കണ്ണൂർ സെൻട്രൽ ജയിലിൽ താങ്ങാവുന്നതിലേറെ തടവുകാർ
text_fieldsകണ്ണൂർ: കൊടും കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയ കണ്ണൂർ സെൻട്രൽ ജയിലിൽ താങ്ങാവുന്നതിലേറെ തടവുകാർ. 943 തടവുകാരെ ഉൾക്കൊള്ളാവുന്ന സൗകര്യമാണ് കണ്ണൂർ സെൻട്രൽ ജയിലിലുള്ളത്. എന്നാൽ, നിലവിലുള്ളത് 1200 ഓളം പേരും. ആറ് തടവുകാർക്ക് ഒരു വാർഡൻ എന്ന അനുപാതമാണ് ഇതുവഴി അട്ടിമറിക്കപ്പെട്ടത്. ജീവനക്കാരുടെ എണ്ണക്കുറവും തടവുകാരുടെ ആധിക്യവുമായപ്പോൾ ജയിൽ കാര്യങ്ങളെല്ലാം മുറപോലെയായി. അതീവ സുരക്ഷയുള്ള പത്താം ബ്ലോക്കിൽ 66 സെല്ലുകളാണുള്ളത്. 66 പേരെ താമസിപ്പിക്കേണ്ട ഇവിടെ നൂറിലേറെ പേരാണ് കഴിയുന്നത്. ജയിലിലെ സൗകര്യക്കുറവ് പലതവണ ആഭ്യന്തരവകുപ്പിനെ അറിയിച്ചെങ്കിലും പരിഹാരം നീളുകയാണ്.
150 അസി. പ്രിസൺ ഓഫിസർമാരാണ് കണ്ണൂർ സെൻട്രൽ ജയിലിൽ വേണ്ടത്. നിലവിലുള്ളത് 106 പേരാണ്. ഇതിൽ 22 പേർ പരിശീലനത്തിലാണ്. പുതിയത് ഉൾപ്പെടെ എട്ടുപേർ സസ്പെൻഷനിലും. 43 ഡെപ്യൂട്ടി പ്രിസൺ ഓഫിസർ വേണ്ടിടത്തും ഒഴിവുകളേറെ. ജയിൽ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പ്, ബ്യൂട്ടി പാർലർ, ചപ്പാത്തി നിർമാണ യൂനിറ്റ്, ഓഫിസ് എന്നിവിടങ്ങളിലും ജീവനക്കാരെ നിയമിക്കുമ്പോൾ ഒരേസമയം 20-25 പേരാണ് ജയിൽ ഡ്യൂട്ടിയിൽ വരുന്നത്. 1200 ഓളം തടവുകാരെ കൈകാര്യം ചെയ്യാൻ ഇത്രയുംപേർ പോരെന്ന് ജീവനക്കാർ ജയിൽ മേധാവിയെ അറിയിച്ചിട്ടുണ്ട്. ജയിലിലെ 195 കാമറകളിൽ പകുതിയിലധികവും പ്രവർത്തനരഹിതമാണ്. ജയിൽവളപ്പിൽ ഗോവിന്ദച്ചാമി ഒളിച്ചിരുന്ന ചില ഭാഗത്ത് വെളിച്ചവും കുറവാണ്.
താൽക്കാലിക വാർഡന്മാരായി 20 വിമുക്തഭടന്മാരുണ്ട്. അതീവ സുരക്ഷ ബ്ലോക്കിന്റെ ഗേറ്റ് തുറന്നുകൊടുക്കാൻ ഏൽപിച്ചത് തടവുകാരെയാണ്. മുടി വെട്ടുന്നതും തടവുകാരാണ്. അവരെ പേടിപ്പിച്ച് നിർത്തിയാണ് ഗോവിന്ദച്ചാമി താടി വളർത്തിയത്. വിവിധ ജോലികൾ ചെയ്യുന്ന തടവുകാരുടെ മേൽനോട്ടം മാത്രമാണ് ജീവനക്കാർക്കുള്ളത്.
മാനസിക പ്രശ്നത്തിന് മരുന്ന് കഴിക്കുന്നവരാണ് ഗോവിന്ദച്ചാമിയുടെ സെല്ലിന് സമീപം കഴിഞ്ഞിരുന്നവർ. മരുന്ന് കഴിച്ച് രാത്രി എട്ടുമണിക്ക് കിടക്കുന്നതിനാൽ അഴികൾ മുറിക്കുന്ന ശബ്ദം ഇവർ അറിഞ്ഞില്ല. വെള്ളിയാഴ്ച പുലർച്ച 1.15ന് സെല്ലിൽനിന്ന് പുറത്തിറങ്ങിയിട്ടും ജയിൽവളപ്പിൽ ഒളിച്ചിരുന്നാണ് ഗോവിന്ദച്ചാമി പുറത്തേക്ക് ചാടാനുള്ള ഒരുക്കം നടത്തിയത്. അന്ന് സി.സി.ടി.വി നിരീക്ഷണ ചുമതലയുള്ള ഉദ്യോഗസ്ഥരിൽ ഒരാൾ മൂന്ന് തടവുകാരെയുമായി കണ്ണൂർ ജില്ല ആശുപത്രിയിലേക്ക് പോയതും ജയിൽചാട്ടം എളുപ്പമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.