'മാധ്യമപ്രവർത്തകർക്ക് നേരെ കുതിര കയറരുത്'; സുരേന്ദ്രൻ അപവാദ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് കെ.യു.ഡബ്ല്യു.ജെ
text_fieldsതിരുവനന്തപുരം: രാഷ്ട്രീയ വിഷയങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം മാധ്യമപ്രവർത്തകർക്ക് നേരെ കുതിര കയറാനും അപകീർത്തിപ്പെടുത്താനുമുള്ള നീക്കം അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ.
കേരളത്തിലെ മാധ്യമപ്രവർത്തകരെല്ലാം അമേരിക്കൻ ഫണ്ട് കൈപ്പറ്റുന്നവർ ആണെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ്റെ പ്രസ്താവന അപവാദ രാഷ്ട്രീയത്തിൻ്റെ പുതിയ ഉദാഹരണമാണ്. മാധ്യമപ്രവർത്തകരെ താറടിച്ചു കാണിക്കാനുള്ള ഈ നീക്കത്തിൽ യൂണിയൻ സംസ്ഥാന കമ്മിറ്റി കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു.
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രമ്പ് പറഞ്ഞ ഫണ്ട് ആരാണ് കൈപ്പറ്റിയതെന്ന് ട്രമ്പ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അതിന് മാധ്യമങ്ങളെ പഴി ചാരാൻ ശ്രമിക്കേണ്ട. പഠനയാത്രകൾക്കും പരിപാടികൾക്കുമായി ഫണ്ടുകൾ കൈപ്പറ്റുന്നവർ എല്ലാ വിഭാഗങ്ങളിലുമുണ്ട്. അതിനെയെല്ലാം രാജ്യത്തെ അട്ടിമറിക്കാനുള്ള ഫണ്ടായി ചിത്രീകരിച്ചാൽ സ്വന്തം പക്ഷത്തും ക്ഷതമേറ്റേക്കാം എന്ന് സുരേന്ദ്രൻ ഓർക്കുന്നത് നന്നായിരിക്കും.
ആർജവം ഉണ്ടെങ്കിൽ, കുഴപ്പം പിടിച്ച ഫണ്ട് ആരെങ്കിലും കൈപ്പറ്റുന്നതായി അറിയുമെങ്കിൽ ആ പേരുകൾ സുരേന്ദ്രൻ വെളിപ്പെടുത്തട്ടെ. അല്ലാതെ കഥകൾ കെട്ടിച്ചമച്ചു മാധ്യമപ്രവർത്തകരെ സൈബർ ലോകത്ത് കൊലയ്ക്ക് കൊടുക്കാനുള്ള ശ്രമം ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്നും യൂനിയൻ സംസ്ഥാന പ്രസിഡൻ്റ് കെ.പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.