കണ്ണൂർ അതിദരിദ്രരില്ലാത്ത ആദ്യ ജില്ല
text_fieldsകണ്ണൂർ: സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യമുക്ത ജില്ലയെന്ന നേട്ടവുമായി കണ്ണൂർ. ഇതിന്റെ പ്രഖ്യാപനം വ്യാഴാഴ്ച രാവിലെ 9.30ന് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ച കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത്, ധർമടം നിയോജക മണ്ഡലം എന്നിവക്ക് പിന്നാലെയാണ് കണ്ണൂരിന്റെ ഈ നേട്ടം.
2021 ആഗസ്റ്റിലാണ് അതിദാരിദ്ര്യ നിർമാർജന പദ്ധതി ആരംഭിച്ചത്. ഇതിന്റെ ആദ്യഘട്ടമായി ഭക്ഷണം, ആരോഗ്യം, സുരക്ഷിതമായ താമസസ്ഥലം, അടിസ്ഥാന വരുമാനം എന്നിവയില്ലാത്ത അർഹരായ 3973 കുടുംബാംഗങ്ങളെ കണ്ടെത്തി മൈക്രോ പ്ലാൻ തയാറാക്കി. 1078 പേർക്ക് ഭക്ഷണവും 2296 പേർക്ക് സാന്ത്വന പരിചരണവും ചികിത്സയും ലഭ്യമാക്കി. ഉപജീവനമാർഗം ആവശ്യമുള്ള 235 പേർക്ക് തദ്ദേശ സ്ഥാപനങ്ങൾ സൗകര്യമൊരുക്കുകയും കുടുംബശ്രീ മുഖേന തൊഴിൽ ലഭ്യമാക്കുകയും ചെയ്തു.
967 കുടുംബങ്ങൾക്ക് വീട്, ഒമ്പത് ടോയ്ലറ്റുകൾ, 17 കുടുംബങ്ങൾക്ക് കുടിവെള്ളം, എട്ട് വീടുകളിൽ വൈദ്യുതീകരണം എന്നിവയും ഇതിന്റെ ഭാഗമായി ലഭ്യമാക്കി. 413 പേർക്ക് ആധാർ കാർഡ്, 262 പേർക്ക് റേഷൻ കാർഡ്, 280 പേർക്ക് ആരോഗ്യ ഇൻഷുറൻസ്, 149 പേർക്ക് ജോബ് കാർഡ്, 25 പേർക്ക് ഭിന്നശേഷി തിരിച്ചറിയൽ കാർഡ്, 615 പേർക്ക് വോട്ടർ ഐ.ഡി എന്നീ അവകാശ രേഖകളും ലഭ്യമാക്കി. ജില്ല പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രഖ്യാപന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷതവഹിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.