കല്ലാച്ചിയിൽ ബംഗാളികളെ ആക്രമിച്ചത് സി.പി.എമ്മുകാർ; രണ്ടു പേർ അറസ്റ്റിൽ
text_fieldsനാദാപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് കല്ലാച്ചിയിൽ പ്രകടനം നടത്തിയ ബംഗാളിൽനിന്നുള്ള തൊഴിലാളികളെ ആക്രമിച്ച കേസിൽ വഴിത്തിരിവ്. സംഭവത്തിൽ രണ്ടു സി.പി.എം പ്രവർത്തകരെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇല്ലിക്കൽ അഭിലാഷ് (39), കല്ലാച്ചി മലയിൽ മനോജൻ (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സമൂഹത്തിൽ വിദ്വേഷം പടർത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് െപാലീസ് പറഞ്ഞു. കലാപശ്രമത്തിനുള്ള ഐ.പി.സി 153 അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് പ്രകടനം നടത്തി കല്ലാച്ചി കോർട്ട് റോഡിലെ താമസസ്ഥലത്തെത്തി ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് മുഖംമൂടി ആക്രമണമുണ്ടായത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പത് മണിക്കായിരുന്നു സംഭവം. കൊൽക്കത്ത സ്വദേശികളായ ഷഫീഖുൽ ഇസ്ലാം (32), ഷഫ അബ്ദുല്ല (36), മുഖറം (26) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിനുപിന്നിൽ ബി.ജെ.പി പ്രവർത്തകരാണെന്ന് ഇവർ പൊലീസിന് മൊഴി നൽകിയിരുന്നു.
നാലു പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇതിനാൽ അന്വേഷണം ആദ്യഘട്ടത്തിൽ ഈ വഴിക്ക് നീങ്ങുകയുണ്ടായി. പരിക്കേറ്റവർക്ക് പ്രതികളെ തിരിച്ചറിയാൻ കഴിയാത്തതും പൊലീസിന് വെല്ലുവിളിയായി. ഇവർക്കു നേരെ വീണ്ടും ഭീഷണി ഉയർന്നതോടെ പൊലീസ് ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതികളെ വലയിലാക്കുകയായിരുന്നു. അക്രമത്തിൽ പാർട്ടി പ്രവർത്തകർ അറസ്റ്റിലായത് സി.പി.എമ്മിനെ വെട്ടിലാക്കിയിട്ടുണ്ട്. അറസ്റ്റിലായവർ പാർട്ടിയുമായി ബന്ധമുള്ളവരല്ലെന്നും സാമൂഹിക വിരുദ്ധ സംഘമാണെന്നുമാണ് സി.പി.എമ്മിെൻറ വിശദീകരണം. മേഖലയിൽ വൻ കലാപത്തിനു തന്നെ വഴിവെക്കുമായിരുന്ന സംഭവത്തിലാണ് നിർണായക അറസ്റ്റുണ്ടായത്.
നാദാപുരം സി.ഐ കെ.പി. സുനിൽ കുമാറിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ എൻ. പ്രജീഷ്, കെ.പി. പ്രകാശൻ, എ.എസ്.ഐ മജീദ്, സിവിൽ പൊലീസ് ഓഫിസർമാരായ കെ. ലതീവ്, പി. രൂപേഷ്, കൺട്രോൾ റൂം സി.പി.ഒ അബ്ദുൽ മജീദ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. കൊയിലാണ്ടി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.