കരുവന്നൂർ: സതീഷ്കുമാർ ഹവാല ഇടപാട് നടത്തിയെന്ന് ഇ.ഡി
text_fieldsതൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ഹവാല ഇടപാട് നടന്നതായി ഇ.ഡി (എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്) കണ്ടെത്തൽ. ഇടപാടിന് ചുക്കാൻ പിടിച്ചത് ഒന്നാം പ്രതി സതീഷ് കുമാറാണ്.
ബഹ്റൈനിലുള്ള കമ്പനിയിലേക്ക് ഹവാല നെറ്റ്‌വർക്ക് വഴി കടത്തിയ പണം സതീഷ് കുമാറിന്‍റെ സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും പേരിലാണ് നിക്ഷേപിച്ചത്. കേസിലെ മുഖ്യ സാക്ഷി ജിജോറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇ.ഡി ഇത് പരിശോധിച്ചു. സതീഷ് കുമാർ 500 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് നിഗമനം. കരുവന്നൂരിന് പുറമെ അയ്യന്തോൾ അടക്കമുള്ള സഹകരണ ബാങ്കുകൾ വഴിയും കള്ളപ്പണം വെളുപ്പിച്ചതായി ഇ.ഡി വൃത്തങ്ങൾ പറയുന്നു.
അതിനിടെ മുഖ്യപ്രതി സതീഷ് കുമാറിനും ഇടനിലക്കാരനും വേണ്ടി ഒമ്പത് ആധാരങ്ങളാണ് നടത്തിക്കൊടുത്തതെന്ന് കേസിൽ കഴിഞ്ഞ ദിവസം പരിശോധനക്ക് വിധേയനായ ആധാരം എഴുത്തുകാരൻ ജോഫി കൊള്ളന്നൂർ പറഞ്ഞു.
സതീഷ് കുമാറിനെ വർഷങ്ങളായി പരിചയമുണ്ടെങ്കിലും ഇടപാട് തുടങ്ങിയിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. തൃശൂർ, കണ്ണൂർ ജില്ലകളിലായി ഭാര്യയുടെയും സഹോദരൻ മധുസൂദനന്റെയും പേരിലാണ് സതീഷ് കുമാർ ഭൂമി ഇടപാട് നടത്തിയത്.
ഒമ്പത് ആധാരങ്ങളിലായി മുക്കാൽ കോടിയുടെ ഇടപാടാണ് നടത്തിയത്. പരിശോധനയിൽ ഈ ആധാരങ്ങളുടെ കമ്പ്യൂട്ടർ പതിപ്പുകൾ ഇ.ഡി എടുത്തുവെന്നും ജോഫി പറഞ്ഞു. സതീഷ് കുമാറിന്‍റെ ദുരൂഹ ഇടപാടുകളെക്കുറിച്ച് അറിയില്ലായിരുന്നെന്നും ജോഫി കൊള്ളന്നൂർ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസമാണ് കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് രണ്ട് സഹകരണ ബാങ്കുകളിലും മൂന്ന് ആധാരമെഴുത്തുകാരുടെ ഓഫിസുകളിലും വീടുകളിലും ഇ.ഡി പരിശോധന നടത്തിയത്. സതീഷ് കുമാറിന്റെ 25 ബിനാമി ഇടപാട് രേഖകളും സതീഷ് കുമാറിനായി തയാറാക്കിയ 25 വ്യാജ പ്രമാണങ്ങളും കണ്ടെടുത്തിരുന്നു. തൃശൂർ, അയ്യന്തോൾ സഹകരണ ബാങ്കുകൾ, എസ്.ടി ജ്വല്ലറി, ഉടമ സുനിൽകുമാറിന്‍റെ വീട്, 18.5 കോടി വായ്പയെടുത്ത് മുങ്ങിയ ചേർപ്പ് സ്വദേശി അനിൽകുമാറിന്‍റെ വീട് എന്നിവിടങ്ങളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു.
സതീഷ് കുമാറിന് നിക്ഷേപമുണ്ടെന്ന് കരുതുന്ന എസ്.ടി ജ്വല്ലറി ഉടമയുടെ വീട്ടിൽനിന്നും 800 ഗ്രാം സ്വർണവും അഞ്ചര ലക്ഷം രൂപയും പിടിച്ചെടുത്തതായി ഇ.ഡി വെളിപ്പെടുത്തിയിരുന്നു. ഒളിവിലുള്ള അനിൽ കുമാറിന്‍റെ വീട്ടിൽനിന്ന് 15 കോടി മൂല്യമുള്ള അഞ്ച് രേഖകളും എറണാകുളത്തെ വ്യവസായി ദീപക് സത്യപാലിന്‍റെ വീട്ടിൽനിന്ന് അഞ്ച് കോടി വിലമതിക്കുന്ന 19 രേഖകളുമാണ് ഇ.ഡി പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.