മണിച്ചന്റെ 25.88 കോടി നികുതിക്കുടിശ്ശിക എഴുതിത്തള്ളാൻ പരിശോധന; ഇളവുകൊടുത്താൽ സർക്കാർ ഏറ്റെടുത്ത ഭൂമി തിരികെ കൊടുക്കേണ്ടിവരും
text_fieldsതിരുവനന്തപുരം: കല്ലുവാതുക്കൽ മദ്യ ദുരന്തക്കേസിൽ ജയിൽ മോചിതനായ മണിച്ചന്റെ കോടികളുടെ നികുതിക്കുടിശ്ശിക എഴുതിത്തള്ളാനാകുമോയെന്ന് പരിശോധിച്ച് സർക്കാർ. 25.88 കോടി രൂപയാണ് അടക്കേണ്ടത്. 2023 ഡിസംബറിലാണ് നികുതി ഇളവിന് അപേക്ഷിച്ചത്. അബ്കാരി കുടിശ്ശിക തീർക്കാൻ സർക്കാർ ആംനെസ്റ്റി സ്കീം ആരംഭിച്ചശേഷമാണ് അപേക്ഷിച്ചതെങ്കിലും സ്കീമിൽ ഉൾപ്പെടുത്താതെ നികുതി വകുപ്പ് പരിശോധിക്കുകയായിരുന്നു.
നികുതിയളവു ലഭിച്ചാൽ കുടിശ്ശികയുടെ പേരിൽ സർക്കാർ ഏറ്റെടുത്ത ഭൂമി നിയമപരമായി തിരികെ ആവശ്യപ്പെടാനാകും. 22 വർഷത്തെ ജയിൽവാസത്തിനുശേഷം 2022 ഒക്ടോബറിലാണ് മണിച്ചൻ ജയിൽ മോചിതനായത്. 2000 ഒക്ടോബർ 21നായിരുന്നു 31 പേരുടെ മരണത്തിനിടയാക്കിയ കല്ലുവാതുക്കൽ വിഷമദ്യദുരന്തം. കേസിലെ ഏഴാം പ്രതിയായിരുന്നു മണിച്ചൻ.
നേരത്തെ മണിച്ചന് കോടതി വിധിച്ചിരുന്ന 30.4 ലക്ഷം രൂപ പിഴത്തുക ഒഴിവാക്കിയിരുന്നു. 22 വർഷത്തെ ജയിൽ വാസത്തിന് ശേഷം 2022ൽ ജയിലിൽ നിന്ന് പുറത്തിറങ്ങുമ്പോഴാണ് സുപ്രീം കോടതി ഉത്തരവ് പ്രകാരം പിഴത്തുക ഒഴിവാക്കിയത്.
മണിച്ചൻ മോചനത്തിന് 30.4 ലക്ഷം രൂപ കെട്ടിവെക്കണമെന്ന് വിധിയുണ്ടായിരുന്നു. എന്നാൽ 22 വർഷമായി ജയിലിൽ കഴിയുന്ന മണിച്ചന് അത്രയും തുക കെട്ടിവെക്കാനാകില്ലെന്ന് കാണിച്ച് ഭാര്യ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് പിഴ തുക ഒഴിവാക്കി സുപ്രീംകോടതി മോചനത്തിന് അനുമതി നൽകിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.