‘ലീവ് സറണ്ടർ നിർത്തിയത് ഞങ്ങളല്ല, നിങ്ങളാണ്’; രേഖകൾ നിരത്തി സതീശന് കെഎൻ ബാലഗോപാലിന്റെ മറുപടി
text_fieldsകെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിക്കുന്നത് പരിഗണനയിലാണെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവനക്കെതിരെ മുൻ ധനമന്ത്രിയും എം.എൽ.എയുമായ കെ.എൻ. ബാലഗോപാൽ.
ലീവ് സറണ്ടർ ആനുകൂല്യം നിർത്തലാക്കിയത് എൽ.ഡി.എഫ് സർക്കാരല്ലെന്നും 2026 ജൂൺ ഒന്നുമുതൽ ആനുകൂല്യം അനുവദിക്കേണ്ടതില്ലെന്ന് ഉത്തരവിറക്കിയത് വി.ഡി. സതീശൻ സർക്കാരാണെന്നും ബാലഗോപാൽ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.
ലീവ് സറണ്ടർ വിഷയത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനക്ക് മറുപടിയായാണ് ബാലഗോപാൽ രംഗത്തെത്തിയത്. പ്രസംഗങ്ങളിൽ ഇത്തരം കാര്യങ്ങൾ പറയുന്നതിന് മുമ്പ് സ്വന്തം സർവിസ് സംഘടനയിലെ ആളുകളോടെങ്കിലും സംസാരിച്ച് വസ്തുതകൾ മനസ്സിലാക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
എൽ.ഡി.എഫ് സർക്കാർ കാലാവധി പൂർത്തിയാക്കുന്നതുവരെ സംസ്ഥാനത്ത് സർക്കാർ ജീവനക്കാർക്ക് ലീവ് സറണ്ടർ ആനുകൂല്യം ലഭ്യമായിരുന്നു.
നിശ്ചിത അടിസ്ഥാന ശമ്പളം വരെ വാങ്ങുന്ന ജീവനക്കാർക്ക് ലീവ് സറണ്ടർ തുക പണമായി നൽകുകയും അതിനു മുകളിൽ ശമ്പളമുള്ളവർക്ക് തുക പ്രോവിഡന്റ് ഫണ്ടിൽ (പി.എഫ്) നിക്ഷേപിക്കാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു.
2026 മാർച്ച് 15ന് പുറത്തിറക്കിയ G.O (P) No. 56/2026/Fin ഉത്തരവിലൂടെ ലീവ് സറണ്ടർ ആനുകൂല്യം അവസാനമായി 2026 മേയ് 31 വരെ ദീർഘിപ്പിച്ചിരുന്നുവെന്നും മുൻ വർഷങ്ങളിലും സമയബന്ധിതമായി ഈ ആനുകൂല്യം അനുവദിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, 2026 ജൂൺ ഒന്നുമുതൽ ലീവ് സറണ്ടർ സൗകര്യം പുതുക്കി നൽകുന്നതിനായി സമർപ്പിച്ച ഫയൽ നിരസിച്ചത് മുഖ്യമന്ത്രി വി.ഡി. സതീശനാണെന്ന് ബാലഗോപാൽ ആരോപിച്ചു.
തുടർന്ന് 2026 ജൂൺ 11ന് പുറത്തിറക്കിയ 26/2026/Fin സർക്കുലറിലൂടെ ജൂൺ ഒന്നുമുതലുള്ള ലീവ് സറണ്ടർ അപേക്ഷകൾ പരിഗണിക്കേണ്ടതില്ലെന്നും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ആനുകൂല്യം അനുവദിക്കേണ്ടതില്ലെന്നും സർക്കാർ നിർദേശിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതോടെ കഴിഞ്ഞ ആറുമാസത്തോളമായി സംസ്ഥാനത്തെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർക്ക് ലീവ് സറണ്ടർ ആനുകൂല്യം നഷ്ടപ്പെടുകയാണ്.
ലീവ് സറണ്ടർ വിഷയത്തിൽ വസ്തുതകൾ മനസ്സിലാക്കാതെ മുഖ്യമന്ത്രി പ്രസ്താവനകൾ നടത്തരുതെന്നും ബാലഗോപാൽ പറഞ്ഞു. വിഷയങ്ങൾ പഠിച്ച് സംസാരിക്കുന്നത് തെറ്റല്ലെന്നും അതിനായി അൽപസമയം ചെലവഴിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം പരിഹസിച്ചു.

