. കർശന നടപടി ഉണ്ടാകും. പിന്നെ ആരും പരാതി പറയരുത്. ഒരാളെ ഇടിച്ചു കൊന്നിട്ട് പിന്നെ മാപ്പ് പറഞ്ഞിട്ട് കാര്യമില്ലല്ലോ. ആ മരിക്കുന്ന ആളുകൾക്കും കുടുംബവും കുട്ടികളുമുണ്ട്. അവരെ കാത്തിരിക്കുന്ന ആളുകൾ വീട്ടിലുണ്ട് എന്ന കാര്യം കൂടി നമ്മൾ മനസ്സിലാക്കണം. അതുകൊണ്ട് ഒരു വിട്ടുവീഴ്ചയും ഈ കാര്യത്തിൽ ഉണ്ടാകില്ല’ -മന്ത്രി പറഞ്ഞു.

