‘സതീശാ.. ചുണയുണ്ടെങ്കിൽ താൻ തെളിവ് ഹാജരാക്ക്’; പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് കടകംപള്ളി
text_fieldsകടകംപള്ളി സുരേന്ദ്രൻ, വി.ഡി. സതീശൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തനിക്ക് പങ്കുണ്ടെന്നതിന് തെളിവ് ഹാജരാക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വെല്ലുവിളിച്ച് ദേവസ്വം മുൻമന്ത്രിയും കഴക്കൂട്ടം എം.എൽ.എയുമായ കടകംപള്ളി സുരേന്ദ്രൻ രംഗത്ത്. വി.ഡി. സതീശൻ തന്‍റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും ചുണയുണ്ടെങ്കിൽ കോടതിയിൽ തെളിവ് ഹാരജാക്കണമെന്നും കടകംപള്ളി ഫേസ്ബുക്കിൽ കുറിച്ചു. സതീശനെതിരെ താൻ ഫയൽ ചെയ്ത മാനനഷ്ട ഹരജിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ തെറ്റായ വാർത്ത നൽകിയതിനു പിന്നിൽ ആരായിരിക്കുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂവെന്നും കടകംപള്ളി കുറിച്ചു.
കടകംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്
വി.ഡി സതീശനെതിരെ ഞാൻ ഫയൽ ചെയ്തിരിക്കുന്ന മാനനഷ്ട ഹർജിയുമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത നൽകുന്നത് ഇന്നലെ മനോരമ ന്യൂസ് ആണ്. അത് തെറ്റാണ് എന്നും കോടതിയിൽ എന്താണ് നടന്നത് എന്നുമുള്ള എന്‍റെ വക്കീലിന്‍റെ പ്രസ്താവന ഞാൻ ഫേസ്ബുക്കിൽ പങ്കുവെക്കുകയും മീഡിയ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തിരുന്നു.
അതിന് ശേഷം നടന്നിരിക്കുന്ന തോന്നിവാസം ആണ് നിങ്ങൾ കമന്‍റിൽ കാണുന്നത്. ഇത് എന്തൊരു തരം മാധ്യമ പ്രവർത്തനം ആണ്? എല്ലാ മീഡിയയിലും ഒരേ ടെംപ്ലേറ്റിൽ ഒരു വ്യാജവാർത്ത വരുന്നുണ്ടെങ്കിൽ ഉറപ്പിക്കാം അതിന്‍റെ സോഴ്സ് ഒന്നായിരിക്കും എന്ന്. ആ സോഴ്സ് ആരായിരിക്കും എന്നും നമുക്ക് ഊഹിക്കാമല്ലോ.
ഇനി സതീശനോടാണ്. സതീശാ, നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു. എങ്കിലും പറയുകയാണ്, രാഷ്ട്രീയം മാന്യമായി പ്രവർത്തിക്കാൻ ഉള്ളതാണ്. താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ. ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്. കോടതിയും ജനങ്ങളും കാണട്ടെ..
അതേസമയം കടകംപള്ളിക്കെതിരെ താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും, ദ്വാരപാലക ശിൽപം മറിച്ചുവിറ്റതിൽ ഇടനിലക്കാരൻ അദ്ദേഹമാണെന്നതിൽ സംശയമില്ലെന്നും തെളിവ് ഹാജരാക്കിക്കോളാമെന്നും വി.ഡി. സതീശൻ പറഞ്ഞു. അന്നത്തെ ദേവസ്വം മന്ത്രിയായ കടകംപള്ളിയുടെ അറിവില്ലാതെ ഒന്നും സംഭവിക്കില്ലെന്നും കോടതിയിൽ തെളിവ് ഹാജരാക്കാൻ വെല്ലുവിളിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

