കണ്ണീരോർമയായി കല്യാണി...; നാടിന്റെ ഓമനക്ക് വിടയേകി ജനം
text_fieldsഅമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കല്യാണിയെ പുത്തൻകുരിശ് പണിക്കരുപടിയിലെ വീട്ടിൽ എത്തിച്ചപ്പോൾ കെട്ടിപ്പിടിച്ച് കരയുന്ന പിതാവ് സുഭാഷ് (photo: ബൈജു കൊടുവള്ളി)
കൊച്ചി: അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാലുവയസ്സുകാരി കല്യാണിയുടെ മൃതദേഹം സംസ്കരിച്ചു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകീട്ട് 3.25നാണ് മറ്റക്കുഴിയിലെ വീട്ടിൽ കൊണ്ടുവന്നത്. നാടിന്റെ ഓമനയായിരുന്ന കുരുന്നിന് വിടയേകാൻ ആബാലവൃദ്ധം ഒഴുകിയെത്തി. പിതാവ് സുഭാഷിന്റെയും മുത്തശ്ശിയുടെയും നിലവിളി ഹൃദയഭേദകമായിരുന്നു. അംഗൻവാടിയിലെ സഹപാഠികൾ നൽകിയ യാത്രയയപ്പും കണ്ടുനിന്നവരുടെ കണ്ണ് നനച്ചു. വൈകീട്ട് 4.30ഓടെ തിരുവാണിയൂർ ശാന്തിതീരം പൊതുശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
തിങ്കളാഴ്ച വൈകീട്ട് മൂന്നരക്ക് പുത്തൻകുരിശിനടുത്ത മറ്റക്കുഴി-വെൺമണി അംഗൻവാടിയിൽനിന്ന് മാതാവ് സന്ധ്യ കൂട്ടിക്കൊണ്ടുപോയ കല്യാണിയുടെ മൃതദേഹം ചൊവ്വാഴ്ച പുലർച്ച 2.20ഓടെയാണ് ചാലക്കുടി പുഴയിൽനിന്ന് കണ്ടെത്തിയത്. ആലുവയിൽനിന്നുള്ള സ്കൂബ ടീം പുഴയിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
കുട്ടിയുടെയും മാതാവിന്റെയും വിവരം വൈകീട്ട് ആറുമണിയായിട്ടും ലഭിക്കാത്തതിനെത്തുടർന്ന് സുഭാഷ് പുത്തൻകുരിശ് പൊലീസിൽ പരാതി നൽകിയിരുന്നു. വൈകീട്ട് ഏഴോടെ ആലുവ കുറുമശ്ശേരിയിലെ സന്ധ്യയുടെ വീട്ടിൽ കുഞ്ഞില്ലാതെ അവർ തനിയെ എത്തുകയായിരുന്നു. ആലുവവരെ ബസിൽ ഒപ്പമുണ്ടായിരുന്ന കുഞ്ഞിനെ പിന്നീട് കണ്ടില്ലെന്നാണ് ഇവർ വീട്ടുകാരോട് പറഞ്ഞത്.
പൊലീസ് സന്ധ്യയെ ചോദ്യംചെയ്തതോടെയാണ് മൂഴിക്കുളം പാലത്തിന് സമീപം പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞത്. സന്ധ്യയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തും. ഭർതൃവീട്ടിലെ പ്രശ്നങ്ങളും പൊലീസ് അന്വേഷിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.