‘അന്ന് നടന്നതൊന്നും പുതിയ മെംബർഷിപ്പ് എടുത്ത് വന്നവർക്ക് അറിയില്ല...’ -ജിഫ്രി തങ്ങളുടെ ഘർവാപസി പ്രയോഗത്തിന് കാന്തപുരത്തിന്‍റെ മറുപടി
text_fieldsമലപ്പുറം: സുന്നി ഐക്യവുമായി ബന്ധപ്പെട്ട ജിഫ്രി തങ്ങളുടെ ഘർവാപസി പ്രയോഗത്തിൽ കാന്തപുരം വിഭാഗത്തിന് അതൃപ്തി. കോട്ടക്കലിൽ നടന്ന എ.പി വിഭാഗം സമസ്തയുടെ നൂറാം വാർഷിക വിളംബര സമ്മേളനത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ അതൃപ്തി പ്രകടമാക്കി. കാസർകോട് കുണിയയിൽ നടന്ന സമസ്ത ഇ.കെ വിഭാഗത്തിന്‍റെ നൂറാം വാർഷിക സമ്മേളനത്തിലെ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസംഗത്തിന് മറുപടി നൽകിയാണ് കാന്തപുരം കോട്ടക്കലിലെ തന്‍റെ പ്രസംഗം അവസാനിപ്പിച്ചത്.
സമസ്ത വിട്ടുപോയ സുന്നി സംഘടനകള്‍ തിരിച്ചുവരണമെന്ന് ഇ.കെ വിഭാഗത്തിന്റെ സമസ്ത നൂറാം വാർഷികത്തിൽ ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടിരുന്നു. വിട്ടുപോയ സുന്നിസംഘടനകള്‍ മാതൃസംഘടനയിലേക്ക് തിരികെ വരണമെന്നായിരുന്നു ജിഫ്രി തങ്ങളുടെ പ്രസ്താവന. നമ്മള്‍ ഘര്‍വാപസി എന്നൊക്കെ കേട്ടിട്ടില്ലേയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് മറുപടിയായി, തങ്ങള്‍ സമസ്തയിൽ നിന്ന് പുറത്തുപോയതല്ലെന്നും സമസ്ത അന്ന് എടുത്ത ചില തീരുമാനങ്ങളിൽ വിയോജിച്ചാണ് ഇറങ്ങിപ്പോയതെന്നും കാന്തപുരം പറഞ്ഞു. അന്ന് യോഗത്തിൽ നടന്നതൊന്നും ഇപ്പോൾ പുതിയ മെംബർഷിപ്പ് എടുത്ത് വന്നവർക്ക് അറിയില്ലെന്നും ജിഫ്രി തങ്ങളെ ലക്ഷ്യമിട്ട് കാന്തപുരം പറഞ്ഞു.
‘സുന്നി ഐക്യത്തിന് എതിരല്ല’
ബിദ്ഇകളുമായി ചേർന്ന് ഐക്യം സാധ്യമല്ലെന്നും എന്നാൽ സുന്നി ഐക്യത്തിന് എതിരല്ലെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ പറഞ്ഞു. അസ്‍ലുസുന്നത്തി വൽ ജമാഅത്തിന്‍റെ ഇടയിൽ കക്ഷിത്വവും ഭിന്നിപ്പുകളും ഉണ്ടായത് പണ്ടൊരിക്കൽ ഐക്യസംഘം എന്നാരു സംഘവുമായി ഇവിടുത്തെ ബിദ്ഇ പ്രസ്ഥാനക്കാർ വന്നപ്പോഴാണ്. അങ്ങനെയുള്ള ഐക്യമല്ല നമുക്ക് വേണ്ടത്. അത് ശനിയാഴ്ച രാവിലെ മുശാവറ ചേർന്ന് തീരുമാനിച്ചിട്ടുണ്ട്. ഐക്യത്തിന് നമ്മൊളൊരിക്കലും എതിരല്ല. പക്ഷേ ഐക്യമുള്ളപ്പോൾ തന്നെ ഐക്യസംഘം രൂപവത്കരിച്ച് അനൈക്യമുണ്ടാക്കുകയാണ് ആ കാലഘട്ടത്തിൽ ചെയ്തതെന്നും കാന്തപുരം കൂട്ടിച്ചേർത്തു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സമ്മേളനം മലപ്പുറത്ത് നടക്കുമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ അറിയിച്ചു. ‘സമസ്ത: 100 പ്രകാശവർഷങ്ങൾ’ പ്രമേയത്തിൽ 2027 ജനുവരി 28, 29, 30, 31 തീയതികളിലാണ് സമ്മേളനം നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

