‘ആര് എവിടെയൊക്കെ മതിൽ ചാടുന്നുവെന്ന് ആർക്കറിയാം’; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെ. മുരളീധരൻ, കുറ്റാരോപിതനെ സംരക്ഷിക്കില്ല
text_fieldsകെ. മുരളീധരൻ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രാജി അടക്കമുള്ള വിഷയങ്ങളിൽ രൂക്ഷ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കില്ലെന്നും രാഹുലിന്‍റെ വിഷയത്തിൽ പാർട്ടി ഉടൻ തീരുമാനം പ്രഖ്യാപിക്കുമെന്നും മുരളീധരൻ പറഞ്ഞു.
രേഖാമൂലം പരാതിയില്ലാത്ത സാഹചര്യത്തിലും ആരോപണം ഉയർന്നപ്പോൾ തന്നെ രാഷ്ട്രീയ ധാർമികതയുടെ പേരിൽ പാർട്ടി ആവശ്യപ്പെട്ട പ്രകാരം രാഹുൽ അധ്യക്ഷ പദവി രാജിവെച്ചു. തുടർനടപടി വേണ്ടെന്നാണ് പാർട്ടി തീരുമാനിച്ചിരുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഫോൺ സംഭാഷണങ്ങൾ പ്രശ്നത്തിന്‍റെ ഗൗരവം വർധിച്ചിട്ടുണ്ട്.
അതോടൊപ്പം, സംഭാഷണത്തിന്‍റെ ആധികാരികത പരിശോധിക്കേണ്ടതുണ്ട്. കാര്യങ്ങളെ കുറിച്ച് പഠിച്ച് ഉചിതമായ നടപടി പാർട്ടി സ്വീകരിക്കും. കുറ്റാരോപിതരെ സംരക്ഷിക്കില്ല. എന്നാൽ, കാര്യങ്ങൾ ബോധ്യപ്പെടുകയും വേണം. രാഹുലിനെതിരെ ആരും രേഖാമൂലം പരാതി നൽകിയിട്ടില്ല. ഫോൺ സംഭാഷണത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസിന് അന്വേഷണം നടത്താം.
'പലർക്കും പല അസുഖങ്ങൾ ഉണ്ടെങ്കിൽ അത് എങ്ങനെ മനസിലാക്കാൻ കഴിയുക. അതൊക്കെ രോഗം പുറത്തു വരുമ്പോഴല്ലേ അറിയൂ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിശാലമായ സമീപനമാണ് പാർട്ടി സ്വീകരിച്ചത്. ഭാവിയുള്ള ചെറുപ്പക്കാരനെ നിയമസഭയിൽ എത്തിക്കണമെന്നത് പാർട്ടിയുടെ വികരമായിരുന്നു. അതനുസരിച്ചാണ് രാഹുലിനെ സ്ഥാനാർഥിയാക്കിയത്. അതിൽ ഭയക്കേണ്ട കാര്യമില്ല. ബി.ജെ.പിയുടെ എം.എൽ.എ വേണമെന്ന് എൽ.ഡി.എഫിന് നിർബന്ധമില്ലെങ്കിൽ പാലക്കാട് ബി.ജെ.പി ജയിക്കാൻ പോകുന്നില്ല. ഇനി തെരഞ്ഞെടുപ്പ് വേണമോ എന്ന കാര്യവും നമ്മൾ ചിന്തിക്കണം.
ഇത്തരം കാര്യങ്ങൾ എങ്ങനെ മുൻകൂട്ടി കാണാൻ കഴിയും. ആര് എവിടെയൊക്കേ മതിൽ ചാടുന്നുവെന്ന് ആർക്കറിയാം. നിലവിൽ നിയമസഭയിൽ ഉള്ളവരുടെ കാര്യങ്ങൾ ചൂണ്ടിക്കാട്ടി മാറ്റി നിർത്തുന്നില്ല. മുകേഷ് രാജിവെച്ചിട്ടില്ല എന്നത് ശരിയാണ്. സംഭാഷണം പുറത്തുവന്ന സാഹചര്യത്തിൽ പ്രശ്നം ഗൗരവമുള്ളതാണ്. അതിന് അനുസരിച്ചുള്ള നടപടി പാർട്ടി സ്വീകരിക്കും' -മുരളീധരൻ വ്യക്തമാക്കി.
ഈ വിഷയത്തിൽ തുറന്ന നിലപാടാനാണ് കോൺഗ്രസിനുള്ളത്. ജനങ്ങളുടെ സംശയങ്ങൾക്ക് അറുതി വരുത്തുക എന്നതാണ് പാർട്ടി നയം. തീരുമാനം വൈകാതെ വരുമെന്നും കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം, കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തലയും രാഹുലിന്‍റെ രാജി ആവശ്യപ്പെട്ടു. ഇനിയും വെളിപ്പെടുത്തലുകൾക്ക് സാധ്യതയുള്ളതിനാൽ രാഹുൽ എം.എൽ.എ പദവിയിൽ തുടരുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് ചെന്നിത്തല വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ് ദാസ് മുൻഷി എന്നിവരുമായുള്ള ചർച്ചയിലാണ് ചെന്നിത്തല നിലപാട് വ്യക്തമാക്കിയത്.
ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകൾ ഉയരുന്ന സാഹചര്യത്തിൽ രാഹുൽ ജനപ്രതിനിധി പദവിയിൽ തുടരുന്നത് തദ്ദേശ -നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയെ ദോഷമായി ബാധിക്കുമെന്നാണ് ചെന്നിത്തല അറിയിച്ചത്. ഇത് ഹൈകമാൻഡിനെയും അദ്ദേഹം അറിയിച്ചു. ഒരു നിമിഷം പോലും അദ്ദേഹം സ്ഥാനം തുടരരുതെന്ന് ചെന്നിത്തല കർശനമായി നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.