ആശിച്ച ഭൂമിയിലെ വഞ്ചിതർ
text_fieldsകരിക്കാട് കോളനിക്കുള്ളിലെ രമ്യയുടെ തകരം കൊണ്ടുണ്ടാക്കിയ വീട്
കാടും മലയുമുള്ളിടത്താവും ആദിവാസികളുണ്ടാവുക എന്നതാണ് നമ്മുടെ പൊതുധാരണ. ഇത് രണ്ടുമില്ലാത്ത ആലപ്പുഴ ജില്ലയിൽ നരകജീവിതം തള്ളിനീക്കാൻ വിധിക്കപ്പെട്ട ഒരുകൂട്ടം ആദിവാസികളുണ്ട്. സ്വപ്നഭൂമി വാഗ്ദാനം ചെയ്ത് കോടികൾ കട്ടുമുടിച്ച് ഉദ്യോഗസ്ഥരും ഭൂമാഫിയക്കാരും ചേർന്ന് ചതുപ്പ്ഭൂമിയിൽ നടതള്ളിയവരാണ് ഈ മനുഷ്യർ. മനുഷ്യവാസത്തിന് ഒട്ടും അനുയോജ്യമല്ലാത്ത ഈ ഭൂമിയിൽ അവരെ കൊണ്ടുവന്ന് തള്ളിയതിനു പിന്നിൽ നടന്നത് വൻ അഴിമതിയാണ്. ആശിച്ച ഭൂമിയിൽ വഞ്ചനയുടെ കയ്പുനീര് കുടിച്ച് 12 വർഷമായി അവർ ജീവിതം താണ്ടുന്നു. അധികാരികളോ രാഷ്ട്രീയക്കാരോ തിരിഞ്ഞുനോക്കാത്ത നിസ്സഹായരായ ആ മനുഷ്യരെ കുറിച്ച് ‘മാധ്യമം’ തയാറാക്കിയ പരമ്പര ഇന്നുമുതൽ.
കേരളത്തിൽ കാടില്ലാത്ത ഏക ജില്ലയേത് എന്ന പണ്ടത്തെ പി.എസ്.സി പരീക്ഷയിലെ ഉത്തരമായിരുന്നു ആലപ്പുഴ. അതേ ആലപ്പുഴയിൽ കൊടും കാടുണ്ട്. പാമ്പും കീരിയും എന്തിന് നീർനായ് വരെയുണ്ട് അതിനുള്ളിൽ. മലകളില്ലെന്നു മാത്രമേയുള്ളൂ, ആ കാട്ടിൽ ജീവിതം നടതള്ളിയ ആദിവാസികളുമുണ്ട്. തണ്ണീർമുക്കം സ്കൂൾ കവലയിൽനിന്ന് ഏതാണ്ട് രണ്ട് കിലോമീറ്റർ പടിഞ്ഞാറേക്ക് പോയാൽ കണ്ടൽക്കാടുകൾ കൊടുംവനമായി മാറിയൊരു ദേശം കാണാം. തണ്ണീർമുക്കം പഞ്ചായത്തിന്റെ പേര് അന്വർഥമാക്കി 14, 15 വാർഡുകളിലായി പരന്നുകിടക്കുന്ന ഒന്നാംതരം തണ്ണീർത്തടം.
നട്ടുച്ചക്കുപോലും വെളിച്ചം കടക്കാത്ത കണ്ടൽവനം. വേമ്പനാട്ടുകായലിലെ വേലിയേറ്റത്തിന്റെയും ഇറക്കത്തിന്റെയും താളക്രമത്തിൽ വെള്ളത്തിലാവുകയും ഉയർന്നുവരുകയും ചെയ്യുന്നൊരു തുരുത്ത്. സങ്കടങ്ങളുടെ കണ്ണീർച്ചാലു കണക്കെ നേർത്തൊരു പാടുപോലെ കാട്ടുപടർപ്പുകൾ വകഞ്ഞുണ്ടാക്കിയ നേർത്തൊരു വഴി. ഒന്നു തെറ്റിയാൽ ചളിക്കുണ്ടിൽ പതിച്ചുപോകാവുന്ന വെള്ളക്കെട്ടുകൾ പതിയിരിക്കുന്ന പാത. തണ്ണീർക്കെട്ടിനു മീതെ തെങ്ങിൻതടി നീട്ടിയിട്ടുണ്ടാക്കിയ പാലത്തിലൂടെ അതിസാഹസികമായി മാത്രം കടന്നുപോകാവുന്ന വഴി. മൂർഖനും അണലിയും മലമ്പാമ്പും വെള്ളത്തിൽനിന്ന് ഇടക്ക് തലപൊന്തിച്ചുനോക്കുന്ന നീർനായ്ക്കളുമെല്ലാം ചേർന്ന് വന്യതയെ പകർത്തിവെച്ചൊരു കാട്.
