തീരദേശ ഖനനം: മത്സ്യ ഉറവിടങ്ങളെ നശിപ്പിക്കുന്ന നീക്കങ്ങൾ എതിര്‍ക്കും -കേന്ദ്രത്തിനെതിരെ മന്ത്രി രാജൻ
text_fieldsതൃശൂര്‍: തീരദേശ മേഖലയുടെ സംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി കെ. രാജന്. മേഖലയിലെ ഖനനം കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആള് കേരള ഫിഷ് മര്‍ച്ചന്റ് അസോസിയേഷന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മത്സ്യവിപണന മേഖല നേരിടുന്ന വിഷയങ്ങൾ സംസ്ഥാന സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കും. മത്സ്യസമ്പത്തിനെ ബാധിക്കുന്ന ഒരു ഇടപെടലും പ്രോത്സാഹിപ്പിക്കില്ല. അത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ ഇടപെടൽ നടത്തും. മത്സ്യ ഉറവിടങ്ങളെ നശിപ്പിക്കുന്ന എല്ലാ നീക്കങ്ങളെയും എതിര്‍ക്കും. മത്സ്യ ഗുണനിലവാരം പരിശോധിക്കാനുള്ള ലാബുകള്‍ എല്ലാ ജില്ലകളിലും സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഘടനയുടെ ആദ്യഘട്ട സംഭാവനയായി 10 ലക്ഷം രൂപയുടെ ചെക്ക് മന്ത്രിക്ക് കൈമാറി. അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് സി.എം. ഷാഫി അധ്യക്ഷത വഹിച്ചു. തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്, എം.എല്‍.എമാരായ പി.ജെ. സനീഷ് കുമാര്‍, എന്‍.കെ. അക്ബര്‍, സംഘാടകസമിതി ചെയര്മാന് പി.എ. ഹസന്, കണ്‍വീനര്‍ എന്‍.എ. ജലീല്‍, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.