കാസർകോട് മെഡി. കോളജ്; എം.ബി.ബി.എസ് പ്രവേശനം പരിഗണിച്ചേക്കും
text_fieldsകാസർകോട്: ദേശീയ മെഡിക്കൽ കൗൺസിലിന്റെ മാനദണ്ഡ കുരുക്കിൽപെട്ട കാസർകോട് ഗവ. മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് പ്രവേശനം പരിഗണിച്ചേക്കും. കഴിഞ്ഞയാഴ്ച ദേശീയ മെഡിക്കൽ കൗൺസിലിന്റെ വെർച്വൽ പരിശോധന പൂർത്തിയായിരുന്നു. പിന്നാലെ, ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജുക്കേഷൻ വഴി കൂടുതൽ വിവരങ്ങൾ ആരാഞ്ഞതുപ്രകാരം ആവശ്യമായവ സമർപ്പിച്ചിട്ടുണ്ട്.
ഒന്നാം വർഷത്തേക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയായി. പ്രാക്ടിക്കൽ പഠനം രണ്ടാം വർഷത്തേക്കാണ് വേണ്ടത്. ഇതിനായി തൽക്കാലത്തേക്ക് കാസർകോട് ജനറൽ ആശുപത്രി നിശ്ചയിച്ചിട്ടുണ്ട്. ആശുപത്രി ബ്ലോക്ക് ഉക്കിനടുക്കയിൽ പൂർത്തിയായി വരുന്നതേയുള്ളൂ. നാഷനൽ മെഡിക്കൽ കൗൺസിൽ വരുത്തിയ സീറ്റ് മാനദണ്ഡവും പരിഷ്കരണവും പ്രകാരം 10 ലക്ഷം ജനസംഖ്യക്ക് 100 സീറ്റാണ്.
കേരളത്തിൽ 3500 സീറ്റുകൾക്കേ അർഹതയുള്ളൂ. എന്നാൽ, കേരളത്തിൽ 4000 സീറ്റുണ്ട്. ഇത് മെഡിക്കൽ കോളജ് അനുവദിച്ച ശേഷം വന്ന മാനദണ്ഡമായതിനാൽ പ്രത്യേക പരിഗണന വേണമെന്ന് ആവശ്യപ്പെട്ടാണ് മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ കേന്ദ്രത്തിന് കത്തെഴുതിയത്. മെഡിക്കൽ കോളജ് ഇല്ലാത്ത ജില്ല, എൻഡോസൾഫാൻ കീടനാശിനി ദുരന്തത്തിന് കാരണമായവരുടെ തുടർചികിത്സ, ന്യൂറോ വിഭാഗത്തിന്റെ അനിവാര്യത എന്നിവയൊക്കെയാണ് പ്രത്യേക പരിഗണനക്കുള്ള ന്യായമായി പറഞ്ഞിരിക്കുന്നത്.
ദേശീയ മെഡിക്കൽ കൗൺസിൽ ആവശ്യപ്പെട്ടത് ചെയ്തിട്ടുണ്ടെന്നും എം.ബി.ബി.എസ് പ്രവേശനം വേഗത്തിൽ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മെഡിക്കൽ എജുക്കേഷൻ ജോ. ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ പ്രതികരിച്ചു. കേരളത്തിൽ ഏറ്റവും അവസാനം അനുവദിച്ച രണ്ട് മെഡിക്കൽ കോളജിൽ ഒന്നാണ് കാസർകോട്. 2012ൽ പ്രഖ്യാപിച്ച കോളജിൽ 10 വർഷം കഴിഞ്ഞിട്ടും മെഡിക്കൽ പ്രവേശനം സാധ്യമാക്കാത്തതാണ് മാനദണ്ഡ കുരുക്കിൽപെടാൻ കാരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.