കരിക്കാട് കോളനിയിലെ വീടുകളിലൊന്ന്
ആ കാടിനു നടുവിൽ അതിരുകളെവിടെയെന്നുപോലുമറിയാതെ 10 ആദിവാസി കുടുംബങ്ങളുടെ ‘ആശിച്ച ഭൂമി’ കിടപ്പുണ്ട്. എല്ലാ ആശകളും നഷ്ടപ്പെട്ടുപോയ കുറേ മനുഷ്യരുടെ പേരിൽ ശേഷിക്കുന്ന ഭൂമി ഈ കാടിനുള്ളിൽ എവിടെയോ ഉണ്ട്. അതിനിടയിൽ തകരത്തിന്റെ ചുറ്റരികുകൾ കൊണ്ടു മെടഞ്ഞ, വീടെന്ന പേരുപോലും പിശകിപ്പോകുന്ന ചില കൂരകൾ. ഈർപ്പവും കൊതുകും രോഗങ്ങളും വരിഞ്ഞുമുറുക്കിയ, നാറ്റം പടരുന്ന അന്തരീക്ഷം. അവിടെ ജീവിക്കാൻ വിധിക്കപ്പെട്ട മനുഷ്യർ. ജനപ്രതിനിധികളും അധികാരികളുമൊന്നും തിരിഞ്ഞുനോക്കാത്ത ഒരുകൂട്ടം ആദിവാസികൾ. ഭരണകൂടവും ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ നാടകത്തിൽ വഞ്ചിക്കപ്പെട്ടവരുടെ ഭൂമിയാണ് കരിക്കാട് ആദിവാസി കോളനിയിലേത്.
ഇതോ ആശിച്ച ഭൂമി...?
2014ൽ ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് നടപ്പാക്കിയ ‘ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം’ പദ്ധതി പ്രകാരം കുടിയിരുത്തിയ 10 കുടുംബങ്ങളാണ് കരിക്കാട് കോളനിയിലുള്ളത്. സ്വന്തമായി ഭൂമിയും വീടുമില്ലാത്ത ആദിവാസികൾക്കായി സർക്കാർ കൊണ്ടുവന്ന പദ്ധതിയായിരുന്നു ഇത്. അതുപ്രകാരമാണ് തണ്ണീർമുക്കം പഞ്ചായത്തിലെ ഇപ്പോഴത്തെ 14, 15 വാർഡുകളിലായി പരന്നുകിടക്കുന്ന രണ്ടര ഏക്കർ സ്ഥലം ഭൂരഹിതരായ ആദിവാസികൾക്കായി വാങ്ങിയത്. ചേർത്തല താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ചിരുന്ന, ആദിവാസി വിഭാഗമായ ഉള്ളാട സമുദായത്തിലെ ഭൂരഹിതർക്കാണ് കരിക്കാട് കോളനിയിലെ കണ്ടൽക്കാട്ടിൽ ഭൂമി നൽകിയത്. ഒരു കുടുംബത്തിന് 10 ലക്ഷം രൂപയുടെ ഭൂമി അനുവദിച്ചു. അതുപ്രകാരം ഓരോ കുടുംബത്തിനും 25 സെന്റ് സ്ഥലമാണ് അനുവദിച്ചത്. സെന്റിന് ഏകദേശം 40,000 കണക്കിൽ ആകെ ഒരു കോടി. ആ ഭൂമി ഒന്നു കണ്ടുനോക്കണം. അൽപമെങ്കിലും മനസ്സാക്ഷിയുള്ളവർ അന്തംവിട്ടുപോകും. ഒരുനിലക്കും വാസയോഗ്യമല്ലാത്ത ഭൂമിയാണിതെന്ന് മനസ്സിലാക്കാൻ ഒറ്റ നോട്ടം മതി. ആഞ്ഞ് ചവിട്ടിയാൽ ആണ്ടുപോകുന്ന ചതുപ്പായ, പാമ്പുകൾ യഥേഷ്ടം വിഹരിക്കുന്ന, കുളയട്ടകൾ പാർപ്പുറപ്പിച്ചിരിക്കുന്ന ഈ പ്രദേശത്ത് പകൽ പോലും നിൽക്കാൻ ഭയം തോന്നും. അവിടെയാണ് 12 വർഷമായി ഒരുകൂട്ടം മനുഷ്യർ വിധിയോടും ചതിയോടും ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നത്.
