മാപ്പെഴുതി നൽകുന്ന ശീലം ആർ.എസ്.എസിന്റേത്; വിദ്യാർഥികൾക്കെതിരായ അച്ചടക്ക നടപടി ഒഴിവാക്കാനുള്ള നിബന്ധന അംഗീകരിക്കില്ലെന്ന് എസ്.എഫ്.ഐ
text_fieldsകാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ വിദ്യാർഥികൾക്കെതിരായ അച്ചടക്ക നടപടിയിൽ സിൻഡിക്കേറ്റ് നിലപാടിൽ ചില ഇളവുകൾ വരുത്തിയെങ്കിലും ക്യാമ്പസിൽ പ്രതിഷേധം കൂടുതൽ രൂക്ഷമാകുന്നു. മാപ്പപേക്ഷ നൽകിയാൽ നടപടി ഒഴിവാക്കാമെന്ന നിബന്ധന യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്ന് എസ്എഫ്ഐ വ്യക്തമാക്കി.
മാപ്പെഴുതി നൽകുന്ന ശീലം ആർ.എസ്.എസിന്റേതാണെന്നും അത്തരം നിലപാടുകൾ എസ്.എഫ്.ഐക്ക് ഇല്ലെന്നും സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് വ്യക്തമാക്കി. വിദ്യാർഥികൾ ഒരു തെറ്റും ചെയ്തിട്ടില്ല. അന്വേഷണ സമിതിയെ വെച്ച് ആരോപണം ഉണ്ടാക്കി 60 ദിവസത്തേക്ക് വിദ്യാർഥികളെ പുറത്താക്കുകയാണുണ്ടായത്. മാപ്പപേക്ഷ എഴുതി നൽകാനും മാതാപിതാക്കളെ നേരിട്ടെത്തിച്ച് ഉറപ്പുനൽകാനും ആവശ്യപ്പെടുന്നത് ആർ.എസ്.എസ് ബുദ്ധിയിൽ നിന്നുള്ള നീക്കമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സസ്പെൻഷനിലുള്ള 16 വിദ്യാർഥികളുടെയും നടപടി പൂർണ്ണമായി പിൻവലിക്കും വരെ അനിശ്ചിതകാല നിരാഹാര സമരം തുടരാനാണ് എസ്.എഫ്.ഐയുടെ തീരുമാനം. ഇതിനായി സർവ്വകലാശാല ക്യാമ്പസിൽ സമരപ്പന്തൽ ഉയരുകയും നിരാഹാര സമരത്തിനായുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. കൃത്യമായ നോട്ടീസോ നീതി ലഭിക്കാനുള്ള അവസരമോ നൽകാതെയാണ് വിദ്യാർഥികളെ പുറത്താക്കിയതെന്ന് ആരോപിച്ച് രാവിലെ മുതൽ വിദ്യാർഥികൾ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചിരുന്നു.
സിൻഡിക്കേറ്റ് അംഗങ്ങൾ കുറഞ്ഞ രാഷ്ട്രീയത്തിലേക്ക് തരം താഴരുതെന്നും നിർദോഷികളായ വിദ്യാർഥികൾക്കെതിരെയുള്ള വേട്ടയാടൽ അവസാനിപ്പിച്ച് 16 പേരുടെയും സസ്പെൻഷൻ ഉടനടി പിൻവലിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.
അതേസമയം, സസ്പെൻഷനിലായ 16 വിദ്യാർഥികളിൽ 12 പേർ മാപ്പപേക്ഷ നൽകിയാൽ തിരികെ പ്രവേശിപ്പിക്കാമെന്നാണ് സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചത്. എന്നാൽ, സസ്പെൻഷൻ കാലയളവിൽ ക്യാമ്പസിനുള്ളിൽ പ്രവേശിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി ബാക്കി 4 വിദ്യാർഥികളുടെ സസ്പെൻഷൻ നീട്ടാനും സിൻഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്.

