നിമിഷ പ്രിയയെ രക്ഷിക്കാൻ കാന്തപുരത്തിന്റെ ഇടപെടൽ; യമനിൽ ചർച്ചകൾ, കൊല്ലപ്പെട്ടയാളുടെ സഹോദരനടക്കം പങ്കെടുത്തു
text_fieldsസേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ സന്ദർശിക്കുന്നു
കോഴിക്കോട്: കൊലക്കുറ്റത്തിന് ജൂലൈ 16ന് യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയെ (38) രക്ഷിക്കാൻ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഇടപെടൽ. യമനിലെ സൂഫി പണ്ഡിതൻ ശൈഖ് ഹബീബ് ഉമറുമായാണ് കാന്തപുരം ഈ വിഷയത്തിൽ ആശയവിനിമയം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ യമനിൽ ചർച്ചകൾ നടക്കുന്നതായാണ് വിവരം.
നോർത്ത് യമനിൽ നടക്കുന്ന അടിയന്തര യോഗത്തിൽ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാൻ അലി മഷ്ഹൂർ, യമൻ ഭരണകൂട പ്രതിനിധികൾ, ജിനായത് കോടതി സുപ്രീം ജഡ്ജി, തലാലിന്റെ സഹോദരൻ, ഗോത്ര തലവന്മാർ എന്നിവരാണ് പങ്കെടുക്കുന്നതെന്ന് സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്ഷൻ കൗൺസിൽ അറിയിച്ചു. നേരത്തേ മർകസ് സന്ദർശിച്ച പണ്ഡിതനാണ് ശൈഖ് ഹബീബ് ഉമർ.
ദിയാധനം നൽകി വധശിക്ഷയിൽനിന്ന് ഒഴിവാക്കുകയും മോചനം നൽകുകയും വേണമെന്നാണ് കാന്തപുരം, യമൻ പണ്ഡിതൻ വഴി ആവശ്യമുന്നയിച്ചത്. ഈ ആവശ്യം കുടുംബം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാന്തപുരത്തെ സന്ദർശിച്ച സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്ഷൻ കൗൺസിൽ ഭാരവാഹി കുഞ്ഞമ്മദ് കൂരാച്ചുണ്ട് പറഞ്ഞു. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചതിന്റെ ഫലമായി ഇരു രാജ്യങ്ങളിലെയും അറ്റോണി ജനറൽമാർ ആശയവിനിമയം നടത്തിയതായി അറിയിപ്പ് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
-

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.