കോളനിയിലെ വീടുകളിലേക്ക് പോകാൻ വഴിതന്നെയില്ല. കരിക്കാട് കവലയിലെ പ്ലാസ്റ്റിക് കമ്പനിക്ക് മുന്നിൽ നിന്നുള്ള പൊട്ടിപ്പൊളിഞ്ഞ ടാർ റോഡ് കോളനി എത്തുന്നതിനും മുമ്പേ അപ്രത്യക്ഷമാകും. പിന്നെ കോളനിക്കകത്ത് കടക്കണമെങ്കിൽ വഴി തിട്ടമുള്ളവർക്കേ പറ്റൂ. അരയറ്റം വളർന്ന പുല്ലുകൾക്കും കാടിനുമിടയിലൂടെ വകഞ്ഞുകയറിവേണം മുന്നോട്ടുപോകാൻ. ഇടയ്ക്കിടെ ചതുപ്പിൽ കാലുകൾ താണുപോകും. കരിക്കാട് ശ്രീഭൂതകാല നാഗയക്ഷിയമ്മ ക്ഷേത്രത്തിന്റെ മുറ്റം കടന്ന് മുന്നോട്ടു ചെന്നാൽ സ്വകാര്യ വ്യക്തിയുടെ കോൺക്രീറ്റ് വീട് കാണാം. ആ വീടിന്റെ മുറ്റത്തുകൂടി പിന്നെയും മുന്നോട്ടുപോയാൽ ഒരു കഷണം തടികൊണ്ടുണ്ടാക്കിയ പാലമുണ്ട്. അത് കടന്നപ്പുറമെത്തുമ്പോൾ കാണുന്ന തുരുത്തിലാണ് രമ്യയും മകനും താമസിക്കുന്ന കുടിൽ. ശരിക്കും അതൊരു കുറുക്കുവഴിയാണ്. അതുവഴി പോകാൻ സ്വകാര്യ വ്യക്തി അനുവദിച്ചില്ലെങ്കിൽ രമ്യക്ക് നേരായ വഴിയിലൂടെ പോകേണ്ടിവരും. അതൊരു വഴിയല്ല. അരയറ്റം വെള്ളം നിറഞ്ഞ തോടാണ്. അത് നീന്തി അക്കരെ വീടണയേണ്ടിവരും. ആ തോടിനെയാണ് വഴിയെന്നു വിളിക്കുന്നത്.
‘ഇങ്ങനെയൊരു സ്ഥലത്ത് മനുഷ്യരെങ്ങനെ ജീവിക്കാനാണ് സാറന്മാരേ. സന്ധ്യ കഴിഞ്ഞാൽ എന്തെങ്കിലും അത്യാവശ്യം വന്നാൽ പോലും പുറത്തേക്കിറങ്ങാൻ പറ്റില്ല. മഴക്കാലമൊക്കെ ഞങ്ങൾക്ക് പേടിയാണ് സാറേ...’-കോളനിയിലെ താമസക്കാരിയും ആദിവാസി ഐക്യവേദിയുടെ ജില്ല പ്രസിഡന്റുമായ ഷീല ചോദിക്കുന്നു. ഒരുനിലക്കും മനുഷ്യവാസത്തിന് യോഗ്യമല്ലാത്ത ഈ ഭൂമി എങ്ങനെയാണ് ആദിവാസികളെ കുടിയിരുത്താൻ കണ്ടെത്തിയത് എന്നതിനു പിന്നിൽ വലിയൊരു ചതിയുണ്ട്.
ഉദ്യോഗസ്ഥതലത്തിൽ നടന്ന ആ ചതിയുടെ കഥ നാളെ.
(തുടരും)

