അലക്സാണ്ടർ ജേക്കബ് റിപ്പോർട്ട് നിർദേശങ്ങൾ പാർട്ടി തടവുകാർക്കുവേണ്ടി പൂഴ്ത്തി
text_fieldsകാസർകോട്: ജയിൽ പരിഷ്കരണത്തിനായി മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് സമർപ്പിച്ച റിപ്പോർട്ടിലെ സുപ്രധാന നിർദേശങ്ങൾ പാർട്ടി കുറ്റവാളികൾക്കുവേണ്ടി പൂഴ്ത്തി. കൊടും കുറ്റവാളികൾ ജയിലിൽനിന്ന് രക്ഷപ്പെടാതിരിക്കാനുള്ള നടപടികൾ നിർദേശിച്ച റിപ്പോർട്ടാണിത്.
2017ൽ അദ്ദേഹം സമർപ്പിച്ച റിപ്പോർട്ടിൽനിന്ന് ഗോതമ്പ് ഉണ്ട മാറ്റി ബിരിയാണിയാക്കുകയും തയ്യൽ പണിയും ചപ്പാത്തി നിർമാണവും ഗ്രന്ഥശാലയുമൊക്കെ തുടങ്ങിയെങ്കിലും റിസർവ് സേന, കൊടും കുറ്റവാളികൾക്ക് മൈക്രോ ചിപ്പ്, വോയിസ് റെക്കോഡിങ് കാമറ, കൂടുതൽ ജയിലുകൾ, ജീവനക്കാരുടെ വർധന തുടങ്ങിയവയൊന്നും പരിഗണിച്ചില്ല. അതേസമയം തൊഴിൽ പരിശീലനം, ചപ്പാത്തി, ബിരിയാണി നിർമാണം, ലൈബ്രറി എന്നിവ നടത്താൻ നിലവിലെ ജയിൽ ജീവനക്കാരെ നിയോഗിച്ചപ്പോൾ, ഫലത്തിൽ പരിഷ്കരണ നിർദേശം ജീവനക്കാർക്ക് അധിക അധ്വാനവുമായി.
എട്ട് തടവുകാർക്ക് ഒരു ജീവനക്കാരൻ എന്ന അനുപാതം തെറ്റി. കൂടുതൽ ജയിലുകളും ജീവിനക്കാരും വേണമെന്ന നിർദേശം നടപ്പായില്ല. പറിച്ചുമാറ്റാൻ പറ്റാത്ത ചിപ് കൊടുംകുറ്റവാളികൾക്ക് ഘടിപ്പിക്കണമെന്ന നിർദേശം വന്നിരുന്നു. രക്ഷപ്പെട്ടാൽ ട്രാക്ക് ചെയ്യാൻ എളുപ്പമായിരുന്നു. വോയിസ് റെക്കോഡിങ് കാമറയും ഘടിപ്പിച്ചില്ല. ഇത് പാർട്ടി തടവുകാരെയും ബാധിക്കുമെന്നതിനാലാണിത് നടപ്പാകാതെ േപായതത്രെ. 200 കോടിയിലേറെ രൂപ ചെലവുവരും എന്നതും ഒരു കാരണമായിരുന്നു. 57 ജയിലുകളിലായി 10,593 തടവുകാരാണുള്ളത്.
പരമാവധി 7200 തടവുകാരെ പാർപ്പിക്കാനുള്ള ശേഷി മാത്രമേ സംസ്ഥാനത്തെ ജയിലുകളിലുള്ളൂ. താൻ സമർപ്പിച്ച റിപ്പോർട്ടിൽ ഏതാണ്ട് കാര്യങ്ങൾ നടപ്പാക്കിയിട്ടുണ്ട് എന്നും എന്നാൽ കൂടുതൽ ജയിലുകൾ തുറക്കാനും ജീവനക്കാരെ നിയമിക്കാനുമുള്ള പ്രധാന ശിപാർശകൾ ബാക്കിയുണ്ട് എന്നും മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് ‘മാധ്യമ’ത്തോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.