കണ്ണപുരം സ്‌ഫോടനം: വീട് വാടകക്കെടുത്ത അനൂപ് മാലിക് പിടിയിൽ; നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ
text_fields1. കണ്ണൂർ കണ്ണപുരം കീഴറയിലെ സ്‌ഫോടനത്തിൽ ഇരുനില വീട് പൂർണമായും തകർന്ന നിലയിൽ 2. പിടിയിലായ അനൂപ് മാലിക് (ചിത്രം ബിമൽ തമ്പി)
കണ്ണൂർ: ഒരാള്‍ കൊല്ലപ്പെട്ട കണ്ണപുരം കീഴറയില്‍ വാടകവീട്ടിലുണ്ടായ വന്‍ സ്‌ഫോടനത്തിൽ ഒരാൾ പിടിയിൽ. വീട് വാടകക്കെടുത്ത ചാലാട് സ്വദേയും നിരവധി കേസില്‍ പ്രതിയുമായ അനൂപ് മാലിക്കിനെ ശനിയാഴ്ച രാത്രിയോടെയാണ് പൊലീസ് പിടികൂടിയത്. 2016ൽ കണ്ണൂർ പൊടിക്കുണ്ടിൽ പടക്കനിർമാണ സാമഗ്രികൾ പൊട്ടിത്തെറിച്ച് പതിനഞ്ചോളം വീടുകൾ തകർന്ന കേസിലടക്കം പ്രതിയാണ് അനൂപ് മാലിക്.
മരിച്ച മുഹമ്മദ് അഷം അനൂപ് മാലിക്കിന്‍റെ ഭാര്യാസഹോദരനാണ്. നേരത്തെ ജിം പരിശീലകനായിരുന്ന അനൂപ് മാലിക്ക്, കുറച്ചുകാലമായി അനധികൃത പടക്കനിര്‍മാണത്തില്‍ ഏർപ്പെട്ടു വരുകയായിരുന്നു. ഇതിനായി മാറിമാറി വിവിധ സ്ഥലങ്ങളില്‍ വീട് വാടകക്കെടുക്കുകയായിരുന്നു പതിവ്. കഴിഞ്ഞ ഏപ്രിലിലാണ് കീഴറയിലെ വീട് വാടകക്കെടുത്തതെന്നാണ് വിവരം. അനൂപ് മാലിക്കും മിക്ക ദിവസങ്ങളിലും ഈ വീട്ടില്‍ എത്തുമായിരുന്നു.
ശനിയാഴ്ച പുലര്‍ച്ച 1.50ഓടെ കണ്ണപുരം കീഴറ കൂലോത്തിന് സമീപത്തെ റിട്ട. അധ്യാപകൻ ചാപ്പാടന്‍ ഗോവിന്ദന്‍ വാടകക്ക് നല്‍കിയ വീട്ടിലാണ് വൻ സ്ഫോടനം നടന്നത്. സംഭവത്തിൽ ചാലാട് ടെമ്പിള്‍ റോഡിലെ ജന്നയിൽ കെ.എ. മുഹമ്മദ് അഷം (42) ആണ് മരിച്ചത്. പടക്ക നിര്‍മാണത്തിനിടെയാണ് സ്‌ഫോടനമെന്നാണ് സൂചന. സ്‌ഫോടനത്തില്‍ ഇയാളുടെ ശരീരം ചിന്നിച്ചിതറി.
മുഹമ്മദ് അഷത്തിന്റെ കാൽഭാഗം മാത്രം കട്ടിലിലും ബാക്കി ശരീരഭാഗങ്ങള്‍ വീട്ടുപറമ്പിന്റെ പല ഭാഗത്തായും ചിതറിയ നിലയിലായിരുന്നു. വീടിന്റെ അവശിഷ്ടത്തില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്ന സംശയത്തെത്തുടര്‍ന്ന് മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സമീപത്തെ നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. നിരവധി ഗുണ്ടുകള്‍ പൊട്ടിച്ചിതറിയ നിലയില്‍ പരിസര പ്രദേശങ്ങളിലുണ്ടായിരുന്നു.
പയ്യന്നൂരില്‍ സ്‌പെയര്‍പാര്‍ട്‌സ് ജീവനക്കാരാണെന്നു പറഞ്ഞാണ് അനൂപ് മാലിക്ക് വീട് വാടകക്കെടുത്തതെന്ന് ഗോവിന്ദൻ പൊലീസിനോട് പറഞ്ഞു. സ്‌ഫോടനം നടന്ന വീട്ടില്‍ നിന്ന് വൻ സ്‌ഫോടകശേഖരവും കണ്ടെടുത്തിട്ടുണ്ട്. വിവരമറിഞ്ഞയുടന്‍ സിറ്റി പൊലീസ് കമീഷണര്‍ പി. നിധിന്‍രാജിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ എ.സി.പിയുടെ ചുമതലയുള്ള നാര്‍ക്കോട്ടിക് സെൽ ഡിവൈ.എസ്.പി പി. രാജേഷ്, സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി വി.വി. ലതീഷ്, കണ്ണപുരം ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് തുടങ്ങിയ വൻ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.