രാഹുലിനെതിരായ നടപടി അവസാനിച്ചെന്ന് കരുതേണ്ടെന്ന് കെ. മുരളീധരൻ; ‘കൂടുതൽ പരാതി വന്നാൽ മൂന്നാംഘട്ട നടപടി’
text_fieldsകെ. മുരളീധരൻ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി അവസാനിച്ചെന്ന് കരുതേണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. എം.എൽ.എ സ്ഥാനത്ത് കടിച്ചു തൂങ്ങണോയെന്ന് രാഹുലിൽ തീരുമാനിക്കട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ജനാധിപത്യ പാർട്ടിയിൽ തീരുമാനങ്ങളെടുക്കാൻ ചില നടപടിക്രമങ്ങളുണ്ട്. രാഹുലിനെതിരെ രേഖാമൂലമുണ്ടായ ഒരു പരാതി വന്നിട്ടില്ലെങ്കിലും സമൂഹത്തിൽ വളരെ ചർച്ച ചെയ്യപ്പെടുന്ന വിഷയത്തിലെ ഗൗരവം മനസിലാക്കിയാണ് സസ്പെൻഡ് ചെയ്തത്. ഇത് അവസാന നടപടിയല്ല. ഇനി കൂടുതൽ പരാതികളും പ്രതികരണങ്ങളും വന്നാൽ മൂന്നാം ഘട്ടത്തിലേക്ക് കടക്കും.
ഈ വിഷയത്തിൽ കോൺഗ്രസിനെ വിമർശിക്കാൻ ആർക്കും അവകാശമില്ല. ഇത്രയും നടപടി ഒരു പാർട്ടിയും സ്വീകരിച്ചിട്ടില്ല. പാർട്ടി അംഗത്തിന് ലഭിക്കുന്ന സംരക്ഷണം രാഹുലിന് കോൺഗ്രസിൽ നിന്ന് ലഭിക്കില്ല. രാഹുലിനെ സ്ഥാനാർഥിയാക്കിയത് കോൺഗ്രസും യു.ഡി.എഫും ആണ്. ആ രണ്ടു പേരും കൂട്ടത്തിൽ കൂട്ടേണ്ടെന്ന് പറഞ്ഞാൽ കടിച്ചുതൂങ്ങണോ എന്ന് രാഹുലിന് തീരുമാനിക്കാമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
രാഹുൽ വിഷയത്തിൽ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ, ഒരിക്കലും കുറ്റാരോപിതനൊപ്പമെന്ന നിലപാട് സ്വീകരിക്കില്ലെന്നും കാര്യങ്ങൾ പഠിച്ച് ഉചിതമായ തീരുമാനം പാർട്ടി സ്വീകരിക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
രേഖാമൂലമുള്ള പരാതിയില്ലാത്ത സാഹചര്യത്തിലാണ് ധാർമികതയുടെ പേരിൽ രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത്. മറ്റ് നടപടി വേണ്ടെന്നായിരുന്നു പാർട്ടി തീരുമാനം. എന്നാൽ, പിന്നീട് വന്ന ശബ്ദരേഖകൾ പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിച്ചിട്ടുണ്ട്. അവയുടെ ആധികാരികത പരിശോധിക്കണം. കാര്യങ്ങൾ പഠിച്ച് ഉചിതമായ തീരുമാനം പാർട്ടി സ്വീകരിക്കും.
ആര് എവിടെയൊക്കെ മതില് ചാടുന്നുവെന്ന് ആർക്കറിയാമെന്നും ഇതുപോലുള്ള വിഷയങ്ങൾ എങ്ങനെ മുൻകൂട്ടി കാണാൻ കഴിയും. പലർക്കും പല അസുഖങ്ങളുണ്ടെങ്കിലും അത് പുറത്തു വരുമ്പോഴേ മനസ്സിലാക്കാനാകൂ. ഒരിക്കലും കുറ്റാരോപിതനൊപ്പമെന്ന നിലപാട് സ്വീകരിക്കില്ല.
ഇപ്പോൾ നിയമസഭയിലുള്ള ചിലരുടെ ന്യായം പറഞ്ഞ് നടപടി മാറ്റിവയ്ക്കുകയുമില്ല. വരുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ എം.എൽ.എ വേണമെന്ന് എൽ.ഡി.എഫിന് നിർബന്ധമില്ലെങ്കിൽ പാലക്കാട് ബി.ജെ.പി ജയിക്കില്ലെന്നും കെ. മുരളീധരൻ ചൂണ്ടിക്കാട്ടിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.