വാരാന്ത്യ കർഫ്യൂ ഒഴിവാക്കിയിട്ടും കർണാടക അതിർത്തിയിൽ നിയന്ത്രണം; ബാവലി ചെക്ക്പോസ്റ്റിലൂടെ യാത്രക്കാരെ കടത്തിവിട്ടില്ല
text_fieldsബംഗളൂരു: കേരളവുമായി അതിർത്തി പങ്കിടുന്ന മൈസൂരു, കുടക്, ചാമരാജ് നഗർ, ഉഡുപ്പി, ദക്ഷിണ കന്നട തുടങ്ങിയ ജില്ലകളിലെ വാരാന്ത്യ കർഫ്യൂ ഒഴിവാക്കിയിട്ടും ചില അതിർത്തികളിൽ ശനി, ഞായർ ദിവസങ്ങളിലേർപ്പെടുത്തിയ നിയന്ത്രണം തുടരുന്നു. വാരാന്ത്യ കർഫ്യൂ ദിവസമായ ശനി, ഞായർ ദിവസങ്ങളിൽ കേരളത്തിൽനിന്നും വരുന്നവരെ അതിർത്തികളിൽ തടഞ്ഞിരുന്നു. എന്നാൽ, വാരാന്ത്യ കർഫ്യൂ കഴിഞ്ഞ ദിവസം ഒഴിവാക്കി സർക്കാർ ഉത്തരവിറക്കിയിട്ടും ശനിയാഴ്ച മൈസൂരുവിലേക്ക് പോകുന്നവരെ ബാവലി ചെക്ക്പോസ്റ്റിൽ തടഞ്ഞ് തിരിച്ചയച്ചു. ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റുണ്ടായിട്ടും വാഹന യാത്രക്കാരെ പ്രവേശിപ്പിച്ചില്ല.
കുടക് ജില്ലയുടെ പരിധിയിലുള്ള കുട്ട അതിർത്തിയിലും മാക്കൂട്ട അതിർത്തിയിലും കർശന പരിശോധനക്കുശേഷം ആളുകളെ കടത്തിവിടുന്നുണ്ട്. ബാവലി വഴി കടക്കാനാകാതെ ഏറെ ദൂരം സഞ്ചരിച്ച് മുത്തങ്ങയെത്തി മൂലഹോളെ അതിർത്തി വഴി ചാമരാജ് നഗർ വഴിയാണ് ബംഗളൂരുവിലേക്ക് വരാനുള്ളവർ ശനിയാഴ്ച എത്തിയത്. മൂലഹോളെയിൽ ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റുള്ളവരെ കടത്തിവിടുന്നുണ്ട്. ഒരോ ജില്ലയുടെയും അതിർത്തികളിൽ ഒാരോതരത്തിലുള്ള നിബന്ധന കേരളത്തിൽനിന്നുള്ള യാത്രക്കാരെ നട്ടം തിരിക്കുകയാണെന്ന ആരോപണം ശക്തമാണ്.
ട്രെയിൻ, വിമാന മാർഗം വരുന്നവരും തമിഴ്നാട് വഴി വരുന്ന വാഹന യാത്രക്കാരും ഒരു ബുദ്ധിമുട്ടുമില്ലാതെ ബംഗളൂരുവിലും കർണാടകയിലെ മറ്റു സ്ഥലങ്ങളിലും എത്തുമ്പോഴാണ് കേരളത്തിലെ മലബാർ ഭാഗത്തുനിന്നും മാക്കൂട്ട, കുട്ട, ബാവലി, മൂലഹോളെ തുടങ്ങിയ അതിർത്തികൾ വഴി വരുമ്പോൾ പലപ്പോഴായി ബുദ്ധിമുട്ടുനേരിടുന്നത്. ശനിയാഴ്ച വയനാട്ടിൽനിന്നും ബംഗളൂരുവിൽ വിവാഹാവശ്യത്തിനായി കുടുംബസമേതം കാറിൽ ബാവലിയിലെത്തിയ കുടുംബത്തെ ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റുണ്ടായിട്ടും കടത്തിവിട്ടില്ല. അതിർത്തിയിൽ ഏറെ നേരം കാത്തുനിന്നിട്ടും കടത്തിവിട്ടില്ലെന്നും തുടർന്ന് ചുറ്റിവളഞ്ഞ് മൂലഹോളെയിലെത്തിയാണ് അതിർത്തി കടന്നതെന്നും സംഘത്തിലുണ്ടായിരുന്നവർ 'മാധ്യമ'ത്തോട് പറഞ്ഞു.
കോവിഡ് രോഗ സ്ഥിരീകരണ നിരക്ക് കുറഞ്ഞതോടെ കഴിഞ്ഞ ദിവസാണ് അതിർത്തി ജില്ലകളിലെ വാരാന്ത്യ കർഫ്യൂ ഒഴിവാക്കി സർക്കാർ ഉത്തരവിറക്കിയത്. ഇതോടൊപ്പം വാരാന്ത്യ കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ആവശ്യമെങ്കിൽ അതത് ജില്ല ഭരണകൂടങ്ങൾ ഏർപ്പെടുത്താനുള്ള അനുമതിയും സർക്കാർ നൽകിയിരുന്നു. ഇതോടെയാണ് ഒരോ ജില്ലയിലെ അധികാരികളും പലതരത്തിലുള്ള നിയന്ത്രണം ഏർപ്പെടുത്താൻ തുടങ്ങിയത്. വാരാന്ത്യ കർഫ്യൂ നീക്കിയത് ജില്ല അധികാരികൾ അതിർത്തി ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥരെ അറിയിക്കാത്തതും തിരിച്ചടിയാവുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.