കുറ്റിക്കാനം ഉന്നതി; 13 കുടുംബങ്ങള്‍ക്ക് വാസസ്ഥലം ഉറപ്പാക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റി
text_fieldsരാജപുരം: മുണ്ടമാണി കുറ്റിക്കാനം ഉന്നതിയിലെ 13 കുടുംബങ്ങള്‍ക്ക് വാസസ്ഥലം ഉറപ്പാക്കുമെന്ന് കലക്ടർ അറിയിച്ചു. പ്രശ്നങ്ങള്‍ സാങ്കേതികസമിതി പരിശോധിച്ച് സര്‍ക്കാറിലേക്ക് പുനരധിവാസത്തിനുള്ള പ്രപ്പോസല്‍ സമര്‍പ്പിക്കും. 2018 മുതല്‍ എല്ലാ കാലവര്ഷങ്ങളിലും ക്യാമ്പുകളിലേക്ക് മാറേണ്ടിവന്നവരാണ് വെള്ളരിക്കുണ്ട് താലൂക്കിലെ മുണ്ടമാണി കുറ്റിക്കാനം ഉന്നതിയിലെ 13 കുടുംബങ്ങൾ. കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ ബാധ്യതപ്രദേശത്ത് താമസിക്കുന്ന ഉന്നതിയിലെ ആളുകള്‍ ക്യാമ്പിലേക്ക് മാറാന്‍ വിസമ്മതിച്ചപ്പോള്‍ കലക്ടര്‍ അര്ജുന് പാണ്ഡ്യന് ഉന്നതിയില്‍ നേരിട്ടെത്തി ഉന്നതിനിവാസികളുമായി സംസാരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പ്രത്യേക യോഗം ചേര്‍ന്നത്.
13 കുടുംബങ്ങള്‍ താമസിക്കുന്ന ഉന്നതിയിരിക്കുന്ന സ്ഥലം വാസയോഗ്യമാണോ എന്ന് ഉറപ്പാക്കാന്‍ അടുത്തയാഴ്ചതന്നെ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസര്‍, ജിയോളജിസ്റ്റ്, ഹസാര്‍ഡ് അനലിസ്റ്റ് തുടങ്ങിയവര്‍ സ്ഥലപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് മുണ്ടമാണി കുറ്റിക്കാനം ഉന്നതിയിലെ ജനങ്ങളുടെ പുനരധിവാസത്തിനുള്ള പ്രപ്പോസല്‍ സര്‍ക്കാറിലേക്ക് സമര്‍പ്പിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. കള്ളാര്‍ പഞ്ചായത്തിലെതന്നെ ഓട്ടകണ്ട ഉന്നതിയിലെ 12 കുടുംബങ്ങളും സമാന പ്രശ്നം അനുഭവിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. സ്ഥല പരിശോധനക്ക് എത്തുന്ന വിദഗ്ധസംഘം ഓട്ടകണ്ട ഉന്നതികൂടി സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു.കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രജിത, വൈസ് പ്രസിഡന്റ് എം.എം. സൈമൺ, കള്ളാര്‍ പഞ്ചായത്ത് അംഗം സി. രേഖ, പരപ്പ ടി.ഡി.ഒ ബി.സി. അയ്യപ്പന്, ജില്ല സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസര്‍ വി.വി. പ്രകാശന്, അസിസ്റ്റന്റ് ജിയോളജിസ്റ്റ് കെ.എ. റോഷില, ഹസാര്‍ഡ് അനലിസ്റ്റ് പി.വി. ശിൽപ, ഊര് മൂപ്പന് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

